മാനവീയം വീഥിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. മാനവീയം വീഥിയിൽ നവംബർ 14-ന് പരിപാടി അവരിപ്പിക്കാൻ വേണ്ടി ആരും അപേക്ഷ നൽകിയിട്ടില്ലെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിവി രാജേഷ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി.വി. രാജേഷിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നഗരസഭയിലെത്തിയ പ്രവർത്തകർ സെക്രട്ടറി ഓഫീസിന് മുന്നിൽ ഉപരോധം നടത്തി.
മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിപാടി നടത്താൻ അനുമതി തേടി സാംസ്കാരിക പ്രവർത്തകർ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറി മേയർക്ക് സമർപ്പിച്ച ശുപാർശ വി.വി. രാജേഷ് തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്കാരിക കലാകാരന്മാർ രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസങ്ങളിൽ തിരു:മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ചില പ്രതിക്ഷേധങ്ങളും,വാർത്തകളും വരുന്നുണ്ട്.അടിസ്ഥാന രഹിതമായ കാര്യങ്ങളിൽ പ്രതികരിയ്ക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങളിൽ എല്ലാ ദിവസവും പ്രതികരിയ്ക്കാത്തത്. എന്നാൽ തെറ്റിദ്ധാരണ പരത്തുവാൻ ചിലർ നടത്തുന്ന നീക്കങ്ങൾ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു കലാകാരൻ്റെയും പരിപാടി അവരിപ്പിയ്ക്കുവാനായി മാനവീയം വീഥിയിലേയ്ക്ക് നവം:14 ന് ആരും അപേക്ഷ നല്കിയിട്ടുമില്ല അത് നിരസ്സിച്ചിട്ടുമില്ല.
പാട്ടുപാടാനോ,മറ്റ് കലാപരിപാടികൾക്കോ ആവശ്യപെടുന്നതൊക്കെ നിശ്ചിത ഫീസ് ഈടാക്കി അനുവദിയ്ക്കുന്നതാണ് രീതി.എന്നാൽ നവം:14 ന് മാനവീയം വീഥിയുടെ രജതജൂബിലി അഘോഷ സമിതിയെന്ന പേരിൽ ഒരു അപേക്ഷ കോർപ്പറേഷനിൽ online ആയി ലഭിച്ചു..എന്നാൽ അത്തരത്തിൽ ഒരു വ്യക്തിയെ കൺവീനറാക്കി ഒരു രജതജൂബിലി സമിതി രൂപീകരിച്ചതായോ,കൗൺസിൽ പ്രമേയം പാസ്സാക്കി അംഗീകരിച്ചതായോ ഉള്ള ഒരു രേഖയും കോർപ്പറേഷനിലില്ല.






