തൃക്കരിപ്പൂരിൽ ഇത്തവണ അങ്കം മുറുകുന്നു,നായനാരുടെ തട്ടകം, പെൻഷൻ പിറന്ന മണ്ണ്;

0
50

കാസർകോട്: “സഖാവിന്‍റെ മണ്ഡലം തൃക്കരിപ്പൂർ മണ്ഡലമാണ്. അങ്ങനെ നാട്ടിലെത്തിയാൽ എന്നും തൃക്കരിപ്പൂരിൽ പോകാറുണ്ട്. മീറ്റിങ് കഴിഞ്ഞ് രാത്രി പത്തു പതിനൊന്നു മണിയാകും വീട്ടിലെത്താൻ. അന്നേരം ഞാൻ ഉറങ്ങുന്നുണ്ടാകും. അപ്പോൾ അടുത്ത് വന്നിട്ട് പറയും, നീ എന്തിനാ പത്തു മണിക്ക് കിടന്നുറങ്ങുന്നത്, നീ വന്നു കാണണം.എന്‍റെ മീറ്റിംഗിന് ഓരോ സ്ഥലത്തും അമ്മമ്മമാരും അമ്മാവൻമാരും വടിയും കുത്തിപ്പിടിച്ച് വരുന്നു, അവർ വന്ന് കെട്ടിപ്പിടിക്കും. പണ്ട് ഒളിവിൽ കഴിഞ്ഞ സ്ഥലമല്ലേ, അവിടുത്തെ കാരണവൻമാരല്ലേ വരുന്നത്.

അപ്പോൾ ഞാൻ തിരിച്ചുചോദിച്ചു, നിങ്ങളെ ഇങ്ങനെ അവർ സ്നേഹിക്കുമ്പോൾ അവർക്ക് നിങ്ങൾ എന്ത് കൊടുത്തു? നിങ്ങൾ എന്തെങ്കിലും ചായ കുടിക്കാൻ കൊടുക്കണ്ടേ? അപ്പോൾ പറഞ്ഞു, ഏയ് ഞാൻ എത്രപേർക്കാണ് കൊടുക്കുക! ഇതിൽ നിന്നും ഉടലെടുത്തതാണ് കാർഷിക പെൻഷൻ. പിന്നീടാണ് അതിനോട് അനുബന്ധിച്ച് പല പെൻഷനുകളും ഉണ്ടായത്,” കാർഷിക പെൻഷൻ വന്ന വഴിയെക്കുറിച്ച് വിശദീകരിച്ച് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചറുടെ വാക്കുകൾ.

സിപിഎമ്മിന്‍റെ ഉറച്ച കോട്ട

പതിറ്റാണ്ടുകൾക്കിപ്പുറവും തൃക്കരിപ്പൂർ ചുവന്നുനിൽക്കാൻ കാരണം ഇ.കെ. നായനാരും ഒ. ഭരതനും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അടിത്തറയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. തൃക്കരിപ്പൂരിലെത്തിയാൽ ചെങ്കൊടി പറക്കാത്ത ഗ്രാമങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെയാകും പതിറ്റാണ്ടുകളായി ഇവിടെ നിന്നും ഇടതുപക്ഷ സ്ഥാനാർഥികൾ നിയമസഭയിലേക്ക് എത്തുന്നതും. എന്നാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗ്രാമത്തെ അല്പം ആശങ്കയിലാക്കിയിട്ടുണ്ട്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 26,137 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇടതു സ്ഥാനാർഥി എം. രാജഗോപാൽ ജയിച്ചുകയറുമ്പോൾ ജില്ലയിലെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷമായിരുന്നു അത്. എന്നാൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. രാജ്‌മോഹൻ ഉണ്ണിത്താന് 10,448 വോട്ടിന്‍റെ ഭൂരിപക്ഷം കിട്ടി. ഇത് തൃക്കരിപ്പൂരിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം തിരിച്ചുപിടിച്ചെങ്കിലും അത് 6010 ആയി കുറഞ്ഞു.

