കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴും സിപിഐഎമ്മില്‍ നിന്ന് രാജിവച്ച കണ്ണൂരിലെ രണ്ട് എംഎല്‍എമാരോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തളിപ്പറമ്പ്, പയ്യന്നൂര്‍ എംഎല്‍എമാരായ ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടുമാണ് അവഗണന.
സിപിഐഎം വിട്ട് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വര്‍ഗവഞ്ചകരെന്നായിരുന്നു പാര്‍ട്ടി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇരുവര്‍ക്കും സിപിഐഎം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലുള്ള വിലക്ക് തുടരുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ മാത്രം പങ്കെടുക്കുന്നുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പരിപാടികളില്‍ ഇരുവരെയും ക്ഷണിക്കുന്നില്ലെന്നാണ് ആരോപണം.
പയ്യന്നൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ ഇടപെട്ട് അഞ്ചുകോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചതിലും തര്‍ക്കമുണ്ടായിരുന്നു. എംഎല്‍എയുടെ ഫണ്ട് വേണ്ടെന്ന് സിപിഐഎം ഭരിക്കുന്ന നഗരസഭ നിലപാടെടുത്തുവെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ വികസനകാര്യത്തില്‍ എംഎല്‍എയുമായി സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും കുഞ്ഞികൃഷ്ണന്‍ നുണപ്രചാരണം നടത്തുകയാണെന്നും സിപിഎം പ്രതികരിച്ചു.
ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും കാലങ്ങളായി താമസിക്കുന്ന അവരുടെ തദ്ദേശ സ്ഥാപനങ്ങള്‍പോലും ഒരു പരിപാടിക്കും ക്ഷണിക്കാത്തത് സിപിഐഎം നേതൃത്വത്തിന്റെ കണ്ണുരുട്ടല്‍ ഭയന്നെന്നാണ് ആക്ഷേപം. യുഡിഎഫിന്റെ മറ്റ് എംഎല്‍എമാര്‍ ഇടതുഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നിരിക്കെയാണ് രണ്ടു മണ്ഡലങ്ങളില്‍ മാത്രം അകറ്റിനിര്‍ത്തല്‍ തുടരുന്നത് എന്നതും ശ്രദ്ധേയമാണ്.









