ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ സമാനമായ സാഹചര്യത്തിലേക്ക് കർണാടകയും. മഴ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കുടിവെള്ളത്തിനും വൈദ്യുതിക്കും ക്ഷാമം നേരിട്ടേക്കാമെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി. വരൾച്ചാ സാഹചര്യം നേരിടാൻ സർക്കാർ നടപടികൾ ശക്തമാക്കും. ഇതിനായി ജനങ്ങൾ മാനസികമായി തയ്യാറെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ താലൂക്കുകൾ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകൾക്കിടെ ആദ്യഘട്ടത്തിൽ 101 താലൂക്കുകളെ സംസ്ഥാന സർക്കാർ ഇതിനകം വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ഗണ്യമായി കുറഞ്ഞു. എന്നാൽ ജനപ്രതിനിധികൾ പരിഭ്രാന്തരാകേണ്ടതില്ല. ഈ സാഹചര്യം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. “സംസ്ഥാനത്ത് മഴ വളരെ കുറവാണ്. എന്നാൽ എംഎൽഎമാർ ആശങ്കപ്പെടേണ്ടതില്ല. ഈ ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധങ്ങൾ കൊണ്ട് കാര്യമില്ല. നിങ്ങളെക്കാൾ കൂടുതൽ ആശങ്ക സർക്കാരിനുണ്ട്. ചില വ്യക്തികളും പ്രതിപക്ഷ പാർട്ടികളും ഈ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ വരൾച്ചാ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ്. കേന്ദ്രത്തിന്റെ വിലയിരുത്തലിന് മുൻപായി കൃത്യമായ വിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ചില പ്രദേശങ്ങളിൽ പഠനങ്ങൾ പൂർത്തിയാകുകയും ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്തു. ബാക്കിയുള്ള പ്രദേശങ്ങളിലെ റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് കുറഞ്ഞ അളവിലെങ്കിലും മഴ ലഭിച്ചത്, അത് പ്രതീക്ഷിച്ചത്ര ആയില്ലെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.
കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെ വരൾച്ചയ്ക്കും വൈദ്യുതി പ്രതിസന്ധിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണെന്ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡികെ ശിവകുമാർ വ്യക്തമാക്കി. സാഹചര്യം മനസ്സിലാക്കി ജനങ്ങൾ മാനസികമായി തയാറെടുക്കണം. കുടിവെള്ള വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഇതിനായും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഈ ആഴ്ച മംഗളൂരുവിൽ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. കർഷകരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽ ഇത്തവണ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്ന സൂചനകളാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ഐടി നഗരമായ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് മഴയുടെ കുറവും വൈദ്യുതി പ്രതിസന്ധിയും.







