സന്നിധാനം: 2026 – 27 ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി, സന്നിധാനം, പമ്പ, നിലയ്ക്കൽ മേഖലകൾ സന്ദർശിച്ച് ജില്ലാ കളക്ടർ. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളും വിലയിരുത്താനാണ് കളക്ടർ നേരിട്ടെത്തിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ശബരിമല മുന്നൊരുക്ക അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടികൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായിരുന്നു സന്ദർശനം.
ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും കൃത്യമായി ഉറപ്പാക്കുന്നതിനായി ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം ജീവനക്കാർ, പോലീസ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി വിവിധ പ്രദേശങ്ങളും പരമാവധി കെട്ടിടങ്ങളും സന്ദർശിച്ച് നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ഓരോ സ്ഥലത്തും ആവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ദേവസ്വം ബോർഡിൻ്റെ മരാമത്ത് പണികൾ നവംബർ 10 ന് മുൻപായി തന്നെ പൂർത്തീകരിക്കണമെന്നും 11, 12 തിയതികളിൽ സംയുക്ത പരിശോധന നടത്തണമെന്നും നിർദ്ദേശിച്ചു. മണ്ഡലകാലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തനസജ്ജമാക്കി ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർക്കും തീർഥാടകർക്കും മികച്ച സേവനം ഒരുക്കുന്നതിനും തീരുമാനിച്ചു
പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പരമാവധി ബെഡ് സൗകര്യം, ICU ബെഡുകൾ, വെൻ്റിലേറ്റർ എന്നിവ ക്രമീകരിക്കുവാൻ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. പമ്പയിൽ കൂടുതൽ എഎൽഎസ് ആംബുലൻസുകൾ സ്വകാര്യ മേഖലയിൽ നിന്ന് കൂടി കണ്ടെത്തുന്നതിൻ്റെ സാധ്യത ചർച്ച ചെയ്തു.
സന്നിധാനം ആശുപത്രിയിൽ ആവശ്യമായ അറ്റകുറ്റപണികൾ നവംബർ 1 ന് മുൻപ് പൂർത്തിയാക്കുന്നതിന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർക്ക് നിർദ്ദേശം നൽകി. മുൻവർഷം നടപ്പാക്കിയ Zero Death Policy തുടരുന്നതിനും Emergency Medical Centre കൾ മെച്ചപ്പെടുത്തുന്നതിനും സന്നിധാനത്തേക്കുള്ള നടപ്പാതകളിൽ CPR Kiosks തുടങ്ങാനും തീരുമാനിച്ചു.






