വാഷിങ്ടൺ: എച്ച്ഐവി ബാധിതരായ കൗമാരക്കാർക്ക് ദിവസേനയുള്ള ഗുളികകളേക്കാൾ ഫലപ്രദം എട്ട് ആഴ്‌ച കൂടുമ്പോൾ നൽകുന്ന കുത്തിവയ്പ്പുകളാണെന്ന് പഠന റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിലാണ് പുതിയ കണ്ടെത്തൽ. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഈ ചികിത്സാ രീതി കൂടുതൽ ലഭ്യമാക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.
പഠനവും കണ്ടെത്തലുകളും
ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ (യുസിഎൽ) ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻ്റെ വിവരങ്ങൾ യുറീക്ക അലർട്ട്, ദി ലാൻസെറ്റ് എന്നീ മെഡിക്കൽ ജേണലുകളിലാണ് പ്രസിദ്ധീകരിച്ചത്. ദിവസവും ആൻ്റി റിട്രോവൈറൽ ഗുളികകൾ കഴിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ എട്ട് ആഴ്‌ചയിലൊരിക്കലുള്ള കുത്തിവയ്പ്പിലൂടെ കൗമാരക്കാർക്ക് രോഗം നിയന്ത്രിക്കാൻ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. 96 ആഴ്‌ച നീണ്ട നിരീക്ഷണത്തിൽ കുത്തിവയ്പ്പ് എടുത്തവരിൽ ഒരു ശതമാനം (രണ്ട് പേർ) ആളുകളിൽ മാത്രമാണ് വൈറസ് വീണ്ടും വർധിച്ചതായി കണ്ടെത്തിയത്. എന്നാൽ ദിവസവും ഗുളിക കഴിച്ചവരിൽ ഇത് ആറ് ശതമാനമായിരുന്നു (15 പേർ).
കൗമാരക്കാരിലെ ദീർഘകാല ചികിത്സ (ലാറ്റ) എന്ന പേരിൽ നടത്തിയ ട്രയലിൽ കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ അഞ്ച് ക്ലിനിക്കുകളിൽ നിന്നായി 476 പേരാണ് പങ്കെടുത്തത്. 12 മുതൽ 19 വയസ് വരെ പ്രായമുള്ളവരായിരുന്നു ഇവർ. പങ്കെടുത്തവർക്ക് സാധാരണ നൽകുന്ന ഗുളികകളും, ദീർഘകാലം ഫലം നൽകുന്ന കാബോട്ടെഗ്രാവിർ, റിൽപിവിറിൻ എന്നീ മരുന്നുകൾ അടങ്ങിയ കുത്തിവയ്പ്പുകളും നൽകിയാണ് പരിശോധന നടത്തിയത്. ഒരു വർഷത്തിലേറെയായി ഗുളികകൾ കഴിക്കുന്നവരും, എച്ച്ഐവി പൂർണമായും നിയന്ത്രണവിധേയമായവരുമായിരുന്നു പഠനത്തിൽ പങ്കെടുത്തത്. ഇവരിൽ മിക്കവർക്കും ജനനസമയത്ത് തന്നെ രോഗം ബാധിച്ചവരായിരുന്നു.
വൈറൽ റീബൗണ്ടും വെല്ലുവിളികളും
നിയന്ത്രണവിധേയമായ വൈറസ് രക്തത്തിൽ വീണ്ടും വർധിക്കുന്ന അവസ്ഥയാണ് വൈറൽ റീബൗണ്ട്. വൈറസിൻ്റെ അളവ് വർധിക്കുന്നത് ദീർഘകാല ആരോഗ്യത്തെ ബാധിക്കുമെന്നും രോഗം പകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. കുത്തിവയ്പ്പ് എടുത്തവരിൽ 94 ശതമാനം പേരും ദിവസവും ഗുളിക കഴിക്കുന്നതിനേക്കാൾ എളുപ്പം എട്ട് ആഴ്‌ച കൂടുമ്പോഴുള്ള ചികിത്സയാണെന്ന് അഭിപ്രായപ്പെട്ടു.
