ദക്ഷിണേന്ത്യൻ വിപണിയില്‍ റെക്കോർഡ് നേട്ടം! ‘രാമായണ’ ബോക്‌സ് ഓഫിസില്‍ കുതിക്കുന്നു;

0
8

നമിത് മൽഹോത്രയുടെ നിർമാണത്തിൽ നിതേഷ് തിവാരി സംവിധാനം ചെയ്‌ത ‘രാമായണ’ ബോക്‌സ് ഓഫീസിൽ റെക്കോർഡ് നേട്ടം തുടരുകയാണ്. രണ്‍ബീര്‍ കപൂര്‍ രാമനായും സായ് പല്ലവി സീതയായും യഷ് രാവണായും എത്തിയ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലോകമെമ്പാടുമായി ലഭിക്കുന്നത്.

ചിത്രത്തിന്‍റെ അവതരണം കൊണ്ടും ദൃശ്യഭംഗികൊണ്ടും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ റിലീസ് ചെയ്‌ത് ആദ്യവാരം പിന്നിടുമ്പോഴും മികച്ച മുന്നേറ്റമാണ് ആഗോളബോക്‌സ് ഓഫിസില്‍ ചിത്രം നടത്തുന്നത്. നവംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സിനിമ 934.55 കോടി രൂപയാണ് ലോകമെമ്പാടുമായി സ്വന്തമാക്കിയത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതുവരെ ഒരു ചിത്രവും സ്വന്തമാക്കിയിട്ടില്ലാത്ത അപൂർവമായ ബോക്‌സ് ഓഫീസ് റെക്കോർഡിലേക്കാണ് ‘രാമായണ’ കുതിക്കുന്നത്. തുടർച്ചയായി ഏഴ് ദിവസം ലോകമെമ്പാടുമായി 100 കോടിയിലധികം കലക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയിരിക്കുകയാണ്.

നവംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 511.10 കോടി രൂപയാണ് ചിത്രത്തിന്‍റെ നെറ്റ് കലക്ഷൻ. ഇന്ത്യയില്‍ നിന്ന് മൊത്തം 611.05 കോടി രൂപയാണ് ‘രാമായണ’ സ്വന്തമാക്കിയത്. വിദേശ വിപണികളിൽ നിന്ന് 323.50 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഏഴാം ദിവസം മാത്രം ആഗോളതലത്തിൽ 70.65 കോടി രൂപയാണ് നേടിയത്. ആറാം ദിവസത്തെ അപേക്ഷിച്ച് 24.9 ശതമാനം ഇടിവുണ്ടായെങ്കിലും ബോക്‌സ് ഓഫീസിലെ ശക്തമായ പ്രകടനം തുടരുകയാണ് ചിത്രം.

ആദ്യദിനങ്ങളിലെ വലിയ ഓപ്പണിങ് മാത്രമല്ല, തുടർച്ചയായി നിലനിർത്തുന്ന കലക്ഷനുമാണ് ചിത്രത്തിന്‍റെ ബോക്‌സ് ഒഫിസ് കരുത്ത്. ഇതിന് മുൻപ് ‘ധുരന്ധർ 2’, ‘പുഷ്പ 2’, ‘ബാഹുബലി 2’, ‘ജവാൻ’ തുടങ്ങിയ ചിത്രങ്ങളാണ് തുടർച്ചയായി നാല് ദിവസം ലോകമെമ്പാടും 100 കോടിയിലധികം കലക്ഷൻ നേടിയിരുന്നത്. എന്നാൽ ഈ റെക്കോർഡ് ആറ് ദിവസമായി ഉയർത്തിയ രാമായണ ഏഴാം ദിവസവും 100 കോടി ക്ലബിൽ ഇടംപിടിച്ചതോടെ ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രവൃത്തിദിനങ്ങളിലും പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിന് കരുത്തേകുന്നു.

ദക്ഷിണേന്ത്യൻ വിപണിയിലും ചരിത്രനേട്ടം

ആഗോള ബോക്‌സ് ഓഫീസ് നേട്ടത്തിനൊപ്പം ദക്ഷിണേന്ത്യൻ വിപണിയിലും രാമായണം പുതിയ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിലെ ഡബ്ബ് ചെയ്‌ത പതിപ്പുകളിലൂടെ ഇന്ത്യയിൽ 100 കോടി രൂപ കലക്ഷൻ നേടുന്ന ആദ്യ ഹിന്ദി ചിത്രമെന്ന നേട്ടമാണ് സിനിമ സ്വന്തമാക്കിയത്. റിലീസ് ചെയ്‌ത് വെറും ആറ് ദിവസത്തിനുള്ളിലാണ് ഈ ചരിത്രനേട്ടം. കന്നഡ, തെലുഗു, തമിഴ്, മലയാളം പതിപ്പുകളിൽ നിന്നായി 104 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

