സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് (NMMSS) അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 വരെ (നവംബർ 15) നീട്ടി. അർഹരായ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ ആവശ്യത്തിന് സമയം നൽകുന്നതിനും സ്കൂൾ-അധികൃതർക്ക് കൃത്യസമയത്ത് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുമാണ് കേന്ദ്ര സർക്കാർ ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി അപേക്ഷിക്കുന്നതിന് മുൻപായി വിദ്യാർഥികൾ പോർട്ടലിൽ ‘വൺ-ടൈം രജിസ്ട്രേഷൻ’ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. ജൂൺ 1 മുതൽ ആരംഭിച്ച അപേക്ഷാ നടപടികളിലൂടെ ഇതുവരെ രാജ്യത്തുടനീളം തൊണ്ണൂറായിരത്തിലധികം (90,483) പുതിയ അപേക്ഷകളും, ഏകദേശം രണ്ട് ലക്ഷത്തോളം പുതുക്കൽ അപേക്ഷകളും ലഭിച്ചുകഴിഞ്ഞു.
പ്രതിവർഷം 12,000 രൂപ; തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്
സർക്കാർ സ്കൂളുകൾ, എയ്ഡഡ് സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 12,000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്കോളർഷിപ്പായി ലഭിക്കുന്നതാണ്.
എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തി, ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ അവരുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രത്യേക സെലക്ഷൻ പരീക്ഷയിൽ വിജയിക്കുന്ന ഒൻപതാം ക്ലാസിലെ ഒരു ലക്ഷം വിദ്യാർഥികൾക്കാണ് രാജ്യത്തുടനീളം ഓരോ വർഷവും ഈ സ്കോളർഷിപ്പ് പുതുതായി അനുവദിക്കുന്നത്.
കേന്ദ്ര സർക്കാർ ഓരോ സംസ്ഥാനത്തിനും നിശ്ചിത എണ്ണം സ്കോളർഷിപ്പുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് 3,473 സീറ്റുകളാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അർഹരായ വിദ്യാർത്ഥികൾ കൃത്യസമയത്ത് അപേക്ഷ സമർപ്പിച്ച് സ്കൂൾ തലത്തിലുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കേരളത്തിന് അനുവദിച്ച ഈ സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഈ സമയപരിധി നീട്ടിയത് അർഹരായ മുഴുവൻ കുട്ടികളെയും പോർട്ടലിൽ ഉൾപ്പെടുത്താൻ സഹായിക്കും.
മുൻവർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചു തുടങ്ങിയ, ഇപ്പോൾ 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കേരളത്തിലെ അർഹരായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോളർഷിപ്പ് തുക തുടർന്നും ലഭിക്കുന്നതിനായി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി പുതുക്കൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന അവസരമാണിത്. മുൻ വർഷത്തെ പരീക്ഷ പാസായി, സാങ്കേതിക തടസങ്ങൾ കാരണം ഇതുവരെ എൻ.എസ്.പി പോർട്ടലിൽ അപേക്ഷിക്കാൻ കഴിയാത്ത നിലവിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും ഇത് പ്രയോജനപ്പെടും.
ശ്രദ്ധിക്കേണ്ട പ്രധാന തീയതികൾ..
അപേക്ഷകളുടെ വെരിഫിക്കേഷൻ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കേണ്ടതുണ്ട്. നിലവിൽ അപേക്ഷ സമർപ്പിച്ചവരും പുതുതായി സമർപ്പിക്കുന്നവരും താഴെ പറയുന്ന തീയതികൾ പ്രത്യേകം ഓർക്കുക.
• അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 15, 2026
• ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (സ്കൂൾ തലം) വെരിഫിക്കേഷൻ: നവംബർ 30, 2026-നകം
• ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ (ജില്ലാ തലം) വെരിഫിക്കേഷൻ: ഡിസംബർ 15, 2026-നകം
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- കേരളത്തിലെ സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം. (കേന്ദ്രീയ വിദ്യാലയം, നവോദയ, പ്രൈവറ്റ് അൺ-എയ്ഡഡ് സ്കൂളുകൾ എന്നിവയിലെ വിദ്യാർഥികൾക്ക് അർഹതയില്ല).
- വിദ്യാർഥി ഇപ്പോൾ 9-ാം ക്ലാസിൽ പഠിക്കുന്ന ആളായിരിക്കണം (8-ാം ക്ലാസിലെ പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്).
- 8-ാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് (SC/ST വിഭാഗക്കാർക്ക് 50% മാർക്ക്) നേടിയിരിക്കണം.
- രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്.
- ഒൻപതാം ക്ലാസിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് 10, 11, 12 ക്ലാസുകളിൽ ഇത് തുടരാൻ ഓരോ വർഷവും നിശ്ചിത മാർക്കോടെ വിജയിക്കേണ്ടതുണ്ട്.








