തിരുവനന്തപുരം: ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം ഉദ്ഘാടനം നവംബർ 13 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് ചടങ്ങ്. ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പമുള്ള കെഎസ്ആർടിസി ബുക്കിംഗ് കൗണ്ടർ ഗതാഗത മന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്യും.
ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം സുഗമവും ഭക്തജന സൗഹൃദപൂർണ്ണമാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുകയെന്ന് ദേവസ്വം അറിയിച്ചു. ഭക്തർക്ക് വിവിധ സഹായങ്ങൾ നൽകുന്നതിനും, സംശയനിവാരണങ്ങൾ നടത്തുന്നതിനും ഇവിടെയെത്താം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫെസ്റ്റിവെൽ കൺട്രോൾ റൂമാണ് തുറക്കുന്നത്. നവംബർ 17നാണ് മണ്ഡലകാല ആരംഭം.
സേവനങ്ങൾ
ശബരിമല വെർച്ച്വൽ ക്യൂ ബുക്കിംഗ് , കെ എസ് ആർ ടി സി ബസ്സ് ബുക്കിംഗ് , ശബരിമലയിലെ വഴിപാടുകളുടെ ബുക്കിംഗ് , അപ്പം , അരവണ , നെയ്യഭിഷേകം എന്നിവയുടെ ടിക്കറ്റുകൾ ഇവിടെ ലഭ്യമാകും. കൂടാതെ കെ എസ് ആർ ടി സി യുടെ പമ്പയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗും നടത്താൻ കഴിയും.
ചടങ്ങിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് , റവന്യൂ – ദേവസ്വം സെക്രട്ടറി ഡോ. എം ജി രാജമാണിക്യം എന്നിവർ ചടങ്ങിൽ മുഖ്യ അതിഥിക ളായി പങ്കെടുക്കും. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്ക് അപ്പോളോ ഗ്രൂപ്പ് ഏർപ്പെടുത്തുന്ന ആംബുലൻസ് സംവിധാനം സംസ്ഥാന പോലീസ് ഉപമേധാവി പി. വിജയൻ ഐ പി എസ് താക്കോൽ സ്വീകരിച്ച് ആരംഭിക്കും.
മണ്ഡല മഹോത്സവം തുടങ്ങുന്നതിന്റെ ഭാഗമായി വലിയ ഒരുക്കങ്ങളാണ് ശബരിമലയിൽ നടക്കുന്നത്. 10,000 ലിറ്റര്‍ നെയ്യ് കഴിഞ്ഞ ദിവസം പമ്പയിലെത്തിച്ചു. മിൽമയാണ് നെയ്യ് വിതരണം ചെയ്യുന്നത്. ലിറ്ററിന് 660 രൂപ നിരക്കിലാണു നെയ്യ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ലീറ്ററിന് 510 രൂപയ്ക്കാണു നെയ്യ് നൽകിയിരുന്നത്. ഹോൾസെയിൽ വിലയ്ക്കാണ് മിൽമ ശബരിമലയിൽ നെയ്യ് നൽകുന്നത്.








