ഗിരീഷ് എ.ഡി സംവിധാനത്തില് പിറന്ന ബെത്ലഹേം കുടുംബ യൂണിറ്റ് അഞ്ചാം വാരത്തിലും ആഗോള ബോക്സ് ഓഫിസില് കുതിക്കുന്നു. നിവിന് പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന് ആദ്യദിനം മുതല് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 28 ാം ദിവസത്തിലും 266 കേന്ദ്രങ്ങളിലായി നിറഞ്ഞ സദസില് വമ്പന് മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.
നിവിന് പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ നേട്ടവും സ്വന്തമാക്കികഴിഞ്ഞു.
ആഗോളതലത്തില് 314 കോടി രൂപയാണ് ഈ ദിവസത്തിനുള്ളില് ചിത്രം വാരിക്കൂട്ടിയാണ്. വിദേശ വിപണിയിലും വമ്പന് പ്രകടനമാണ് ചിത്രം നടത്തുന്നത് 136.20 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിലെ മൊത്തം കലക്ഷന് 177.72 കോടി രൂപയാണ്. നെറ്റ് കലക്ഷന് 152.29 കോടി രൂപയുമാണ്.
നിവിന് പോളിക്കൊപ്പം മമിത ബൈജുവാണ് നായികയായി എത്തുന്നത്. 100 കോടി കടന്ന അഞ്ചു ചിത്രങ്ങളാണ് മമിതയുടെ ക്രെഡിറ്റില് ഇതിനോടകമുള്ളത്. മാത്രമല്ല അതിവേഗം 200 കോടി കടക്കുന്ന മൂന്ന് ചിത്രങ്ങളും ഇതിനൊപ്പമുണ്ട്.
കല്യാണി പ്രിയദര്ശന് നായികയായി എത്തിയ ‘ലോക: ചാപ്റ്റർ 1’ സ്ഥാപിച്ചിരുന്ന റെക്കോർഡാണ് ഞൊടിയിടയില് ചിത്രം മറികടന്നത്. മലയാള സിനിമയുടെ ബോക്സ് ഓഫീസ് വളർച്ചയിൽ നിർണായകമായ നാഴികക്കല്ലായാണ് ചിത്രത്തിന്റെ ഈ നേട്ടത്തെ വിലയിരുത്തുന്നത്. റിലീസിന് പിന്നാലെ കേരളത്തിലും വിദേശ വിപണികളിലും മികച്ച പ്രതികരണം നേടാൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ വേഗത്തിലുള്ള മുന്നേറ്റത്തിന് പ്രധാന കാരണം.
പ്രത്യേകിച്ച് കേരളത്തിന് പുറത്തും വിദേശ വിപണികളിലും മലയാള സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത്തരം വലിയ ആഗോള കലക്ഷനുകൾക്ക് പിന്നിലെ പ്രധാന ഘടകം. താരമൂല്യം, കുടുംബ പ്രേക്ഷകരുടെ പിന്തുണ, സോഷ്യൽ മീഡിയയിലെ ചർച്ചകൾ, മികച്ച മൗത്ത് പബ്ലിസിറ്റി എന്നിവയും ചിത്രത്തിന്റെ ദീർഘമായ തിയേറ്റർ റണ്ണിന് സഹായകമായതായി വിലയിരുത്തപ്പെടുന്നു.
മുമ്പ് സൂപ്പർ ഹിറ്റായ ചിത്രങ്ങള്ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകൾ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ കാണാൻ അഞ്ചാം വാരത്തിലും തിയേറ്റര് ഹൗസ്ഫുള്ളായാണ് ചിത്രത്തിന്റെ പ്രദര്ശനം തുടരുന്നത്..
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
“നമ്മുടെ സംഗീത മാന്ത്രികൻ വിഷ്ണു വിജയ് ഉൾപ്പെട്ടാൽ ഫ്രെയിം ശരിക്കും പൂർണമാകുമായിരുന്നു. എല്ലാ സ്നേഹവും നിങ്ങൾക്ക് അയയ്ക്കുന്നു.”, എന്ന് സിനിമയുടെ വമ്പന് വിജയത്തിന് പിന്നാലെ ഭാവനാ സ്റ്റുഡിയോസ് ഇന്സ്റ്റഗ്രാമില് കുറിച്ച്. ഈ പോസ്റ്റ് നിവിന് പോളിയും ഗിരീഷ് എഡിയും അടക്കമുള്ളവര് പങ്കുവച്ചിട്ടുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അജ്മല് സാബുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയന്റെ സംഗീതവും ആകാശ് ജോസഫ് വര്ഗീസിനക്റെ എഡിറ്റിംഗും ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരും ഒരുപോെല ആസ്വദിക്കാന് കഴിയുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്.








