ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ സ്വർണം : 23-കാരിയായ ഹരിത

0
3

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വനിതാ താരമായി ചരിത്രം കുറിച്ച് യുവതാരം ഹരിത ഭദ്ര. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിൽ വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ സ്വർണം നേടിയാണ് 23-കാരിയായ ഹരിത ഈ നേട്ടം സ്വന്തമാക്കിയത്. 100 മീറ്റർ ഫൈനൽ 11.22 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം, 2021-ൽ ദ്യുതി ചന്ദ് സ്ഥാപിച്ച 11.17 സെക്കൻഡ് എന്ന ദേശീയ റെക്കോർഡിന് തൊട്ടരികിലെത്തിയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
​മഹാരാഷ്ട്രയിൽ ജനിച്ച ഹരിത, ജൂനിയർ തലങ്ങളിൽ നിന്ന് തുടങ്ങി കഠിനാധ്വാനത്തിലൂടെയാണ് ദേശീയ സീനിയർ തലത്തിലേക്ക് ഉയർന്നുവന്നത്. പരിക്കുകളും പ്രതിസന്ധികളും തരണം ചെയ്ത് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത. റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റിക്സ് പ്രോഗ്രാമിലൂടെ ലഭിച്ച വിദഗ്ധ പരിശീലനവും അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) പിന്തുണയുമാണ് കരിയറിൽ നിർണായക മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചത്.
​ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസ് ഫൈനലിലെ സ്വർണ്ണ നേട്ടത്തിന് പുറമെ, നാഷണൽ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ 23.14 സെക്കൻഡ് സമയം കുറിച്ച് താരം സ്വർണം നേടിയിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച 200 മീറ്റർ ഓട്ടക്കാരിൽ ഒൻപതാം സ്ഥാനത്തെത്താനും ഹരിതയ്ക്ക് സാധിച്ചു. കൂടാതെ വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റൽ ടൂറിൽ 100 മീറ്ററിൽ വെള്ളി മെഡലും സ്വന്തമാക്കി.
​ജപ്പാനിലെ നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 4×100 മീറ്റർ റിലേയിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഹരിത യോഗ്യത നേടിയിട്ടുണ്ട്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റിനൊരുങ്ങുന്ന ഈ യുവതാരം ഏഷ്യൻ ഗെയിംസ് പോഡിയവും ഭാവിയിൽ ദേശീയ റെക്കോർഡും ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here