മുതിർന്നവരെ അപേക്ഷിച്ച് കൗമാരക്കാരിൽ ആൻ്റി റിട്രോവൈറൽ ഗുളികകൾ ഫലപ്രദമാകാറില്ലെന്ന് ലാറ്റ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്ററും യുസിഎൽ ഇന്നൊവേറ്റീവ് ക്ലിനിക്കൽ ട്രയൽസ് യൂണിറ്റിലെ പ്രൊഫസറുമായ സാറ പെറ്റ് വ്യക്തമാക്കി. ദിവസവും ഗുളിക കഴിക്കുന്നത് പലപ്പോഴും പരിഹാസങ്ങൾക്കും ഒറ്റപ്പെടലിനും കാരണമാകാറുണ്ട്. എന്നാൽ രണ്ട് മാസം കൂടുമ്പോൾ കുത്തിവയ്പ്പ് എടുക്കുന്നത് ഇവരെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എച്ച്ഐവി ബാധിതരായ 10ൽ ഒൻപത് കൗമാരക്കാരും ആഫ്രിക്കയിലാണ് ജീവിക്കുന്നത്. എന്നാൽ നിലവിൽ അവർക്ക് ഈ ചികിത്സ ലഭ്യമല്ലെന്നും സാറ പെറ്റ് ചൂണ്ടിക്കാട്ടി.
ലോകത്താകെ 10 മുതൽ 19 വയസ് വരെയുള്ള 16 ലക്ഷത്തോളം കൗമാരക്കാരാണ് എച്ച്ഐവി ബാധിതരായിട്ടുള്ളത്. രോഗത്തിന് പൂർണമായ ചികിത്സ ഇല്ലെങ്കിലും ആൻ്റി റിട്രോവൈറൽ മരുന്നുകളിലൂടെ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കാനും രോഗം പകരുന്നത് തടയാനും സാധിക്കും. എന്നാൽ ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ദീർഘകാലം ഫലം നൽകുന്ന കുത്തിവയ്പ്പുകൾ ലഭ്യമാക്കുന്നതിൽ നിരവധി വെല്ലുവിളികളുണ്ട്. പേറ്റൻ്റ് ഉള്ളതിനാൽ സാധാരണ ഗുളികകളേക്കാൾ ഇവയ്ക്ക് നിർമാണച്ചെലവ് കൂടുതലാണ്. കൂടാതെ റിൽപിവിറിൻ മരുന്ന് സൂക്ഷിക്കാൻ ശീതീകരണ സംവിധാനങ്ങളും കുത്തിവയ്പ്പ് നൽകാൻ പരിശീലനം ലഭിച്ച നഴ്‌സുമാരെയും ആവശ്യമാണ്.
ലഭ്യതയും ഭാവിയും
ദിവസവും ഗുളിക കഴിക്കുന്നവർക്ക് മൂന്നോ ആറോ മാസം കൂടുമ്പോൾ മാത്രം ഡോക്ടറെ കണ്ടാൽ മതിയാകും. നിലവിൽ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ 12 വയസിന് മുകളിലുള്ളവർക്ക് ഈ കുത്തിവയ്പ്പ് നൽകുന്നുണ്ട്. എന്നാൽ ആഫ്രിക്കയിൽ ചുരുക്കം ചില ക്ലിനിക്കുകളിൽ മാത്രമാണ് ഇത് ലഭ്യമായിട്ടുള്ളത്.
ദിവസവും ഗുളിക കഴിക്കുന്നവർക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച മാർഗമായാണ് ലോകാരോഗ്യ സംഘടന ഈ കുത്തിവയ്പ്പുകളെ വിലയിരുത്തുന്നത്. ആഫ്രിക്കയിൽ ഈ ചികിത്സ ലഭ്യമല്ലാത്തത് വലിയ അസമത്വത്തിന് കാരണമാകുമെന്ന് യുസിഎൽ ഗവേഷകയായ ഡോ. ഡെബോറ ഫോർഡ് പറഞ്ഞു. വർഷത്തിൽ രണ്ട് തവണ മാത്രം നൽകേണ്ട പുതിയ മരുന്നുകൾ വരുന്നതോടെ ഈ അന്തരം ഇനിയും വർധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കുത്തിവയ്പ്പുകൾ മികച്ച ഫലം നൽകുന്നുവെന്നത് സന്തോഷകരമായ വാർത്തയാണെന്ന് ഹരാരെയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. മുത്സ ബ്വാകുര ദംഗരെംബിസി പറഞ്ഞു. എന്നാൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ, ജോൺസൺ ആൻഡ് ജോൺസൺ ഇന്നൊവേറ്റീവ് മെഡിസിൻസ് എന്നിവരാണ് ട്രയലിന് സാമ്പത്തിക സഹായം നൽകിയത്. റിൽപിവിറിൻ മരുന്ന് ജോൺസൺ ആൻഡ് ജോൺസണും കാബോട്ടെഗ്രാവിർ മരുന്ന് വിഐഐവി ഹെൽത്ത് കെയറുമാണ് നൽകിയത്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, റാഡ്ബൗഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്റർ, യൂണിവേഴ്സിറ്റി ഓഫ് യോർക്ക് എന്നിവിടങ്ങളിലെ ഗവേഷകരും പഠനത്തിൻ്റെ ഭാഗമായി.





