ശരീരത്തിൻ്റെ സ്വാഭാവിക ചലനങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് മുറിവുകൾ വേഗത്തിൽ ഉണക്കാൻ സഹായിക്കുന്ന സ്മാർട്ട് ബാൻഡേജ് വികസിപ്പിച്ച് ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കിയിലെയും മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജിയിലെയും (ഐഎൻഎസ്ടി) ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ത്രീഡി മിഡാസ് എന്നാണ് ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ഗവേഷകർ പേര് നൽകിയിരിക്കുന്നത്.
ബാറ്ററിയോ വയറുകളോ ആവശ്യമില്ല
ബാറ്ററിയോ വയറുകളോ മറ്റ് ബാഹ്യ ഊർജ സ്രോതസ്സുകളോ ഇല്ലാതെയാണ് ഈ ഇലക്ട്രോണിക് ബാൻഡേജ് പ്രവർത്തിക്കുന്നത്. ശരീരത്തിൻ്റെ ചലനങ്ങളിൽ നിന്നും വലിയലുകളിൽ നിന്നും ഉണ്ടാകുന്ന മെക്കാനിക്കൽ ഊർജത്തെ വൈദ്യുത ഉത്തേജനമാക്കി മാറ്റാൻ കഴിയുന്ന വഴക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. അതായത് ശരീരത്തിൻ്റെ സ്വന്തം ചലനങ്ങൾ തന്നെയാണ് ബാൻഡേജിന് ആവശ്യമായ ഊർജം നൽകുന്നത്.
സാധാരണയായി ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോൾ ചർമത്തിൻ്റെ സ്വാഭാവിക വൈദ്യുത സിഗ്നലിങ് സംവിധാനത്തെ അത് തടസ്സപ്പെടുത്തുകയും കോശങ്ങളുടെ അറ്റകുറ്റപ്പണികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ത്രീഡി മിഡാസ് വികസിപ്പിച്ചെടുത്തത്. പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവരിൽ മുറിവുകൾ ഉണങ്ങാൻ കാലതാമസം നേരിടുന്നത് വലിയൊരു ആരോഗ്യ പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ പുതിയ സ്മാർട്ട് ബാൻഡേജ് വലിയൊരു ആശ്വാസമായി മാറും.
മുറിവുകൾക്ക് വൈദ്യുത ഉത്തേജനം നൽകുന്നതിനൊപ്പം വായുസഞ്ചാരം സുഗമമാക്കാനും മുറിവിൽ നിന്നുള്ള സ്രവങ്ങൾ നിയന്ത്രിക്കാനും ഈ ബാൻഡേജിന് സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. കൂടാതെ ഇത് വളരെ എളുപ്പത്തിൽ വലിയുന്നതുമാണ്. ബാൻഡേജിൻ്റെ യഥാർഥ നീളത്തിൻ്റെ 800 ശതമാനത്തോളം വലിപ്പം വയ്ക്കാൻ ഇതിന് കഴിയും. അതിനാൽ ശരീരത്തിൻ്റെ ചലനങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ ഇതിന് സാധിക്കും.
നൂതന സാമഗ്രികളിലൂടെയും ഇൻ്റർ ഡിസിപ്ലിനറി ഗവേഷണങ്ങളിലൂടെയും ആരോഗ്യമേഖലയിലെ വലിയൊരു വെല്ലുവിളി പരിഹരിക്കാനുള്ള ശ്രമമാണ് ഈ ഗവേഷണമെന്ന് ഐഐടി റൂർക്കി ഡയറക്ടർ പ്രൊഫസർ കെ കെ പന്ത് വ്യക്തമാക്കി. ബാഹ്യ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന നിലവിലെ ഇലക്ട്രിക്കൽ അധിഷ്ഠിത മുറിവുണക്കൽ സംവിധാനങ്ങളുടെ പരിമിതികൾ മറികടക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ കൗശിക് പരിഡ വിശദീകരിച്ചു.
മികച്ച ഫലം നൽകി പരീക്ഷണങ്ങൾ
ലബോറട്ടറി പരിശോധനകളിൽ മികച്ച ഫലമാണ് ഈ ബാൻഡേജ് നൽകിയത്. സാധാരണ അവസ്ഥയെ അപേക്ഷിച്ച് മൂന്നിരട്ടി കോശവളർച്ചയും രണ്ടര ഇരട്ടി കോശങ്ങളുടെ ചലനവും ത്രീഡി മിഡാസ് ഉപയോഗിച്ചപ്പോൾ പ്രകടമായി. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ 13 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ 90 മുതൽ 95 ശതമാനം വരെ മുറിവുകൾ ഉണങ്ങിയതായി കണ്ടെത്തി. പുതിയ രക്തക്കുഴലുകളുടെ രൂപീകരണത്തിലും കൊളാജൻ നിക്ഷേപത്തിലും വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്രമായി സഞ്ചരിക്കുന്ന എലികളിലും ഗവേഷകർ ഈ ബാൻഡേജ് പരീക്ഷിച്ചു. ബാഹ്യമായ യാതൊരു മെക്കാനിക്കൽ ഉത്തേജനവും ഇല്ലാതെ തന്നെ സാധാരണ ശാരീരിക ചലനങ്ങളിൽ നിന്ന് ബാൻഡേജ് തുടർച്ചയായ വൈദ്യുത ഉത്പാദനം നടത്തി. 500 തവണ വലിച്ചുനീട്ടിയിട്ടും ഇതിൻ്റെ പ്രവർത്തനത്തിൽ മാറ്റമുണ്ടായില്ല. കൂടാതെ മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്ന സ്ഥിരതയും പരിശോധനകളിൽ തെളിഞ്ഞു.
നാനോ എനർജി എന്ന പ്രശസ്ത ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ മനുഷ്യരിൽ പ്രയോഗിക്കുന്നതിന് മുൻപ് ക്ലിനിക്കൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. വിദൂര ആരോഗ്യ പരിരക്ഷാ സേവനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കും മറ്റ് വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകൾക്കും ഭാവിയിൽ ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.






