അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. സിപിഐഎം നേതാവായിരുന്നപ്പോൾ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകിയെന്നാണ് മുൻ എംഎൽഎ എച്ച് സലാമിന്റെ ആരോപണം. എന്നാൽ ആവശ്യം നേതാക്കൾ നിരസിച്ചതായും എച്ച് സലാം ഫേസ്ബുക്കിൽ പറഞ്ഞു. വനിതക്കെതിരെ ഫേസ്ബുക്കിൽ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടെന്നും എച്ച് സലാം ആരോപിച്ചു.
ഡിവൈഎഫ്ഐ നേതാക്കോളോട് ക്രിമിനൽ പ്രവർത്തി ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നതായി എച്ച് സലാം ആരോപിച്ചു. യഥാർത്ഥ പൊളിറ്റിക്കൽ ക്രിമിനൽ ജി സുധാകരനെന്ന് എച്ച് സലാം കുറ്റപ്പെടുത്തി. 2021ലെ തെരഞ്ഞെുടുപ്പ് കണക്കുകൾ പുറത്തുവിടാനും എച്ച് സലാം വെല്ലുവിളിച്ചു. ബി ചന്ദ്രബാബുവിൻ്റെ സ്വത്ത് അന്വേഷിക്കണമെന്ന് പറഞ്ഞ നിങ്ങളുടെ സ്വത്ത് വെളിപ്പെടുത്തൂവെന്ന് എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സി.പി.ഐഎം നേതാക്കളുടെയും സ്വത്ത് എത്രയുണ്ടെന്ന് നവമാധ്യമത്തിലൂടെ പരസ്യപ്പെടുത്താൻ തയാറാണെന്നും എച്ച് സലാം പറഞ്ഞു.
എച്ച് സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വായും കയ്യും പോയ കോടാലിയായി മാറരുത്..
അമ്പലപ്പുഴ MLA ജി.സുധാകരൻ പറയുന്ന എല്ലാ വൃത്തികേടുകൾക്കും നിരന്തരം ഞാൻ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി രാപകൽ അദ്ധ്വാനിക്കുന്നവരെയും പാർട്ടി തീരുമാനപ്രകാരം അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വേണ്ടി പ്രവർത്തിച്ചവരെയുമൊക്കെ അപകീർത്തിപ്പെടുത്തുകയാണ്. ജനപ്രതിനിധികളായ വനിതാ നേതാക്കളെ മുൻപ് ആക്ഷേപിച്ചു. സ.സജി ചെറിയാൻ, സ.C.S.സുജാത, സ. സി.ബി.ചന്ദ്രബാബു തുടങ്ങിയ നേതാക്കളെ നിരന്തരം വ്യക്തിഅധിക്ഷേപം നടത്തുന്നു. ഗ്രന്ഥശാലകളുടെ യോഗങ്ങളിൽ പോയി സ.അലിയാർ മാക്കിയിലിനെ ആക്ഷേപിച്ചു. ഇപ്പോൾ അഡ്വ. അനസലിയെ അധിക്ഷേപിച്ചു. ഈ വൃത്തികേട് തുടരുന്നത് കൊണ്ട് വീണ്ടും ചിലത് പറയേണ്ടി വരികയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിരിവിനോട് ഇപ്പോൾ ജി.സുധാകരന് പുച്ഛമാണ്.. ഓ… ഇദ്ദേഹം പാർട്ടി നേതാവായി ഇരിക്കുമ്പോൾ ജനങ്ങളിൽ നിന്ന് പണം പിരിക്കാതെ സ്വന്തം കുടുംബത്തിൽ നിന്ന് കൊണ്ടുവന്ന പണം ഉപയോഗിച്ചായിരുന്നല്ലോ പ്രവർത്തിച്ചിരുന്നത്.
വീട്ടിൽ ഭക്ഷണം ഇല്ലെങ്കിലും സാധാരണ തൊഴിലാളികളായ ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഓരോ വീടുകളിലും പോയി പണം പിരിച്ച് അതിൽ നിന്നും ഒരു നരങ്ങാവെള്ളം പോലും കുടിക്കാതെ കൃത്യമായി പാർട്ടിയെ ഏൽപ്പിക്കുന്ന ഫണ്ടിൽ നിന്നാണ് പതിറ്റാണ്ടുകൾ താങ്കൾ യാത്ര ചെയ്തതും ഭക്ഷണം കഴിച്ചതും. ഏറ്റവും അവസാനം കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആരിഫിനെ ജയിപ്പിക്കാൻ എന്ന് പറഞ്ഞ് (രഹസ്യമായി ആരെ ജയിപ്പിക്കാൻ നിന്നു എന്നത് അറിയുമല്ലോ) ചിലസ്ഥലത്ത് പ്രസംഗിക്കാൻ പോയതിൻ്റെ കണക്ക് എഴുതി ഒരു കുറിപ്പ് കൊടുത്തയച്ച് ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും നിങ്ങൾ ആയിരങ്ങൾ (തുക പറയുന്നില്ല ) T A വാങ്ങിക്കൊണ്ടു പോയതും സാധാരണ സഖാക്കൾ ജനങ്ങളിൽ നിന്ന് പിരിച്ച പണമാണ്.
തെരഞ്ഞെടുപ്പിൽ കയ്യും കണക്കുമില്ലാതെ താങ്കൾ ലക്ഷങ്ങൾ പിരിച്ചുകൂട്ടിയപ്പോൾ പിരിവിനോട് ഈ പുച്ഛം ഇല്ലായിരുന്നോ ? വീണ്ടും പാർട്ടിയെയും പാർട്ടി സഖാക്കളെയും വ്യക്തിഹത്യ നടത്തി മോശപ്പെടുത്താൻ ഇറങ്ങിയത് സി.പി.ഐ(എം) സഖാക്കളെ പ്രകോപിപ്പിക്കാനും മാധ്യമശ്രദ്ധക്കും UDF ന്റെ തൃപ്തിക്കുമാണെന്ന് അറിയാം.. പക്ഷെ അത് പറഞ്ഞ് തള്ളിക്കളയുവാൻ ആവില്ല , അതുകൊണ്ട് ചില ചോദ്യങ്ങൾ ജി.സുധാകരൻ MLA യോട് ചോദിക്കുന്നു. “അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി ” എന്ന് ഉത്തരം പറയരുത്. ഈ ചോദ്യങ്ങൾക്കെങ്കിലും ശരിയായി ഉത്തരം പറയുമെന്ന് കരുതുന്നു..








