തിരുവനന്തപുരം: വാഹനാപകടങ്ങളുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഇൻഷുറൻസ് കമ്പനികളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ കണ്ടെത്താനും അന്വേഷിക്കാനും ഉന്നതതല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) രൂപം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുതിയ നിർദേശപ്രകാരം സംശയാസ്പദമായ എല്ലാ ഇൻഷുറൻസ് ക്ലെയിമുകളും കമ്പനികൾ നിർബന്ധമായും എസ്ഐടിക്ക് കൈമാറണം.
എസ്ഐടി പരിശോധന
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് ഉന്നതതല സമിതിയുടെ ചെയർമാൻ. വിവിധ സർക്കാർ വകുപ്പുകളിലെയും ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. ഐജി (സൈബർ ഓപ്പറേഷൻസ്), ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ആധുനിക സാങ്കേതികവിദ്യയും ഡാറ്റാബേസുകളും സംയോജിപ്പിച്ചാണ് സംഘം പ്രവർത്തിക്കുക.
വാഹനാപകടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഇ-ഡാർ, ഐ-റാഡ്, കോടതികളുടെ ഇ-കോർട്ട്സ് തുടങ്ങിയ ദേശീയ ഡാറ്റാബേസുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഒരേ വാഹനം, ഡ്രൈവിങ് ലൈസൻസ്, വ്യക്തികൾ എന്നിവ ആവർത്തിച്ച് വരുന്ന സംശയകരമായ സാഹചര്യങ്ങളിൽ സിസ്റ്റം വഴി ഓട്ടോമാറ്റിക് അലർട്ടുകൾ ലഭ്യമാക്കും. പരിക്കുകൾ പെരുപ്പിച്ചു കാട്ടിയും വ്യാജ സർട്ടിഫിക്കറ്റുകൾ ചമച്ചും നടത്തുന്ന തട്ടിപ്പുകൾ തടയാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ സാന്നിധ്യം സഹായിക്കും.
പ്രഥമദൃഷ്ട്യാ തട്ടിപ്പ് തെളിയുന്ന കേസുകളിൽ ലോക്കൽ പൊലീസിനെയോ മറ്റ് യോഗ്യതയുള്ള അന്വേഷണ ഏജൻസികളെയോ ചുമതലപ്പെടുത്തി അടിയന്തരമായി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യിക്കും. ഇൻഷുറൻസ് കമ്പനികളുമായി നിയമപരമായ ഡാറ്റാ കൈമാറ്റവും സംഘം ഏകോപിപ്പിക്കും.
തട്ടിപ്പിന് പിന്നിൽ വൻശൃംഖല
പൊലീസുകാർ, അഭിഭാഷകർ, ഇൻഷുറൻസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഇടനിലക്കാർ എന്നിവരടങ്ങുന്ന വൻ ശൃംഖലയാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് 12 കേസുകളും സംസ്ഥാനത്താകെ ക്രൈംബ്രാഞ്ചിൻ്റെ പരിഗണനയിൽ അൻപതോളം കേസുകളുമുണ്ട്.
ഒരേ വാഹനം തന്നെ ഉപയോഗിച്ച് പലതവണ അപകടങ്ങൾ സൃഷ്ടിച്ചും വ്യാജരേഖകൾ ചമച്ചുമാണ് മാഫിയ സംഘം ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രമുഖ ഡോക്ടർമാരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് നിർമിച്ച വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കോടതികളിൽ ഹാജരാക്കിയാണ് സംഘം വൻതുക ക്ലെയിം ചെയ്തിരുന്നത്. തങ്ങളുടെ പേരിൽ വ്യാജരേഖകൾ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് ഡോക്ടർമാർ തന്നെ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
വ്യാജരേഖകൾ
സൈക്കിളിൽനിന്ന് വീണതും തലയിൽ തേങ്ങ വീണതുമടക്കമുള്ള സാധാരണ സംഭവങ്ങളെപ്പോലും വ്യാജരേഖകളിലൂടെ വാഹനാപകടങ്ങളാക്കി മാറ്റിയിരുന്നു. വിദേശത്തുവച്ച് അപകടത്തിൽ പരിക്കേറ്റ സംഭവങ്ങൾ പോലും കേരളത്തിൽ വച്ചുണ്ടായ അപകടങ്ങളാണെന്ന് വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2018 ഓഗസ്റ്റിൽ തമിഴ്നാട്ടിലെ പാലൂരിൽ വച്ച് ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി ശരീരത്തിൽ കയറുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ ഇയാളെ ഉപയോഗിച്ച് മ്യൂസിയം സ്റ്റേഷനിൽ വ്യാജ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് വച്ച് ഓട്ടോ അപകടത്തിൽപ്പെട്ടെന്ന് കാണിച്ച് 12 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ സാക്ഷ്യപത്രവും നൽകിയിരുന്നു.
പൊലീസുകാരും പ്രതികൾ
രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്ത് മാത്രം മുന്നൂറിലേറെ വ്യാജ കേസുകൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കണ്ടെത്തിയ 12 തട്ടിപ്പുകളിൽ മ്യൂസിയം, തമ്പാനൂർ, ട്രാഫിക് സ്റ്റേഷനുകളിലായി കേസെടുത്തിരുന്നു. ഇതിൽ അഞ്ച് പൊലീസുകാർ ഉൾപ്പെടെയുള്ളവർ പ്രതികളാണ്. പൂജപ്പുര, കഴക്കൂട്ടം, തുമ്പ, വഞ്ചിയൂർ സ്റ്റേഷനുകളിലും സമാനമായ വ്യാജ കേസുകളുണ്ട്. പൊലീസുകാർ കൂട്ടുപ്രതികളായ കേസുകളുടെ അന്വേഷണത്തിന് എസ്ഐടി മുൻഗണന നൽകും.
സുപ്രീം കോടതി നിർദേശം
സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന സംഘടിത വാഹനാപകട ക്ലെയിം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങളെത്തുടർന്നാണ് നടപടി. സഫീഖ് അഹമ്മദ് വേഴ്സസ് ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി കേസ് ഉൾപ്പെടെയുള്ള വ്യവഹാരങ്ങളിൽ വ്യാജ വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകൾ തടയാൻ സംസ്ഥാനതലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
ബജാജ് അലയൻസ്, ഐസിഐസിഐ ലൊംബാർഡ് തുടങ്ങിയ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനികൾ സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത നഷ്ടപരിഹാര തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തെ ആവശ്യപ്പെട്ട് സർക്കാരിന് രേഖാമൂലം നിവേദനം നൽകിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇൻഷുറൻസ് കമ്പനികളിൽനിന്ന് ലഭിക്കുന്ന പരാതികൾ ഉടനടി പരിശോധിച്ച് ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സ്ഥിരം സംവിധാനം അനിവാര്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയും ട്രാൻസ്പോർട്ട് കമ്മിഷണറും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.








