ചെന്നൈ: പൂനമല്ലി ബൈപാസ് – വടപളനി മെട്രോ സ്ട്രെച്ചിന്റെ ഉദ്ഘാടനം ഒക്ടോബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ആദ്യ പാതയാണ് പൂനമല്ലി ബൈപാസ് – വടപളനി ഭാഗം. ഇത് ആകെ 14.6 കിലോമീറ്റർ ആണ് ദൂരം. ചെന്നൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നുവെന്നതാണ് ഈ പാതയുടെ പ്രത്യേകത. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും ഉദ്ഘാടന ചടങ്ങിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യാത്രക്കാർക്കുള്ള നേട്ടങ്ങൾആർക്കോട്ട് റോഡ് പോലുള്ള കനത്ത ഗതാഗതക്കുരുക്കുള്ള പാതകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ പുതിയ സ്ട്രെച്ച് വലിയ ആശ്വാസമാകും. പൂനമല്ലി, പോരൂർ, വടപളനി തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ളവർക്ക് ചെന്നൈ നഗരമധ്യത്തിലേക്ക് എളുപ്പത്തിൽ എത്താം. ഈ പാതയ്ക്ക് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ അനുമതി നേരത്തെ ലഭിച്ചിരുന്നു. എന്നാൽ, ആലാപ്പാക്കം, സാലിഗ്രാമം തുടങ്ങിയ ഇടങ്ങളിലെ ചില സ്റ്റേഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഇവ തുറക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വടപളനിയിലെ പുതിയ ലൈനും നിലവിലുള്ള ഒന്നാം ഘട്ട മെട്രോ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഒരു സ്കൈവാക്ക് സംവിധാനമാണ് ഒരുക്കുന്നത്. ഇവിടെയുള്ള എൻട്രി, എക്സിറ്റ് ജോലികൾ അന്തിമഘട്ടത്തിലാണ്.
തമിഴ്‌നാട് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ഈ പാത ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വെല്ലൂർ എയർപോർട്ടിന്റെ ഉദ്ഘാടനവും ഉണ്ടായേക്കുമെന്ന് ബിജെപി സംസ്ഥാന വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം വികസിപ്പിച്ചതാണ് വെല്ലൂർ വിമാനത്താവളം. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് പ്രധാനമന്ത്രി പൂനമല്ലിയിൽ നിന്ന് പോരൂർ വരെ മെട്രോയിൽ യാത്ര ചെയ്യാൻ സാധ്യതയുണ്ട്.
തുടക്കത്തിൽ ഈ സ്ട്രെച്ചിൽ 10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ കരുതുന്നത്. ഇതിനായി ഈ പാതയിൽ 15 ട്രെയിനുകൾ ഓടിക്കാനാണ് കോർപ്പറേഷൻ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഐഐടി മദ്രാസ് സന്ദർശനവും വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളും പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു. ഇവിടെ വെച്ച് മൂന്ന് ദേശീയപാതാ പദ്ധതികളും, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചില പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.