തൃക്കരിപ്പൂർ ഏറ്റെടുത്ത് കോൺഗ്രസ്

കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് തൃക്കരിപ്പൂർ സീറ്റ് ഏറ്റെടുക്കുമ്പോൾ വ്യക്തമായ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സന്ദീപ് വാര്യരെ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ജില്ലാ കോൺഗ്രസ് നേതൃത്വം അല്പം ഇടഞ്ഞെങ്കിലും പ്രചാരണങ്ങളിൽ സജീവമായി. ഏറ്റവും ഒടുവിൽ സന്ദീപ് വാര്യരുടെ പ്രചാരണത്തിനായി ഷാഫി പറമ്പിൽ എത്തിയപ്പോൾ തൃക്കരിപ്പൂരിൽ വലിയ ആവേശം സൃഷ്ടിക്കാൻ യുഡിഎഫിന് കഴിഞ്ഞു.

ബിജെപിയിലായിരുന്നപ്പോഴും പിന്നീട് കോൺഗ്രസിൽ വന്നപ്പോഴും ടിവി ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായതിനാൽ സന്ദീപ് വാര്യരെ പ്രത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എൻഡിഎ സ്ഥാനാർഥി ട്വന്‍റി-20-യിലെ രവി കുളങ്ങരയും മണ്ഡലത്തിൽ നിന്നുള്ളയാളാണ്. എൻഡിഎയുടെ വോട്ട് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 10,961 ആയിരുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 17,085 ആയി ഉയർന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ 8,529 ആയി താഴ്ന്നു.

ചരിത്രം ഇങ്ങനെ

1977-ൽ മണ്ഡലം നിലവിൽ വന്നശേഷം ഇന്നുവരെ എൽഡിഎഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. യുഡിഎഫിൽ കോൺഗ്രസും ഇടയ്ക്കൊക്കെ കേരള കോൺഗ്രസും മത്സരിച്ചെങ്കിലും വിജയം കൈയെത്തിപ്പിടിക്കാനായില്ല. മണ്ഡലം നിലവിൽ വന്നശേഷമുള്ള ആദ്യ മത്സരം സിപിഎമ്മിലെ പി. കരുണാകരനും കേരള കോൺഗ്രസിലെ പി.ടി. ജോസും തമ്മിലായിരുന്നു. 6,120 വോട്ടിന് പി. കരുണാകരൻ ജയിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനായി കണ്ണൂർ ജില്ലക്കാരായ ഒ. ഭരതനും ഇ.കെ. നായനാരും, കാസർകോട് ജില്ലക്കാരായ കെ.പി. സതീഷ് ചന്ദ്രനും കെ. കുഞ്ഞിരാമനും എം. രാജഗോപാലനും വിജയക്കൊടി പാറിച്ചു.

എതിരാളികളായി കോൺഗ്രസിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും കെ. കുഞ്ഞികൃഷ്ണനും സോണി സെബാസ്റ്റ്യനും, കാസർകോട് ജില്ലക്കാരായ സി.കെ. ശ്രീധരനും കരിമ്പിൽ കൃഷ്ണനും എ.വി. വാമനകുമാറും കെ.വി. ഗംഗാധരനും മത്സരിച്ചു. കേരള കോൺഗ്രസ് സ്ഥാനാർഥികളായി കാസർകോട് ജില്ലക്കാരനായ കെ.ടി. മത്തായിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലക്കാരനായ എം.പി. ജോസഫും കളത്തിലിറങ്ങിയെങ്കിലും ഫലത്തിൽ മാറ്റമൊന്നുമുണ്ടായില്ല.

വോട്ടർമാർ

തൃക്കരിപ്പൂർ മണ്ഡലത്തിൽ നിലവിൽ 2,09,642 വോട്ടർമാരാണുള്ളത്. 1,01,826 പുരുഷന്മാരും 1,07,814 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുകളും. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ വി.പി. മുസ്‌തഫയാണ്. തൃക്കരിപ്പൂർ സ്വദേശിയായ അദ്ദേഹത്തിന് മണ്ഡലത്തിലെ മുക്കും മൂലയും പരിചിതമാണ്. മുമ്പും സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് അന്നൊക്കെ നഷ്ടമായ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. സന്ദീപ് വാര്യരും കളം നിറഞ്ഞ് രംഗത്തുണ്ട്. ഒപ്പം വോട്ട് ഉറപ്പിക്കാനായി എൻഡിഎ സ്ഥാനാർഥി ട്വന്‍റി-20-യിലെ രവി കുളങ്ങരയും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here