കൊച്ചി: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് (തിങ്കൾ) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അറിയിപ്പ് വിശദമായി വായിക്കാം.
കോട്ടയത്ത് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 2026 ഓഗസ്റ്റ് 10 ) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
പത്തനംതിട്ടയിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് (10 – 08 – 2026) ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. Govt New LPS ചാത്തങ്കരി, CMSLPS നെടുമ്പുറം. MBM MDLPS നിരണം, St. Johns UPS മേപ്രാൽ, MDLPS മോഴഞ്ചേര, St Mary’s LPGS നിരണം സെൻട്രൽ, MTLPS Amichakary കൊട്ടയിൽ MD LPS, GHS നെടുമ്പ്രം. എന്നീ സ്കൂളുകൾക്കാണ് അധിക അവധി. വഴിയിലും പരിസരത്തും വെള്ളം കയറി അപകടാവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇവിടങ്ങളിൽ അവധി നൽകിയത്. അതേസമയം ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ല. സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താമെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു.
ആലപ്പുഴയിലും വിവിധ സ്കൂളുകൾക്ക് അവധി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്. ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.








