തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഭാഗ്യാന്വേഷികൾക്ക് മുന്നിലുള്ളത്. ഇത്തവണത്തെ തിരുവോണം ബമ്പർ ( thiruvonam bumper lottery results 2026 ) ആർക്കാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക.
തിരുവോണം ബമ്പർ 2026ൻ്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് വിൽപ്പനയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 30 കോടി ലഭിക്കുന്ന ഒന്നാം സ്ഥാനക്കാരന് പുറമെ 20 പേർക്ക് കൂടി ഓണം ബമ്പറിലൂടെ കോടിപതികളാകാൻ കഴിയും.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുന്നത്. ഓരോ സീരിസിലെയും രണ്ടു പേര്‍ കോടിപതികളാകും. ഒന്നാം സമ്മാനത്തിനൊപ്പം രണ്ടാം സമ്മാനം നേടുന്ന 20 പേർകൂടി ചേരുമ്പോള്‍ ആകെ 21 പേര്‍ കോടിപതികളാകും. ഇതിന് പുറമെ 45 ലക്ഷാധിപതികളെയും ഓണം ബമ്പർ സൃഷ്ടിക്കും.
മൂന്നാം സമ്മാനമായി 20 പേര്‍ക്കാണ് 25 ലക്ഷം രൂപ ലഭിക്കുക. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നൽകും. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് 5 ലക്ഷം രൂപയും ഓണം ബമ്പർ നൽകുന്നുണ്ട്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.
തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പിനോടൊപ്പം തന്നെ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനവും നടക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായ അഞ്ജു കെ എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎൽഎ എംആർ ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ, നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവരും ഓണം ബമ്പർ നറുക്കെടുപ്പ് വേദിയിലുണ്ടാകും.








