തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നാളെ (ചൊവ്വാഴ്‌ച) രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം http://www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലകളിലായുള്ള 38 തദ്ദേശ വാർഡുകളിലാണ് വോട്ടെടുപ്പ്. ആകെ 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 385 പോളിങ് സ്റ്റേഷനുകളാണ് ആകെ സജ്ജമാക്കിയിട്ടുള്ളത്.
രണ്ട് കോർപറേഷൻ ഡിവിഷൻ, (കോഴിക്കോട്, കൊച്ചി), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (കോട്ടയം,തിരുവനന്തപുരം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ് എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പാണിത്.
തെരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 19 എണ്ണം യുഡിഎഫിൻ്റെ സിറ്റിങ് വാര്‍ഡുകളാണ്. 15 വാര്‍ഡുകളില്‍ എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും രണ്ടിടത്ത് സ്വതന്ത്രരുമാണ് കഴിഞ്ഞതവണ വിജയിച്ചത്. നിയമസഭാംഗമായതിനാൽ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എംഎല്‍എ ആയതോടെ സുധീര്‍ഷാ പാലോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനമൊഴിഞ്ഞതാണ് തിരുവനന്തപരം ജില്ലാപഞ്ചായത്തിലെ കല്ലറയിൽ ഉപതെരഞ്ഞെടുപ്പ് 10 വര്‍ഷം സിപിഐയുടെ സീറ്റായിരുന്ന കല്ലറയില്‍ 2025ല്‍ കോണ്‍ഗ്രസ് അട്ടിമറി ജയം നേടുകയായിരുന്നു. കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ എംഎല്‍എയായതിനെ തുടര്‍ന്ന് അയ്യപ്പന്‍കാവ് ഡിവിഷനിലും കോഴിക്കോട് കോര്‍പറേഷനിലെ കൗണ്‍സിലറായിരുന്ന ഫാത്തിമ തെഹ്‌ലിയ പേരാമ്പ്ര എംഎല്‍എ ആയതിനെ തുടര്‍ന്ന് കുറ്റിച്ചിറ ഡിവിഷനിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് കല്ലേലി വാര്‍ഡ് മെംബര്‍ സിവി ശാന്തകുമാര്‍ അടൂര്‍ എംഎല്‍എ ആയതോടെ ഈ വാര്‍ഡിലും ജില്ലാ പഞ്ചായത്ത് മെംബര്‍ വിനു ജോബ് ചങ്ങനാശ്ശേരി എംഎല്‍എ ആയതോടെ കോട്ടയം തൃക്കൊടിത്താനത്തും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടിഎം ശശി ആലത്തൂർ എംഎൽഎ ആയതോടെയാണ് പല്ലശ്ശന ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ്.
ചിറ്റൂര്‍ നഗരസഭാ അധ്യക്ഷനായിരുന്ന സുമേഷ് അച്യുതന്‍ ചിറ്റൂര്‍ എംഎല്‍എ ആയതിനാല്‍ പുരുത്തിക്കാവ് വാര്‍ഡിലും, ഉഷ വിജയന്‍ മാനന്തവാടി എംഎല്‍എ ആയതിനാല്‍ മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
വോട്ട് ചെയ്യാൻ ഇവയിലൊന്ന് കരുതണം
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക്/ പോസ്റ്റ് ഓഫീസിൽനിന്ന് ആറു മാസത്തിനുള്ളിൽ ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.








