ഇന്ത്യൻ നിർമ്മാണ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ യാത്രക്കാർക്കായി അത്യാധുനിക ഇലക്ട്രിക് ട്രെയിനുകൾ ഇനി നിർമ്മിച്ച് നൽകുന്നത് ഇന്ത്യയാണ്.
ആഗോള റെയിൽവേ നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ആൽസ്റ്റോം (Alstom), ന്യൂസിലാൻഡിനായി 18 അത്യാധുനിക ബാറ്ററി-ഇലക്ട്രിക് കമ്മ്യൂട്ടർ ട്രെയിനുകൾ ഗുജറാത്തിലെ സാവ്‌ലിയിലുള്ള പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ഏകദേശം 538 ദശലക്ഷം യൂറോ (ഏകദേശം 4,800 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള വൻ കരാറാണിത്. ഓരോ ട്രെയിനിലും അഞ്ച് കോച്ചുകൾ വീതമാണുണ്ടാകുക.
പരിസ്ഥിതി സൗഹൃദമായ റീജിയണൽ യാത്രകൾക്കായി ബാറ്ററി കരുത്തിൽ ഓടുന്ന ഈ ട്രെയിനുകളുടെ നിർമ്മാണത്തിനൊപ്പം മറ്റൊരു സുപ്രധാന പങ്കാളിത്തം കൂടിയുണ്ട്. അടുത്ത 35 വർഷത്തേക്ക് ഈ ട്രെയിനുകളുടെ അറ്റകുറ്റപ്പണികളും പരിപാലനവും ന്യൂസിലാൻഡിൽ വെച്ച് നിർവ്വഹിക്കുന്ന കരാറും ഇതിന്റെ ഭാഗമാണ്.
നേരത്തെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും റെയിൽവേ പദ്ധതികൾക്കായി ട്രെയിനുകൾ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ വികസിത രാജ്യമായ ന്യൂസിലാൻഡിലേക്ക് അത്യാധുനിക ഹരിത റെയിൽ സാങ്കേതികവിദ്യ കയറ്റി അയക്കാൻ തിരഞ്ഞെടുക്കപ്പെട്ടത് ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ വലിയൊരു വിജയമാണ്. ലോകോത്തര റെയിൽവേ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുന്ന ഈ മുന്നേറ്റത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?








