ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ് ഇന്ത്യൻ അണ്ടർ 19 ടീമിൽ അരങ്ങേറ്റം കുറിച്ചു. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരെ നടന്ന ഒന്നാം യൂത്ത് ഏകദിനത്തിലായിരുന്നു ഈ സവിശേഷ നിമിഷം. തന്റെ മകൻ രാജ്യത്തിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങുന്നത് കാണാൻ അഭിമാനത്തോടെ വീരേന്ദർ സേവാഗും ഗ്യാലറിയിൽ ഉണ്ടായിരുന്നു.
മഴയെത്തുടർന്ന് മത്സരം തുടങ്ങാൻ വൈകിയതിനാൽ 50 ഓവർ പോരാട്ടം 20 ഓവറാക്കി ചുരുക്കുകയായിരുന്നു. ഇന്ത്യൻ അണ്ടർ 19 ടീം നായകൻ ലക്ഷ്യ റെയ്‌ചന്ദാനിക്കൊപ്പമാണ് ആര്യവീർ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ 26 പന്തുകൾ നേരിട്ട താരം 5 ബൗണ്ടറികളടക്കം 28 റൺസ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മറ്റൊരു ഇതിഹാസ താരമായ രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡും ഈ മത്സരത്തിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് അന്വയ് കാഴ്ചവെച്ചത്. വെറും 18 പന്തിൽ നിന്ന് മൂന്ന് കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 38 റൺസ് അടിച്ചുകൂട്ടി അന്വയ് ഇന്ത്യൻ ഇന്നിംഗ്സിന് മികച്ച ഫിനിഷിങ് നൽകി. മുൻ താരങ്ങളുടെ മക്കൾ ഒരേ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.






