അമേരിക്കൻ തീരങ്ങളിൽ ‘മാംസം തിന്നുന്ന’ ബാക്ടീരിയ;

0
3

ബാറ്റൺ റൂഷ്: അമേരിക്കയിലെ തീരദേശ ജലാശയങ്ങളിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ (Vibrio vulnificus) സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വേനൽക്കാലത്ത് കടൽത്തീരങ്ങൾ സന്ദർശിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് ലൂസിയാനയിലെ ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

ഈ വർഷം ലൂസിയാനയിൽ ഒൻപത് പേർക്കാണ് വിബ്രിയോ വൾനിഫിക്കസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ച എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് പേർ മരിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഇതേ കാലയളവിൽ ശരാശരി ഏഴ് കേസുകളും ഒരു മരണവുമാണ് ലൂസിയാനയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ മരണനിരക്ക് ഉയർന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഉപ്പുവെള്ളവുമായോ ശുദ്ധജലവും ഉപ്പുവെള്ളവും കലർന്ന ജലാശയങ്ങളുമായോ സമ്പർക്കത്തിൽ വന്നതിന് ശേഷം ശരീരത്തിലെ മുറിവുകളിൽ മാറ്റങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. മുറിവുകൾ ചുവക്കുക, തടിക്കുക, വേദന അനുഭവപ്പെടുക, ചൂട് തോന്നുക അല്ലെങ്കിൽ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ചികിത്സ തേടുമ്പോൾ വെള്ളവുമായി സമ്പർക്കത്തിൽ വന്ന വിവരം ആരോഗ്യ പ്രവർത്തകരെ നിർബന്ധമായും അറിയിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

അനുകൂല സാഹചര്യമൊരുക്കി ഗൾഫ് തീരം
സമുദ്രജലത്തിലും ശുദ്ധജലവും ഉപ്പുവെള്ളവും കലരുന്ന അഴിമുഖങ്ങളിലും തടാകങ്ങളിലുമാണ് വിബ്രിയോ ബാക്ടീരിയകൾ കൂടുതലായി വളരുന്നത്. മേയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇത്തരം അണുബാധകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗൾഫ് തീരത്തുള്ള സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതലും കാണപ്പെടുന്നത്. ഈ ബാക്ടീരിയകൾക്ക് പെരുകാൻ ആവശ്യമായ ഉപ്പും ചൂടും ഗൾഫ് തീരങ്ങളിൽ അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (CDC) റിപ്പോർട്ട് പ്രകാരം, വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയകൾ വളരെ അപകടകാരികളാണ്. മറ്റ് വിബ്രിയോ ബാക്ടീരിയകളെ അപേക്ഷിച്ച് ഇവ മൂലമുണ്ടാകുന്ന അണുബാധകളിൽ അഞ്ചിലൊരാൾക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫ്ലോറിഡയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ഈ വർഷം ഇതുവരെ ഫ്ലോറിഡയിൽ 14 കേസുകളും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇത് 33 കേസുകളും അഞ്ച് മരണങ്ങളുമായിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഫ്ലോറിഡയിൽ വീശിയടിക്കുന്ന വർഷങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കും
വേവിക്കാത്തതോ പകുതി വെന്തതോ ആയ കക്കയിറച്ചി, പ്രത്യേകിച്ച് ഓയിസ്റ്ററുകൾ കഴിക്കുന്നതിലൂടെ ചിലർക്ക് അണുബാധയുണ്ടാകാം. എന്നാൽ ഭൂരിഭാഗം ആളുകൾക്കും രോഗം ബാധിക്കുന്നത് സമുദ്രത്തിലോ ഉപ്പുവെള്ളത്തിലോ ഇറങ്ങുമ്പോഴാണ്. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെയാണ് ബാക്ടീരിയകൾ ഉള്ളിൽ പ്രവേശിക്കുന്നത്. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, കരൾ രോഗമുള്ളവർ, പ്രമേഹരോഗികൾ, മറ്റ് വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ എന്നിവരിലാണ് അണുബാധ ഗുരുതരമാകാൻ സാധ്യത കൂടുതലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനം ഇത്തരം ബാക്ടീരിയകൾ പെരുകുന്നതിനും വടക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2023ൽ നടന്ന ഒരു പഠനപ്രകാരം, ബാക്ടീരിയയുടെ സാന്നിധ്യം ഓരോ വർഷവും ഏകദേശം 30 മൈൽ വടക്കോട്ട് നീങ്ങുന്നതായും മൊത്തത്തിലുള്ള കേസുകളുടെ എണ്ണം വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകൾ
ഉണങ്ങാത്ത മുറിവുകൾ, പോറലുകൾ, പുതിയതായി ചെയ്ത പിയേഴ്സിങ്, ടാറ്റൂകൾ, ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങൾ എന്നിവയിലൂടെ വിബ്രിയോ വൾനിഫിക്കസ് ശരീരത്തിൽ പ്രവേശിക്കാം. തീരദേശ ജലാശയങ്ങളുമായോ വേവിക്കാത്ത കടൽവിഭവങ്ങളുമായോ സമ്പർക്കത്തിൽ വന്നാൽ ഉടൻ തന്നെ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് മുറിവുകളും പോറലുകളും നന്നായി കഴുകണമെന്ന് സിഡിസി നിർദേശിക്കുന്നു. പനി, വിറയൽ, ചർമത്തിൽ ചുവന്ന പാടുകൾ രൂപപ്പെടുകയും പിന്നീട് അവ ഇരുണ്ട നിറത്തിലായി കുമിളകൾ വരികയും ചെയ്താൽ ഉടൻ ഡോക്ടറെ കാണണം.

ഓയിസ്റ്ററുകൾ കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചയിൽ അവയ്ക്ക് അണുബാധയുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയില്ല. വേവിക്കാത്ത കക്കയിറച്ചി കൈകാര്യം ചെയ്തതിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. പ്രതിരോധശേഷി കുറഞ്ഞവരും അണുബാധയ്ക്ക് സാധ്യത കൂടുതലുള്ളവരും ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷാ ഗ്ലൗസുകൾ ധരിക്കണം. കക്ക, ചിപ്പി തുടങ്ങിയവ പാകം ചെയ്യുന്നതിനുള്ള നിർദേശങ്ങളും ആരോഗ്യ ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. തിളപ്പിക്കുന്നതിനോ ആവിയിൽ വേവിക്കുന്നതിനോ മുൻപ് തോട് തുറന്നിരിക്കുന്നവ ഒഴിവാക്കണമെന്നും അവർ നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here