കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. നാളുകൾക്ക് മുമ്പ് ശരാശരി 6 രൂപയായിരുന്ന ഒരു കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 8 രൂപയും മൊത്ത വിപണിയിൽ ഏഴര രൂപയുമാണ് വില. എന്നാൽ ചിലയിടങ്ങളിൽ കൊള്ളലാഭക്കാൻ 9.50 രൂപ വരെ ഇടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മുട്ടയുടെ വരവ് ഗണ്യമായി കുറഞ്ഞെന്നും തീറ്റ വില കൂടിയതും കാലാവസ്ഥ വ്യതിയാനവുമാണ് വിലവർധനവിനെ ബാധിച്ചതെന്നാണ് തമിഴ്നാട്ടിൽ നിന്ന് ലഭിച്ച വിവരമെന്ന് ചില്ലറ കച്ചവടക്കാരനായ മനാഫ് ഇ ടിവി ഭാരതിനോട് പറഞ്ഞു.
ഏഴര മുതൽ 8 രൂപയ്ക്ക് വരെ ഒരു മുട്ട വിൽക്കേണ്ട അവസ്ഥയാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിലടക്കം കൊള്ള ലാഭം കൊയ്യുന്നവർ ഉണ്ടെന്നും വ്യാപാരികൾ പറയുന്നു. ക്രിസ്മസ്- പുതുവർഷത്തിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുട്ടവില ക്രമാതീതമായി ഉയരുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി കേക്ക് നിർമ്മാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും പെട്രോളിൽ ചേർക്കുന്ന എഥനോളിന് ചോളം ഉപയോഗിക്കുന്നതിനാൽ കോഴിത്തീറ്റ വില കൂടിയതും മുട്ട വില വർധനയ്ക്ക് കാരണമായി. ചോളം ലഭ്യത കുറഞ്ഞതോടെ 1800 – 2000 രൂപയുണ്ടായിരുന്ന കോഴിത്തീറ്റക്ക് ഇപ്പോൾ 2800 രൂപയായി.
കർഷകർ പ്രതിസന്ധിയിൽ
ഫാമുകളിലെ പരിപാലനച്ചെലവും വർധിച്ചതോടെ ഉത്പാദനച്ചെലവ് താങ്ങാനാവാതെ ചെറുകിട കർഷകർ പ്രതിസന്ധിയിലായി. ചുരുക്കത്തിൽ, അന്താരാഷ്ട്ര- ദേശീയ തലത്തിലുള്ള അസംസ്കൃത വസ്തുക്കളുടെ വിലമാറ്റവും സീസൺ ഡിമാൻഡും ഒപ്പം ഇടനിലക്കാരുടെ ഇടപെടലുകളും ചേർന്നാണ് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുന്ന രീതിയിൽ മുട്ടവില ഇത്രയധികം ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കുതിപ്പിൽ ചെറിയുള്ളിയും
ചില്ലറവിൽപനശാലകളിൽ ചെറിയുള്ളി വില കിലോഗ്രാമിന് 160 രൂപയായാണ്. തമിഴ്നാട്ടിൽ നിന്നാണ് ചെറിയുള്ളി പ്രധാനമായും കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും ഉള്ളിവിളവ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് പകുതിയിലധികം കുറഞ്ഞത് വിലക്കയറ്റത്തിന് ഇടയാക്കി. വിളവെടുപ്പിനുശേഷമുള്ള തൂക്കക്കുറവും വിപണിയെ ബാധിച്ചു. വിളവെടുക്കുമ്പോൾ നല്ല ഈർപ്പവും തൂക്കവുമുണ്ടാകുന്ന ചെറിയുള്ളി, കനത്തചൂടിൽ രണ്ടുമൂന്ന് ദിവസത്തിന് ശേഷം കടയിലെത്തിക്കുമ്പോഴേക്കും ഉണങ്ങി ഭാരം കുറയും.
ഉണങ്ങിയാൽ പലപ്പോഴും കിലോ ഭാരം 600–700 ഗ്രാമായി ചുരുങ്ങും. ഇത് നഷ്ടം വരുത്തുന്നതോടെ കർഷകർ ഇവ ഉണക്കി സൂക്ഷിച്ചാണ് വിപണിയിലെത്തിക്കുന്നത്. ഇത്തരത്തിൽ തമിഴ്നാട്ടിൽ മൊത്തവിൽപനയിൽ കിലോഗ്രാമിന് 60–70 രൂപ വിലയുള്ള ചെറിയുള്ളി കേരളത്തിലേക്കെത്തുമ്പോൾ തൂക്കനഷ്ടവും കയറ്റിറക്കുകൂലിയും കടത്തുചെലവും ഇടനിലക്കാരുമൊക്കെയായി ഇരട്ടിയിലധികമാകുന്നു എന്ന് കാലിക്കറ്റ് ട്രേഡേഴ്സിലെ അബ്ദുല്ല ഹാജി പറയുന്നു.
ഇതിനൊപ്പം നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിക്കുന്നതും സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. സംസ്ഥാന സർക്കാർ വിപണി ഇടപെടൽ നടത്തിയില്ലെങ്കിൽ കുടുംബ ബജറ്റ് താളം തെറ്റുമെന്നാണ് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നത്.









