ഏഷ്യൻ കായിക മാമാങ്കത്തിന് നാളെ ജപ്പാനിലെ ഐച്ചി-നാഗോയയിൽ തിരിതെളിയും. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരങ്ങളിൽ 45 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ 43 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് 499 കായികതാരങ്ങൾ പങ്കെടുക്കും. 36 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന ഇന്ത്യൻ സംഘത്തിൽ 267 പുരുഷ താരങ്ങളും 232 വനിതാ താരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ 28 സ്വർണ്ണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകൾ വാരിക്കൂട്ടി ചരിത്രം കുറിച്ച ഇന്ത്യ, ഇത്തവണ കൂടുതൽ വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് ജപ്പാനിലേക്ക് വണ്ടി കയറിയത്.
ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത് അത്‌ലറ്റിക്‌സ് വിഭാഗത്തിലാണ് (74 താരങ്ങൾ). ടീം ഇനങ്ങളായ ഫീൽഡ് ഹോക്കി (40), ക്രിക്കറ്റ് (30), കബഡി (24) എന്നിവയ്ക്ക് പുറമെ ഷൂട്ടിംഗിലും 30 അംഗ സംഘം ഇന്ത്യയ്ക്കായി അണിനിരക്കുന്നുണ്ട്.
കേരളത്തിന്‍റെ മെഡൽ പ്രതീക്ഷകൾ
ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സില്‍ എക്കാലത്തും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുള്ള കേരളത്തിന്‍റെ കായികതാരങ്ങൾ ഇത്തവണയും വൻ പ്രതീക്ഷകളുമായാണ് നാഗോയയിലേക്ക് തിരിക്കുന്നത്. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ഇവരിൽ അഞ്ചിലധികം താരങ്ങൾ ഇന്ത്യയ്ക്കായി മെഡൽ നേടുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
അത്‌ലറ്റിക്‌സ്
മലയാളി സാന്നിധ്യം കൊണ്ട് എക്കാലത്തും സമ്പന്നമായ അത്‌ലറ്റിക്‌സ് നിരയിൽ ഇത്തവണയും വൻ മെഡൽ പ്രതീക്ഷകളാണുള്ളത്.
- മുരളി ശ്രീശങ്കർ (പുരുഷന്മാരുടെ ലോംഗ് ജമ്പ്)
- ആൻസി സോജൻ എടപ്പള്ളി (വനിതകളുടെ ലോംഗ് ജമ്പ്)
- മുഹമ്മദ് അഫ്‌സല്‍ പുളിക്കലകത്ത് (പുരുഷന്മാരുടെ 800 മീറ്റർ)
- കാർത്തിക് ഉണ്ണികൃഷ്‌ണന്‍ (പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ്)
- അനു രാഘവൻ (വനിതകളുടെ 400 മീറ്റർ ഹർഡിൽസ്)
- അൻസ ബാബു (വനിതകളുടെ 4×400 മീറ്റർ റിലേ, മിക്സഡ് 4×400 മീറ്റർ റിലേ)
- മനു തെക്കിനാലിൽ സജി (പുരുഷന്മാരുടെ 4×400 മീറ്റർ റിലേ, മിക്സഡ് 4×400 മീറ്റർ റിലേ)
- മുഹമ്മദ് അഷ്‌ഫാഖ് (പുരുഷന്മാരുടെ 4×400 മീറ്റർ റിലേ)
- തൗഫീഖ് നൗഷാദ് (പുരുഷന്മാരുടെ ഡെക്കാത്‌ലൺ)
- അനാമിക കൊഴിഞ്ഞമ്പാറമ്പിൽ അനീഷ് (വനിതകളുടെ ഹെപ്റ്റാത്‌ലൺ)
- കൃഷ്‌ണ ജയശങ്കർ മേനോൻ (വനിതകളുടെ ഷോട്ട് പുട്ട്)
ബാഡ്‌മിന്‍റണ്‍
ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ ടീമിന്‍റെ കുതിപ്പിൽ നിർണ്ണായക പങ്കുവഹിക്കാൻ മൂന്ന് മലയാളി താരങ്ങൾ കോർട്ടിലിറങ്ങും.
- എച്ച്. എസ്. പ്രണോയ് (പുരുഷ ടീം)
- ട്രീസ ജോളി (വനിതാ ഡബിൾസ്, വനിതാ ടീം)
- എം. ആർ. അർജുൻ (പുരുഷ ഡബിൾസ്, പുരുഷ ടീം)
ക്രിക്കറ്റ്: സഞ്ജു സാംസൺ
ടി20 ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്‍റെ പ്രധാന കരുത്തായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ അണിനിരക്കും. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ കൗമാര താരം വൈഭവ് സൂര്യവംശിയും ഉൾപ്പെട്ടിട്ടുണ്ട്.
