ടിക്കറ്റ് ബുക്കിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വന്ദേ ഭാരത് സ്ലീപ്പറിൽ തത്കാലും വെയിറ്റിങ് ലിസ്റ്റുമില്ല;

0
5

ന്യൂഡൽഹി: രാജ്യത്തെ യാത്രാപ്രേമികൾ ഏറെ കാത്തിരുന്ന അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിച്ചു. മുംബൈ-ബെംഗളൂരു റൂട്ടിലുൾപ്പെടെ സർവീസ് തുടങ്ങിയത് ഈ നഗരങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് വലിയ ആശ്വാസമാകും. അതേസമയം, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രീമിയം ട്രെയിനുകളിൽ ഡൈനാമിക് അല്ലെങ്കിൽ ഫ്ലെക്സി ഫെയർ നിരക്കുകൾ ഈടാക്കില്ല. അതിനാൽ യാത്രാതീയതി അടുക്കുമ്പോഴും ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടാകില്ല എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ എല്ലാ ടിക്കറ്റുകളും സാധാരണ റിസർവേഷൻ സംവിധാനം വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മറ്റൊരു പ്രധാന സവിശേഷത ഈ ട്രെയിനുകളിൽ കൺഫോം ആയ ബെർത്തുകൾ മാത്രമേ നൽകുകയുള്ളൂ എന്നതാണ്. ആർ.എ.സി (റിസർവേഷൻ എഗെയ്ൻസ്റ്റ് കാൻസലേഷൻ) അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ഇതിൽ അനുവദിക്കില്ല. അതിനാൽ അവസാന നിമിഷമുള്ള യാത്രകൾക്ക് പകരം നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

സൗകര്യങ്ങളും സീറ്റുകളും
രാത്രികാല യാത്രകൾ കൂടുതൽ സുഖകരമാക്കുന്നതിനായി പൂർണമായും എയർകണ്ടീഷൻ ചെയ്ത 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. മൂന്ന് ക്ലാസുകളിലായി ആകെ 823 ബെർത്തുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. എ.സി ത്രീ ടയറിൽ 611 ബെർത്തുകളും, എ.സി ടൂ ടയറിൽ 188 ബെർത്തുകളും, എ.സി ഫസ്റ്റ് ക്ലാസിൽ 24 ബെർത്തുകളുമാണ് ഉള്ളത്. സുരക്ഷാ ആവശ്യങ്ങൾക്കും ജീവനക്കാർക്കുമായി റെയിൽവേ പ്രത്യേക ക്വാട്ടയിൽ കുറച്ചു ബെർത്തുകൾ മാറ്റിവച്ചിട്ടുണ്ട്. എ.സി ത്രീ ടയറിൽ ആറ് ബെർത്തുകൾ വനിതാ യാത്രക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ, ഡ്യൂട്ടി പാസുകളിൽ യാത്ര ചെയ്യുന്ന റെയിൽവേ ജീവനക്കാർക്കായി 21 ബെർത്തുകളും അനുവദിച്ചിട്ടുണ്ട്.

റൂട്ടുകളും കേരളത്തിൻ്റെ പ്രതീക്ഷയും
നിലവിൽ മൂന്ന് റൂട്ടുകളിലാണ് ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഹൗറ-കാമാഖ്യ (ഗുവാഹത്തി), ന്യൂഡൽഹി-വാരാണസി കാൻ്റ് (കാശി), മുംബൈ സി.എസ്.എം.ടി-എസ്.എം.വി.ടി ബെംഗളൂരു എന്നിവയാണ് ആ റൂട്ടുകൾ. മുംബൈ-ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ രണ്ട് മഹാനഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ യാത്രാമാർഗമായി മാറിയിരിക്കുകയാണ്. ഐ.ടി, വാണിജ്യ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾക്ക് ഈ സർവീസ് വലിയ അനുഗ്രഹമാണ്. ഏകദേശം 16 മണിക്കൂർ കൊണ്ടാണ് ഈ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വരും വർഷങ്ങളിൽ രാജ്യത്തുടനീളം സ്ലീപ്പർ ശൃംഖല വികസിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ കേരളത്തിന് സ്ലീപ്പർ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിലും, വരും മാസങ്ങളിൽ സംസ്ഥാനത്തിന് പുതിയ ട്രെയിൻ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മംഗളൂരു-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ എന്നീ റൂട്ടുകളാണ് കേരളത്തിനായി പ്രധാനമായും പരിഗണിക്കുന്നത്. ഇതിനുപുറമെ, ബെംഗളൂരുവിൽ നിന്ന് എറണാകുളം വഴി തിരുവനന്തപുരത്തേക്ക് പുതിയ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ യാത്രക്കാർക്കും ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും വലിയ പ്രയോജനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here