കടുവ സംരക്ഷണത്തിന് എഐ കരുത്ത്;

0
4

ന്യൂഡൽഹി: കാടിനുള്ളിൽ കടുവയുടെ സാന്നിധ്യം തിരിച്ചറിയാൻ കാൽപാടുകൾ തേടി കിലോമീറ്ററുകളോളം നടന്നിരുന്ന കാലം പഴങ്കഥയാകുന്നു. നിർമിത ബുദ്ധിയും കാമറ ട്രാപ്പുകളും ജിപിഎസ് സംവിധാനങ്ങളും ഇപ്പോൾ കടുവ സംരക്ഷണത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുകയാണ്. കടുവകളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും അപകടസാധ്യതകൾ മുൻകൂട്ടി അറിഞ്ഞ് വനപാലകർക്ക് മുന്നറിയിപ്പ് നൽകാനും കഴിയുന്ന തരത്തിലേക്ക് ആധുനിക സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു.

മുൻകാലങ്ങളിൽ കടുവ കടന്നുപോയോ, ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്, ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ അറിയാൻ വനപാലകർ കാട്ടിനുള്ളിലൂടെ കാൽനടയായി സഞ്ചരിക്കേണ്ടിയിരുന്നു. കാൽപാടുകൾ, കാഷ്ഠം, മറ്റ് അടയാളങ്ങൾ എന്നിവ പരിശോധിച്ചാണ് കടുവയുടെ സഞ്ചാരപാത നിർണയിച്ചിരുന്നത്. എന്നാൽ ഈ രീതിക്ക് നിരവധി വെല്ലുവിളികളുണ്ടായിരുന്നു.

മഴ പെയ്താൽ കാൽപാടുകൾ മാഞ്ഞുപോകാനും മണ്ണിൻ്റെ സ്വഭാവം അനുസരിച്ച് അടയാളങ്ങൾ അവ്യക്തമാകാനും സാധ്യത ഏറെയായിരുന്നു. ഇതിനുപുറമെ ഫീൽഡ് രജിസ്റ്ററുകളിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരുടെ കൈകളിൽ എത്താൻ ദിവസങ്ങളോളം എടുത്തിരുന്നു. ഇത്തരം പ്രതിബന്ധങ്ങളെല്ലാം മറികടന്ന് വന്യജീവികളെ ഉടനടി നിരീക്ഷിക്കാൻ ആധുനിക സാങ്കേതികവിദ്യ ഇപ്പോൾ സഹായിക്കുന്നു. ജിപിഎസ്, കാമറ ട്രാപ്പുകൾ, നിർമിത ബുദ്ധി അഥവാ എഐ തുടങ്ങിയ ഉപകരണങ്ങൾ വനസംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

30 സെക്കൻഡിനുള്ളിൽ വിവരം
പണ്ട് കാൽപാടുകൾ പിന്തുടർന്നാണ് കടുവകളുടെ നീക്കം കണ്ടെത്തിയിരുന്നതെങ്കിൽ, ഇന്ന് എഐ അധിഷ്ഠിത കാമറകൾ കടുവയുടെ സാന്നിധ്യം തത്സമയം തിരിച്ചറിയുന്നു. ഇതിലൂടെ മുൻകരുതൽ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ സാധിക്കും.

കടുവകൾ, മനുഷ്യർ, വാഹനങ്ങൾ എന്നിവയെ കൃത്യമായി വേർതിരിച്ചറിയാനും ആവശ്യമായ വിവരങ്ങൾ വനപാലകർക്ക് കൈമാറാനും ഈ കാമറകൾക്ക് ശേഷിയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ കടുവയെ കണ്ടെത്തി ഏകദേശം 30 സെക്കൻഡിനുള്ളിൽ തന്നെ വനപാലകരുടെ സ്മാർട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിക്കാൻ സാധിച്ചു. കടുവകൾ ഗ്രാമങ്ങൾക്ക് സമീപം എത്തുമ്പോൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും, ആവശ്യമായ ഇടങ്ങളിൽ പട്രോളിങ് ശക്തമാക്കാനും, ദ്രുതകർമ സേനയെ വിന്യസിക്കാനും ഇത്തരം സംവിധാനങ്ങൾ നിർണായക പങ്ക് വഹിക്കും.

