നഴ്സിങ് പ്രവേശനം: അവസാന തീയതി നീട്ടി; നവംബർ 30 വരെ അപേക്ഷിക്കാം

0
10

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നഴ്‌സിങ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി കേരള സർക്കാർ. 2026-27 അധ്യയന വർഷത്തെ പ്രവേശന തീയതി നീട്ടിയ വിവരം അറിയിച്ചുകൊണ്ട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

പുതുക്കിയ ഉത്തരവ് പ്രകാരം പ്രവേശന നടപടികൾ 2026 നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. വിവിധ കോഴ്‌സുകളുടെ ക്ലാസുകൾ 2026 ഡിസംബർ 2 ന് ആരംഭിക്കാനും തീരുമാനമായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ നവംബർ 12 ന് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിൻ്റെ അതിവേഗത്തിലുള്ള ഈ നടപടി.

എൻഎൻഎം, ജിഎൻഎം, ബിഎസ്‌സി നേഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നേഴ്‌സിങ്, എംഎസി നേഴ്‌സിങ്, പോസ്‌റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നേഴ്‌സിങ് തുടങ്ങിയ പ്രധാന കോഴ്‌സുകളുടെ പ്രവേശന തീയതിയാണ് നീട്ടിയിരിക്കുന്നത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ചിത്ര കെ ദിവാകരനാണ് ഗവർണറുടെ ഉത്തരവ് പ്രകാരം ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

അവസാന തീയതിക്ക് മുൻപായി വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മാർഗനിർദേശങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

ആരോഗ്യമേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ തൊഴിലവസരങ്ങൾ തുറന്നുതരുന്ന ഒന്നാണ് കേരളത്തിലെ നഴ്‌സിങ് പഠനം. ബിഎസ്‌സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി തുടങ്ങിയ ഡിപ്ലോമ-ബിരുദ കോഴ്‌സുകൾക്ക് പുറമേ പോസ്‌റ്റ് ബേസിക് ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ് തുടങ്ങിയ ഉപരിപഠന കോഴ്‌സുകളും സംസ്ഥാനത്തുണ്ട്.

ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൻ്റെയും (ഐഎൻസി) കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൻ്റെയും അംഗീകാരത്തോടെ സർക്കാർ, സ്വാശ്രയ മേഖലകളിലായി നിരവധി കോളജുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മികച്ച ക്ലിനിക്കൽ പരിശീലനവും നിലവാരമുള്ള പാഠ്യപദ്ധതിയും ഉള്ളതിനാൽ കേരളത്തിൽ നിന്ന് നഴ്‌സിങ് പഠനം പൂർത്തിയാക്കുന്നവർക്ക് രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും മികച്ച തൊഴിൽ സാധ്യതകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here