കാനോയിംഗ് & റോവിംഗ്
- പ്രസന്ന കുമാർ (കാനോ സ്പ്രിന്‍റ് – മിക്‌സഡ് കയാക് ഡബിൾ 500 മീറ്റർ, പുരുഷ കയാക് ഡബിൾ 500 മീറ്റർ)
- പാർവതി ഗീത (കാനോ സ്പ്രിന്‍റ് – മിക്‌സഡ് കയാക് ഡബിൾ 500 മീറ്റർ, വനിതാ കയാക് ഫോർ 500 മീറ്റർ)
- മേഘ പ്രദീപ് (കാനോ സ്പ്രിന്‍റ് – മിക്‌സഡ് കാനോ ഡബിൾ 500 മീറ്റർ, വനിതാ കാനോ ഡബിൾ 500 മീറ്റർ)
- അലീന ആന്‍റോ (റോവിംഗ് – വനിതകളുടെ ഫോർ വിഭാഗം)
സെയിലിംഗ്
- മനു ഫ്രാൻസിസ് (പുരുഷന്മാരുടെ സ്‌കിഫ്)
- പ്രിൻസ് കുരിശിങ്കൽ നോബിൾ (പുരുഷന്മാരുടെ സ്‌കിഫ്)
ഷൂട്ടിംഗ് : വിദർശ വിനോദ്
റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയുടെ യുവ പ്രതീക്ഷയായ വിദർശ നാല് ഇനങ്ങളിലാണ് മത്സരിക്കുന്നത് (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ എയർ റൈഫിൾ ടീം, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം).
സ്വിമ്മിംഗ് : സജൻ പ്രകാശ്
ഇന്ത്യയുടെ ഒളിമ്പ്യൻ താരം സജൻ പ്രകാശ് പുരുഷന്മാരുടെ 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ മെഡൽ ലക്ഷ്യമിട്ട് കുളത്തിലിറങ്ങും.
വോളിബോൾ: ഇന്ത്യൻ പുരുഷ ടീമിൽ കരുത്തായി മൂന്ന് മലയാളി താരങ്ങളുണ്ട്.
- മുഹമ്മദ് നിഹാൽ ചാത്തംകുളങ്ങര
- ജോൺ ജോസഫ് ഈന്തുങ്കൽ ജോസഫ്
- ആനന്ദ് കൊറ്റാരത്തിൽ
ഒളിംപിക്‌സ് മെഡൽ ജേതാക്കൾ നയിക്കുന്ന ഇന്ത്യൻ നിര
പരിക്ക് മൂലം സൂപ്പർ താരം നീരജ് ചോപ്ര ടൂർണമെന്‍റില്‍ നിന്ന് പിന്മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണെങ്കിലും, അഞ്ച് ഒളിംപിക്‌സ് മെഡൽ ജേതാക്കളുടെ സാന്നിധ്യം ഇന്ത്യൻ സംഘത്തിന് കരുത്തേകുന്നു.
- പി.വി. സിന്ധു (ബാഡ്‌മിന്‍റണ്‍)
- മനു ഭാക്കർ (ഷൂട്ടിംഗ്)
- ലവ്‌ലിന ബോർഗോഹെയ്ൻ (ബോക്‌സിങ്)
- അമൻ സെഹ്‌രാവത് (ഗുസ്‌തി)
- മീരാഭായ് ചാനു (വെയ്റ്റ്‌ലിഫ്റ്റിംഗ്)
ക്രിക്കറ്റിൽ കിരീടം നിലനിർത്താൻ ഇന്ത്യ
ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ പുരുഷ-വനിതാ ടീമുകൾ കിരീടം നിലനിർത്താനായുള്ള പോരാട്ടത്തിനിറങ്ങും. പുരുഷ ടീമിനെ ശ്രേയസ് അയ്യർ നയിക്കുമ്പോൾ, കൗമാര വിസ്‌മയം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹർമൻപ്രീത് കൗറാണ് വനിതാ ടീമിന്‍റെ ക്യാപ്റ്റൻ.
ഒളിംപിക്‌സ് യോഗ്യതയ്ക്കായി ഹോക്കി ടീം
ലോസ് ആഞ്ചലസ് 2028 ഒളിംപിക്സിനുള്ള നേരിട്ടുള്ള യോഗ്യത ലക്ഷ്യമിട്ടാണ് ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുന്ന ഹോക്കി ടീമുകൾക്ക് ഒളിംപിക്‌സിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ സ്ക്വാഷിൽ ഒളിംപിക്‌സ് കോട്ട ലക്ഷ്യമിട്ട് അനഹത് സിംഗും ഇന്ത്യയ്ക്കായി കോർട്ടിലിറങ്ങുന്നുണ്ട്. കഴിഞ്ഞ തവണ മിക്‌സഡ് ഡബിൾസിലും വനിതാ ടീം ഇനത്തിലും അനഹത് വെങ്കലം നേടിയിരുന്നു.