പട്രോളിങ് രീതികളിലെ മാറ്റങ്ങൾ
ആധുനിക സാങ്കേതികവിദ്യയുടെ വരവ് വനപാലകരുടെ പട്രോളിങ് രീതികളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. കടുവകളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി എം സ്ട്രൈപ്സ് എന്ന മൊബൈൽ ആപ്പാണ് നിലവിൽ ഉപയോഗിക്കുന്നത്. ജിപിഎസ് സഹായത്തോടെ പട്രോളിങ് പാതകൾ ഇതിൽ രേഖപ്പെടുത്തുന്നു. വന്യജീവികളുടെ സഞ്ചാരം, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സൂചനകൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ കൃത്യമായ ഭൂമിശാസ്ത്രപരമായ കോ ഓർഡിനേറ്റുകൾ സഹിതം ഈ ആപ്പിൽ രേഖപ്പെടുത്താൻ കഴിയും.

കടുവകളുടെയും മറ്റ് വന്യജീവികളുടെയും നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ കാമറ ട്രാപ്പുകൾ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്. 2018ലെ അഖിലേന്ത്യ കടുവ കണക്കെടുപ്പിൽ 26,838 സ്ഥലങ്ങളിലാണ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചത്. ഇതിലൂടെ വന്യജീവികളുടെ 3.4 കോടിയിലധികം ചിത്രങ്ങൾ പകർത്താൻ സാധിച്ചു. കടുവ സങ്കേതങ്ങൾക്കുള്ളിലെ അനധികൃത മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഈ കാമറകൾ സഹായിക്കുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തിലുള്ള നിരീക്ഷണം
മധ്യപ്രദേശിലെ പെഞ്ച് കടുവ സങ്കേതത്തിൽ വന്യജീവികളുടെ ശബ്‌ദങ്ങൾ വിശകലനം ചെയ്യുന്ന എഐ അധിഷ്ഠിത ബയോ അക്കൗസ്റ്റിക്സ് സംവിധാനം നിലവിൽ പരീക്ഷിച്ചുവരികയാണ്. അപകടം മണക്കുമ്പോൾ മാനുകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ പുറപ്പെടുവിക്കുന്ന അപായ ശബ്‌ദങ്ങൾ ഈ സംവിധാനം തിരിച്ചറിയുന്നു. ഈ ശബ്‌ദങ്ങളുടെ അടിസ്ഥാനത്തിൽ കടുവയുടെ നീക്കം അനുമാനിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സമീപ ഗ്രാമങ്ങളിലെ താമസക്കാർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നു.

കർണാടകയിലെ നാഗർഹോളെ മേഖലയിൽ ഗരുഡ എന്ന സംവിധാനത്തിലൂടെ എഐ കാമറകൾ, ജിഎസ്എം അധിഷ്ഠിത കാമറ ട്രാപ്പുകൾ, തത്സമയ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. തെലങ്കാനയിൽ കടുവകളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി ഹൈദരാബാദിലെ ആരണ്യ ഭവനിൽ പ്രത്യേക ടൈഗർ പ്രൊട്ടക്ഷൻ ആൻഡ് മോണിറ്ററിങ് സെൽ സ്ഥാപിച്ചിട്ടുണ്ട്.

അമ്രാബാദ്, കവാൽ കടുവ സങ്കേതങ്ങളിലും മറ്റ് വനമേഖലകളിലും പ്രാദേശിക കേന്ദ്രങ്ങൾ സജ്ജമാക്കുകയും ഇവയെ ഹൈദരാബാദിലെ പ്രധാന കേന്ദ്രവുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കടുവകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നതിനാണ് ഈ സംവിധാനത്തിലൂടെ പ്രത്യേക ഊന്നൽ നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here