വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളിയെങ്കിലും വരും ദിവസങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവച്ച ഏഴു ദിവസത്തെ വെടിനിർത്തൽ നിർദേശമാണ് അമേരിക്ക തള്ളിയത്.
ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയിലാണ് ഇറാൻ പ്രതിനിധികൾ പുതിയ നിർദേശം അവതരിപ്പിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാമെന്നായിരുന്നു ഇറാൻ്റെ വാഗ്ദാനം. എന്നാൽ ഈ നിർദേശം തള്ളിയ ഡൊണാൾഡ് ട്രംപ് ഇറാനിയൻ കേന്ദ്രങ്ങളിൽ പൂർണതോതിലുള്ള വ്യോമാക്രമണം നടത്താൻ ആലോചിക്കുന്നതായി സൂചന നൽകി. എങ്കിലും ചർച്ചകൾ വീണ്ടും തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ആക്സിയോസ് വാർത്താ പ്ലാറ്റ്‌ഫോമിനോട് വ്യക്തമാക്കി.
ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും താൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒന്നല്ല അതെന്നും ഒരുപക്ഷേ ഒരു വർഷം മുൻപായിരുന്നെങ്കിൽ ഇതിന് സമ്മതിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ അവരുടെ പരിധികൾ ലംഘിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
തിങ്കളാഴ്ചയോടെ വാഷിങ്ടണും ടെഹ്റാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നേക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാൻ തങ്ങളുടെ മുൻ നിബന്ധനകളിൽ ഉറച്ചുനിൽക്കുകയാണ്. ഇത് ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
യെമനിൽ ഇപ്പോഴും രൂക്ഷമായ പോരാട്ടം തുടരുകയാണ്. ലോകത്തെ ഊർജ വിതരണത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് ഇപ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൻ്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഏഴു മാസം മുൻപ് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണ പരമ്പരകളോടെയാണ് ഈ സംഘർഷം ആരംഭിച്ചത്.
പിന്മാറില്ലെന്ന് ഇറാൻ
ലെബനൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയിലെ എല്ലാ ശത്രുതകളും അവസാനിപ്പിക്കണമെന്നാണ് ഇറാൻ്റെ പ്രധാന ആവശ്യമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. നേരത്തെ തകർന്ന വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളിലേക്ക് മടങ്ങണമെന്നും അവർ ആവശ്യപ്പെടുന്നു. മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണക്കുമേലുള്ള ഉപരോധം പിൻവലിക്കുക, അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയായിരുന്നു ആ കരാറിലെ പ്രധാന വ്യവസ്ഥകൾ.
തങ്ങളുടെ നിബന്ധനകൾ വ്യക്തമാണെന്നും അവ പാലിക്കപ്പെട്ടാൽ മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് കടക്കൂ എന്നും അറാഖ്ചി ഐആർഐബി വാർത്താ ചാനലിനോട് വ്യക്തമാക്കി. നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെങ്കിലും തങ്ങളുടെ അവകാശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ മുഖേന അമേരിക്കയ്ക്ക് ഏഴു ദിവസത്തെ കൃത്യമായ പദ്ധതി കൈമാറിയിട്ടുണ്ടെന്നും ഇനി തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും യുഎന്നിൽ അറാഖ്ചി വ്യക്തമാക്കി.
അതേസമയം ചർച്ചാ മേശയിലേക്ക് മടങ്ങുന്നതിന് പകരമായി ഇറാൻ അമിതമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ് എൻബിസി ന്യൂസിനോട് പ്രതികരിച്ചു. ഉപരോധങ്ങൾ പിൻവലിക്കാനും കോടിക്കണക്കിന് ഡോളറിൻ്റെ ആസ്തികൾ വിട്ടുകിട്ടാനും വേണ്ടി മാത്രമുള്ള ഇറാൻ്റെ തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ നിന്ന് അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് ഞായറാഴ്ച അവകാശപ്പെട്ടു. ചാരപ്രവർത്തനത്തിന് ഉപയോഗിച്ച ഈ വാഹനം ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിനായി വിദഗ്ധരുടെ പക്കലാണെന്നും അവർ അറിയിച്ചു.
സമ്മർദ തന്ത്രങ്ങൾ
യുദ്ധം അവസാനിപ്പിക്കാനും കടലിടുക്ക് തുറക്കാനും ഇറാൻ്റെ ആണവ പദ്ധതികളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാനുമായി ജൂണിൽ വാഷിങ്ടണും ടെഹ്റാനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു. എന്നാൽ ഹോർമുസിലൂടെ പോയ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തതോടെ ഈ കരാർ തകർന്നു. കപ്പലുകൾ അംഗീകൃത പാതയിൽ നിന്ന് വ്യതിചലിച്ചുവെന്നായിരുന്നു ഇറാൻ്റെ ആരോപണം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കപ്പലുകൾ കടന്നുപോകുന്നതിന് മുൻപ് അനുമതി വാങ്ങണമെന്നാണ് ഇറാൻ്റെ നിലപാട്.
ഇത് പാലിക്കാത്ത കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. ഇതിന് മറുപടിയായി അമേരിക്ക ഇറാൻ്റെ തീരപ്രദേശങ്ങളിൽ ബോംബാക്രമണം നടത്താറുമുണ്ട്. ഇറാൻ്റെ ഏഴു നിബന്ധനകൾ അംഗീകരിക്കുന്നത് വരെ അമേരിക്കയെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കില്ലെന്ന് റെവല്യൂഷണറി ഗാർഡ്സ് വക്താവ് ഹുസൈൻ മൊഹെബി തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞു. യെമനിലെ ശത്രുത അവസാനിപ്പിക്കുക എന്നതും ടെഹ്റാൻ്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു.









