തൂഫാൻ ഇനിയും ആഞ്ഞടിക്കും, ലഹരിക്കടത്തുകാരുടെ സ്വത്ത് കണ്ടുകെട്ടും;

0
3

കേരളത്തിലെ ലഹരിക്കടത്തിന് തടയിടാൻ തൂഫാൻ കൂടുതൽ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ. നിലവിൽ കുറഞ്ഞ അളവിൽ ലഹരി പദാർത്ഥങ്ങൾ പിടിക്കപ്പെടുന്നവർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യമടക്കം പരി​ഗണിച്ച് ഇതിന് തടയിടാനുള്ള പുതിയ പദ്ധതികളോടെ തൂഫാൻ ആഞ്ഞടിക്കാൻ പോവുകയാണ്. ലഹരിക്കേസിൽ അകപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള മാർ​ഗരേഖ പുറത്തിറക്കാൻ പോവുകയാണ് സംസ്ഥാന സർക്കാർ. തൂഫാൻ പരിശോധനകൾ വ്യാപിപ്പിക്കാനുള്ള നിർദേശവും കേരള പോലീസിന് നൽകിയിട്ടുണ്ട്.

ലഹരിക്കടത്തു കേസിൽ ഉൾപ്പെടുന്നവരെ രോ​ഗികളായി പരി​ഗണിച്ച് ഇവർക്ക് മാനസികാരോ​ഗ്യ ചികിത്സക്കായുള്ള സൗകര്യവും ലഹരി മുക്തിക്കുള്ള സൗകര്യവും ഒരുക്കി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി തൂഫാൻ കെയറുകൾ കൊണ്ടുവരാനുള്ള ആലോചനയും നടക്കുന്നുണ്ട്.

നിലവിലെ ചെറുകിട കച്ചവടക്കാരായ ലഹരി വിൽപ്പനക്കാരിലേക്ക് മാത്രം കേസുകൾ ഒതുക്കാതെ ലഹരിയുടെ വൻകിട റാക്കറ്റുകളെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ ഇനി മുന്നോട്ട് പോവുകയാണ്. ലഹരി കേസിൽ പിടിക്കപ്പെടുന്നവരുടെ ബാങ്ക് ഇടപാടുകളും സ്വത്തുക്കളുമെല്ലാം പരിശോധിക്കപ്പെടുകയും ഇത് കണ്ടുകെട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ പോവുകയും ചെയ്താൽ കേസുകൾ കുറയുമെന്ന വിലയിരുത്തലിലാണ് പോലീസും ആഭ്യന്തര വകുപ്പുമുള്ളത്.

തൂഫാൻ കേസുകളിലേക്ക് മാത്രം ഒതുക്കാതെ ലഹരിക്കടിമപ്പെടുന്നവർക്ക് പുതുജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വഴികൂടി ഒരുക്കി നൽകി തൂഫാൻ വിപുലീകരിക്കാനുള്ള പദ്ധതികളാണ് സർക്കാർ മെനയുന്നത്. ലഹരി കേസുകളിൽ കൂടുതലും ഇപ്പോൾ ​ന​ഗരങ്ങൾ കേന്ദ്രീകരിച്ചാണുള്ളത്. എന്നാൽ പല ​ഗ്രാമങ്ങളിലേക്കും ലഹരിയുടെ വ്യാപനം ശക്തമായിത്തന്നെ കടന്ന് വന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ​ഗ്രാമങ്ങളിലേക്കും തൂഫാൻ വ്യാപിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ജനജാ​ഗ്രതാ സമിതികൾ വഴി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുകയാണ്.

തൂഫാൻ ജനജാ​ഗ്രതാ സമിതിയുടെ ഉദ്ഘാടനം ഈ മാസം 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. ജനപ്രതിനിധികളോടൊപ്പം കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമ സേന, വിവിധ യുവജന സംഘടനകൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് തൂഫാൻ ജനജാ​ഗ്രത സമിതികൾ രൂപീകരിക്കാനാണ് പദ്ധതി.

16 ​ഉ​ദ്യോ​ഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക തൂഫാൻ ടീമിനെ രൂപീകരിക്കും. ഡിവെെഎസ്പിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാവും ഈ ടീമിന്റെ പ്രവർത്തനം നടക്കുക. വിവര ശേഖരണം, കണ്ടെത്തൽ, അന്വേഷണസഹായം, ബോധവത്കരണം എന്നിങ്ങനെ നാല് വിഭാ​ഗങ്ങളിലായാവും ഈ ടീമിന്റെ പ്രവർത്തനം നടക്കുക. റെയിൽവേ റൂട്ടുകളിലും ചെക്ക് പോസ്റ്റുകളിലും തീരദേശങ്ങളിലുമടക്കം പ്രധാനപ്പെട്ട എല്ലാ ലഹരി കടത്തൽ മേഖലകളിലും തൂഫാൻ പരിശോധന ശക്തമാക്കാനാണ് നീക്കം.

20 ലക്ഷത്തിലധികം തൂഫാൻ വാരിയേഴ്സിനെ അണിനിരത്താനാണ് ആലോചിക്കുന്നത്. തൊഴിലിടങ്ങളിലെ ലഹരി ഉപയോ​ഗം തടയാൻ തൂഫാൻ ഷീൽഡ് എന്ന പേരിൽ മയക്കുമരുന്ന് ഉപയോ​ഗം തടയൽ നയം നടപ്പിലാക്കും. ലഹരിക്കേസിലെ പ്രധാന കുറ്റവാളികളുടെ വിവരശേഖരണം നടത്തും. സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള സെെബർ ലഹരി കടത്തിന് തടയിടാനുള്ള പദ്ധതികൾ അയൽ സംസ്ഥാനങ്ങളിലെ പോലീസുമായി ചേർന്ന് നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here