മൂന്നാറിൽ ശൈത്യം നേരത്തെയെത്തി; താപനില 6 ഡിഗ്രിയിലേക്ക്,

0
5

ഇടുക്കി: മഞ്ഞുതുള്ളികൾ വീണ പുൽമേടുകൾ… തണുപ്പിൽ വിറച്ച് നിൽക്കുന്ന തേയിലച്ചെടികൾ… മലനിരകളെ പുതച്ച് പടരുന്ന കോടമഞ്ഞ്… മൂന്നാറിൽ ശൈത്യകാലം നേരത്തേ എത്തിയതിന്‍റെ സൂചനകളാണ് ഇപ്പോൾ ദൃശ്യമാകുന്നത്. മഴയ്ക്ക് ശമനമായതോടെ താപനില താഴ്ന്നുതുടങ്ങി. പുലർച്ചെ പുൽമേടുകളിലും തേയില നാമ്പുകളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ മൂന്നാറിന്‍റെ തണുപ്പുകാല കാഴ്‌ചകളും സജീവമാവുകയാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും ശക്തമാകുമെന്നും താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് മൂന്നാർ.

ശൈത്യം ശക്തം; താപനില താഴേക്ക്

മൂന്നാറിൽ കഴിഞ്ഞ രണ്ട് ദിവസമായി തണുപ്പ് ശക്തമായതോടെയാണ് പുലർച്ചെയുള്ള കാഴ്‌ചകളിൽ മാറ്റം പ്രകടമായത്. തേയിലച്ചെടികളുടെ ഇലത്തുമ്പുകളിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ രൂപപ്പെട്ടുതുടങ്ങി. രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. മഴ മാറി നിൽക്കുകയും അന്തരീക്ഷത്തിൽ തണുപ്പ് വർധിക്കുകയും ചെയ്‌തതോടെ ശൈത്യകാല കുളിര് കോരുകയാണ് മൂന്നാര്‍.

മൂന്നാർ ടൗണിലും നല്ലതണ്ണിയിലുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ട് ഡിഗ്രിയായിരുന്നു താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്‌മി തുടങ്ങിയ തോട്ടം മേഖലകളിൽ താപനില അഞ്ച് ഡിഗ്രിയിലും താഴെയെത്തിയതായാണ് സൂചന. മേഖലയിൽ തണുപ്പ് ശക്തമാകുന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഈ താപനില മാറ്റങ്ങൾ.

പകൽ ചൂടും പുലർച്ചെ കുളിരും

പുലർച്ചെ തണുപ്പ് കടുക്കുമ്പോഴും പകൽ സമയത്ത് താപനില 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ്. വൈകുന്നേരത്തോടെ കോടമഞ്ഞ് ശക്തമാകുന്നതും മൂന്നാറിന്‍റെ പതിവ് കാഴ്‌ചകൾക്ക് മാറ്റുകൂട്ടുന്നു. രാത്രിയിൽ ആരംഭിക്കുന്ന തണുപ്പ് പുലർച്ചെയാകുമ്പോൾ കൂടുതൽ ശക്തമാകുന്നതോടെ തേയിലത്തോട്ടങ്ങളും പുൽമേടുകളും മഞ്ഞിന്‍റെ മനോഹരമായ കാഴ്‌ചകളിലേക്ക് മാറുകയാണ്.

നിലവിലെ കാലാവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. ഒരാഴ്‌ചയ്ക്കുള്ളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. എന്നാൽ മൈനസ് താപനില രേഖപ്പെടുത്തുമോ എന്നത് വരും ദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.

സഞ്ചാരികളെ വരവേൽക്കാൻ മൂന്നാർ

ശൈത്യകാലം നേരത്തേ തുടങ്ങിയതോടെ മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലയിലും പ്രതീക്ഷകൾ ഉയരുകയാണ്. മഞ്ഞും കോടമഞ്ഞും നിറഞ്ഞ മലനിരകൾ ആസ്വദിക്കാനും തണുപ്പിന്‍റെ കുളിരറിഞ്ഞ് അവധിക്കാലം ചെലവഴിക്കാനും കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ കണക്കുകൂട്ടൽ.

മഞ്ഞ് മൂടിയ തേയിലത്തോട്ടം. 

ജനുവരി വരെയുള്ള തണുപ്പുകാലം മൂന്നാറിന്‍റെ വിനോദസഞ്ചാര മേഖലയ്ക്ക് നിർണായകമാണ്. ക്രിസ്‌മസ്, പുതുവത്സര അവധിക്കാലങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രദേശവാസിയായ വിനോദ് പറഞ്ഞു. ന്യൂഇയറും ക്രിസ്‌മസുമെല്ലാം അടുത്തിരിക്കെ ജില്ലയിലെ വിനോദ സഞ്ചാര മേഖല വലിയ പ്രതീക്ഷയിലാണ്. ഇത്തവണ ശൈത്യം നേരത്തെയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അനുഭവപ്പെട്ട തണുപ്പാണ് ഒക്‌ടോബര്‍ അവസാനം മുതല്‍ തുടങ്ങിയിട്ടുള്ളതെന്നും വിനോദ് പറഞ്ഞു.

തണുപ്പിനൊപ്പം മഞ്ഞും കോടമഞ്ഞും സമ്മാനിക്കുന്ന കാഴ്‌ചകൾ ആസ്വദിക്കാൻ എത്തുന്നവരെ വരവേൽക്കാൻ മൂന്നാർ ഒരുങ്ങിക്കഴിഞ്ഞു. ശൈത്യകാലത്തിന്‍റെ വരവറിയിച്ച് മൂന്നാറിലെ മലനിരകളിൽ തണുപ്പ് പടരുമ്പോൾ, മഞ്ഞുകണങ്ങൾ വിരിയുന്ന പുലർകാലങ്ങളും കോടമഞ്ഞ് പുതയ്ക്കുന്ന സായാഹ്നങ്ങളും കാണാൻ കാത്തിരിക്കുകയാണ് സഞ്ചാരികൾ. താപനില ഇനിയും താഴ്ന്നാൽ മൂന്നാറിന്‍റെ ശൈത്യകാല കാഴ്‌ചകൾ കൂടുതൽ മനോഹരമാകുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല.

LEAVE A REPLY

Please enter your comment!
Please enter your name here