തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണം. ഈ സാഹചര്യത്തിൽ സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
- തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം.
- ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം.
- ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ ഇതുവരെ 14 പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ് നിരവധിയാളുകൾ ചികിത്സയിൽ തുടരുകയാണ്. ഒൻപത് മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിയത്. ഇതിൽ 7 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നോട്ടുവച്ചത്.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കും.
പരിക്കേറ്റവര്‍ക്ക് ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശുപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും. ആറ് മാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
അതേസമയം, വെടിക്കെട്ടുപുര സ്ഫോടനത്തിൽ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രി സഭായോഗം നിര്‍ദേശം നല്‍കി.
സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഡിആര്‍എഫില്‍ നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.