‘ധുരന്ധർ 2’, ‘വാർ 2’, ‘ജവാൻ’, ‘അനിമൽ’ തുടങ്ങിയ പ്രമുഖ ബോളിവുഡ് ചിത്രങ്ങളുടെ ആകെ ദക്ഷിണേന്ത്യൻ ഡബ്ബ് പതിപ്പ് കലക്ഷനുകളെയും ‘രാമായണ’ ഇതിനകം മറികടന്നിട്ടുണ്ട്. ചിത്രത്തിന്‍റെ ആകെ ഇന്ത്യൻ നെറ്റ് കലക്ഷനായ 440.45 കോടി രൂപയിൽ ഏകദേശം 23.7 ശതമാനവും ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുള്ള സംഭാവനയാണ്. ഒരു ഹിന്ദി ചിത്രത്തിന് മറ്റു പതിപ്പുകളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നതിന്‍റെ തെളിവാണിത്.

ദക്ഷിണേന്ത്യൻ വിപണിയിലെ ‘രാമായണ’ത്തിന്‍റെ നേട്ടം ബോളിവുഡ് നിർമാതാക്കൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്. ഒരു ഹിന്ദി ചിത്രത്തിന് ദക്ഷിണേന്ത്യൻ ഡബ്ബ് പതിപ്പുകളിലൂടെ വലിയ കലക്ഷൻ നേടുക വെല്ലുവിളിയായിരുന്നു. എന്നാൽ മികച്ച താരനിരയും വലിയ നിർമാണച്ചെലവും പ്രമേയത്തിന്‍റെ ജനപ്രീതിയും ഒത്തുചേരുമ്പോൾ പ്രാദേശിക വിപണികളിലും വലിയ ബിസിനസ് സൃഷ്ടിക്കാനാകുമെന്ന് ‘രാമായണ’ തെളിയിക്കുന്നു.

അതേസമയം, തെലുങ്കിൽ മാത്രം 130 കോടിയിലധികം നേടിയ ‘ആദിപുരുഷി’ന്‍റെ കാര്യത്തിൽ വ്യത്യസ്തമായ സാഹചര്യമാണുള്ളത്. ഹിന്ദി-തെലുഗു ദ്വിഭാഷാ ചിത്രമായാണ് ‘ആദിപുരുഷ്’ നിർമിച്ചത്. അതിനാൽ തെലുഗു കലക്ഷൻ ഡബ്ബ് പതിപ്പിന്റെ വരുമാനമായി കണക്കാക്കാനാകില്ല. തെലുഗു ഒഴികെയുള്ള തമിഴ്, കന്നഡ, മലയാളം പതിപ്പുകളിൽ നിന്നായി ഏകദേശം 6.95 കോടി രൂപയാണ് ചിത്രം നേടിയത്.

ഹിന്ദിയും കന്നഡയും കുതിക്കുന്നു

ദക്ഷിണേന്ത്യൻ ഭാഷകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് കന്നഡ പതിപ്പാണ്. തൊട്ടുപിന്നാലെ തെലുഗു പതിപ്പുമുണ്ട്. ദീപാവലി കാലത്ത് നിരവധി പ്രാദേശിക ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയിട്ടും തമിഴ്, മലയാളം പതിപ്പുകൾ മികച്ച കലക്ഷനാണ് നേടുന്നത്.

ചിത്രത്തിൽ യാഷിന്‍റെ സാന്നിധ്യവും കന്നഡയിലെ താരത്തിന്‍റെ വലിയ ആരാധകവൃന്ദവും കന്നഡ പതിപ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെയും മികച്ച പ്രകടനം യഥാർഥ പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് ‘രാമായണ’ത്തെ എത്തിച്ചിരിക്കുന്നത്.

വടക്കേ അമേരിക്കയിലും മികച്ച മുന്നേറ്റം

വിദേശ വിപണികളിലും ‘രാമായണ’ത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് വടക്കേ അമേരിക്കൻ വിപണിയിൽ ചിത്രം ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചൊവ്വാഴ്ച മാത്രം 2.01 മില്യൺ ഡോളർ നേടിയ ചിത്രം ആകെ 15.65 മില്യൺ ഡോളറിന്റെ കലക്ഷനിലെത്തി.

നിലവിൽ ആഗോളതലത്തിൽ 934.55 കോടി രൂപയുടെ കളക്ഷനുമായി മുന്നേറുന്ന രാമായണം 1000 കോടി ക്ലബിലേക്ക് അടുക്കുകയാണ്. വാരാന്ത്യമാകുമ്പോഴേക്കും ചിത്രം 1000 കോടിയിലെത്തുമെമന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here