ജോലി, കുടുംബം തുടങ്ങി നിരന്തരമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തിന് സമയം കണ്ടെത്താത്തവരാണ് മിക്ക സ്ത്രീകളും. പൂർണമായി തളരുമ്പോൾ മാത്രമാണ് പലരും ചികിത്സ തേടുന്നതെന്നും എന്നാൽ ഈ അവസ്ഥയിലെത്തുന്നതിന് മുമ്പ് തന്നെ പരിചരണം തുടങ്ങേണ്ടതുണ്ടെന്നും റിതാര വെൽനസ് സ്ഥാപകയും ശിശുരോഗവിദഗ്‌ധയുമായ ഡോ. അഞ്ജലി വ്യാസ് വ്യക്തമാക്കി. കൗമാരം മുതൽ വാർധക്യം വരെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൃത്യമായ പരിചരണം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
യൗവനം മുതൽ മാതൃത്വം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്ത്രീകളുടെ ശരീരത്തിലും മനസ്സിലും നിരന്തര മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഈ യാത്രയെ ബുദ്ധിമുട്ടുകൾ ഇല്ലാതെ പിന്തുണയ്ക്കുന്നതിനായി നിരവധി ചികിത്സകളാണ് നിലവിലുള്ളത്. ശാരീരിക വേദനകൾ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഇത്തരം ചികിത്സകൾ സ്ത്രീകളുടെ ജീവിതത്തിൽ നിർണായകമാണ്.
ജലചികിത്സ
ശാരീരിക വേദനകൾ, സന്ധിവാതം, പേശിവേദന എന്നിവ കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിച്ച് നടത്തുന്ന ചികിത്സാരീതിയാണ് ജലചികിത്സ അഥവാ ഹൈഡ്രോതെറാപ്പി. വെള്ളത്തിൻ്റെ മർദവും താപനിലയും പ്രയോജനപ്പെടുത്തി നീന്തൽക്കുളങ്ങളിലോ ടബ്ബുകളിലോ പൊങ്ങിക്കിടക്കുന്നതാണ് രീതി. ഇതുവഴി സന്ധികളിലെയും പേശികളിലെയും ആയാസം കുറയുകയും ശരീരം ആഴത്തിലുള്ള വിശ്രമത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ക്ഷീണം, ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ, പ്രസവാനന്തര മാറ്റങ്ങൾ എന്നിവ നേരിടുന്ന സ്ത്രീകൾക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. വളരെക്കാലമായി അനുഭവിച്ചിരുന്ന ഭാരം ഇറക്കിവയ്ക്കാൻ കഴിഞ്ഞതുപോലെ അവർക്ക് അനുഭവപ്പെടും.
സെൻസറി ഹീലിങ്
ശാന്തമായ കാഴ്ചകൾ, ശബ്ദം, പ്രത്യേക വിദ്യകൾ എന്നിവയിലൂടെ ശരീരത്തെ സൗമ്യമായി വിശ്രമത്തിലേക്ക് നയിക്കുന്നതിനായി രൂപകൽപന ചെയ്ത ചികിത്സയാണിത്. കാഴ്‌ച, കേൾവി, സ്‌പർശനം, മണം, രുചി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിന് ലഭിക്കുന്ന സന്ദേശങ്ങളെ ക്രമീകരിക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും സുരക്ഷിതമായ ചുറ്റുപാടിൽ ശാന്തത നൽകാൻ ഇതിലൂടെ സാധിക്കുന്നു. യഥാർഥ ശാന്തത അനുഭവിക്കുന്നത് വരെ തങ്ങൾ എത്രത്തോളം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് പല സ്ത്രീകൾക്കും മനസ്സിലാകുന്നില്ലെന്നും ഈ മാറ്റം ചെറുതാണെങ്കിലും വലിയ സ്വാധീനം ചെലുത്തുമെന്നും ഡോ. വ്യാസ് വിശദീകരിച്ചു.
പെൽവിക് ഫ്ലോർ തെറാപ്പി
സ്ത്രീകളുടെ ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പെൽവിക് ഫ്ലോർ പേശികൾ. പ്രസവശേഷം അല്ലെങ്കിൽ ആർത്തവവിരാമ സമയത്ത് ഈ ഭാഗം പലപ്പോഴും ദുർബലമാകാറുണ്ട്. ഇത് സ്ത്രീകളുടെ ശാരീരിക സ്ഥിരതയെയും കരുത്തിനെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത ചികിത്സകളിലൂടെ പേശികളുടെ കരുത്ത് വീണ്ടെടുക്കാനും ശരീരത്തിൻ്റെ സ്ഥിരത വർധിപ്പിക്കാനും സാധിക്കും. ശാരീരിക ഗുണങ്ങൾക്ക് പുറമെ സ്ത്രീകൾക്ക് വലിയൊരു ശാക്തീകരണബോധം നൽകാനും ഈ ചികിത്സ സഹായിക്കുന്നു.
ഇൻഫ്രാറെഡ് ചികിത്സകൾ
പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള ഇൻഫ്രാറെഡ് തെറാപ്പി പേശികളിലേക്കും കോശങ്ങളിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. കഠിനമായ ചികിത്സകൾക്ക് പകരം മൃദുവായതും വേഗത്തിലുള്ളതുമായ രോഗശാന്തി നൽകാൻ ഇതിലൂടെ സാധിക്കും. ശരീരവേദന, ക്ഷീണം, ഹോർമോൺ പ്രശ്‌നങ്ങൾ എന്നിവയുള്ള സ്ത്രീകൾക്ക് ഈ ചികിത്സ ഏറെ ഫലപ്രദമാണ്.
മാനസിക പിന്തുണ
വന്ധ്യതാ പ്രശ്‌നങ്ങൾ, പ്രസവാനന്തര ബുദ്ധിമുട്ടുകൾ, ആർത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് വ്യത്യസ്ത വൈകാരിക പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ മികച്ച മാനസിക പിന്തുണ നൽകുന്നതിലൂടെ സ്ത്രീകൾക്ക് അവരുടെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കാൻ സാധിക്കുന്നു. രോഗനിർണയത്തിനുള്ളതല്ല ഈ സെഷനുകളെന്നും മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ കേൾക്കാനും മനസ്സിലാക്കാനും പിന്തുണയ്ക്കാനുമുള്ളതാണെന്നും അവർ വ്യക്തമാക്കി. ചികിത്സകൾ നൽകുന്ന ഫലങ്ങൾക്കൊപ്പം അവ സ്ത്രീകൾക്ക് നൽകുന്ന മാനസികാശ്വാസവും വളരെ വലുതാണ്.








