തമിഴ്‌നാട്ടിൽ മന്ത്രിസഭ രൂപീകരിക്കാൻ വിജയ്; പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

0
28

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഗവർണർക്ക് കത്ത് നൽകി. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കറിനാണ് അദ്ദേഹം രേഖാമൂലം കത്ത് നൽകിയത്. നിയമസഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് വിജയ് ഗവർണറോട് ആവശ്യപ്പെട്ടു.

ഇതിനായി രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്നും ടിവികെ അഭ്യർഥിച്ചിട്ടുണ്ട്. 234 അംഗ നിയമസഭയിൽ കോൺഗ്രസ് പിന്തുണയോടെ ഭരണം പിടിക്കാനാണ് പാർട്ടിയുടെ നീക്കം. കോൺഗ്രസ് ഇതിനോടകം ടിവികെയ്ക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസ് ഉപാധികൾ
സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണ് നിലവിൽ ടിവികെയ്ക്ക് ഉള്ളത്. ഭരണത്തിന് 118 സീറ്റുകൾ ആവശ്യമുള്ളപ്പോൾ 108 സീറ്റുകളാണ് ടിവികെ നേടിയത്. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചത്.

പിന്തുണ നൽകുന്നതിന് പകരം രണ്ട് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് നേതൃത്വം പ്രധാനമായും ആവശ്യപ്പെട്ടത്. കൂടാതെ ഒട്ടേറെ സുപ്രധാന ബോർഡ്, കോർപറേഷൻ പദവികളും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ സെൽവപ്പെരുന്തഗൈയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നത്.

ടിവികെയ്ക്ക് പിന്തുണ നൽകുന്ന വിഷയം കോൺഗ്രസ് ഹൈക്കമാൻഡ് തമിഴ്നാട് ഘടകത്തിന് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അടിയന്തര യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ന്യൂഡൽഹിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു.

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ യോഗം നടന്നത്. തുടർന്നാണ് സംസ്ഥാന ഘടകത്തിന് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് അനുമതി നൽകിയത്. സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് നേരത്തെ കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു. ബിജെപിയെയോ അവരുടെ ബി ടീമുകളെയോ തമിഴ്നാട് ഭരിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

മറ്റ് പാർട്ടികളുടെ നിലപാട്
കോൺഗ്രസിന് പുറമെ പിഎംകെ, സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികളുമായും ടിവികെ നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ രാഷ്ട്രീയ നിലപാട് കൃത്യമായി വ്യക്തമാക്കിയ ശേഷം മാത്രമേ ടിവികെയ്ക്ക് പിന്തുണ നൽകുകയുള്ളൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം അറിയിച്ചു.

1967 മുതൽ തമിഴ്നാട് മാറിമാറി ഭരിച്ചിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ തികച്ചും അപ്രസക്തമാക്കിയാണ് സംസ്ഥാനത്ത് ടിവികെയുടെ മുന്നേറ്റം. അതേസമയം ഒരു പാർട്ടിക്കും അവകാശപ്പെടാൻ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും സർക്കാർ രൂപീകരിക്കാൻ ഗവർണർ ടിവികെയെ ക്ഷണിക്കുക.

സീറ്റ് രാജിവയ്ക്കും
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയ് രണ്ട് സീറ്റുകളിലാണ് മത്സരിച്ച് വിജയിച്ചത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നുമാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്. ഇതിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം വിജയ് ഉടൻ രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.

പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് അദ്ദേഹത്തിൻ്റെ തീരുമാനം. ഇതോടെ നിയമസഭയിലെ ടിവികെയുടെ അംഗബലം 107 ആയി ചുരുങ്ങും. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ 11 എംഎൽഎമാരുടെ അധിക പിന്തുണ കൂടി ടിവികെയ്ക്ക് ഇനി ആവശ്യമായി വരും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനയൂരിലെ വിജയ്‌യുടെ വസതിക്ക് പുറത്ത് പൊലീസ് വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വിജയ്ക്ക് സ്വന്തമായി കേവല ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ സുമന്ത് രാമൻ ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് അദ്ദേഹത്തെ ക്ഷണിക്കാവുന്നതാണ്. തുടർന്ന് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടുമ്പോൾ വിജയ്ക്ക് എതിരായി വോട്ട് ചെയ്യാൻ ഡിഎംകെയെയും എഐഎഡിഎംകെയെയും ഒന്നിച്ച് വെല്ലുവിളിക്കാനാകുമെന്നും സുമന്ത് രാമൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here