കുളിക്കുന്നതിനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്യാത്ത കിണർ വെള്ളം ഉപയോഗിക്കുന്നത് അമീബിക് മസ്തിഷ്കജ്വരം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് ഐസിഎംആർ. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ.
കേരളത്തിൽ അടുത്തിടെയുണ്ടായ മിക്ക കേസുകൾക്കും കാരണം തലച്ചോറിനെ കാർന്നുതിന്നുന്ന നെയ്ഗ്ലേരിയ ഫൗളേരി അമീബയല്ലെന്നും മറിച്ച് അകാന്തമീബയാണെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ നവംബർ 11 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്ത് ആകെ 159 അമീബിക് മസ്തിഷ്കജ്വര കേസുകൾ സ്ഥിരീകരിച്ചു.
ഇതിൽ 67 കേസുകളിൽ അകാന്തമീബ ഇനത്തിൽപ്പെട്ട അമീബയുടെ സാന്നിധ്യം റിയൽ ടൈം പിസിആർ പരിശോധനയിലൂടെ കണ്ടെത്തി. ഇത് ആകെ കേസുകളുടെ 42.1 ശതമാനം വരും. കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ നിന്നാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. കാലവർഷം, തുലാവർഷം എന്നീ സമയങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടത്.
രോഗസാധ്യത കൂട്ടുന്ന ഘടകങ്ങൾ
തോടുകൾ, കുളങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിൽ കുളിക്കുന്നതും നീന്തുന്നതും രോഗബാധയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. മുഖത്തോ മൂക്കിലോ ശസ്ത്രക്രിയ കഴിഞ്ഞവരും പരിക്കേറ്റവരും പിന്നീട് പ്രകൃതിദത്ത ജലാശയങ്ങളിൽ ഇറങ്ങുന്നത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.
ശരീരത്തിലെ വ്രണങ്ങളോ ത്വക്ക് രോഗങ്ങളോ ഇത്തരം ജലാശയങ്ങളിലെ വെള്ളത്തിൽ കഴുകുന്നത് വഴി അമീബ ശരീരത്തിനുള്ളിൽ കടക്കാൻ സാധ്യത കൂടുതലാണ്. രോഗവ്യാപനം തടയുന്നതിനായി ശുദ്ധജല ഉപയോഗത്തെക്കുറിച്ചും സുരക്ഷിതമായ കുളിക്കൽ രീതികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം നൽകേണ്ടതുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ജലസ്രോതസ്സുകളിൽ പതിവായി ക്ലോറിനേഷൻ നടത്തുന്നത് രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം നിർദേശിക്കുന്നു.
രോഗവും വ്യാപനവും
ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായ ലക്ഷണങ്ങളോടെ അതിവേഗം ഗുരുതരമാകുന്ന രോഗാവസ്ഥയാണിത്. അകാന്തമീബ, ബലാമുത്തിയ മൻഡ്രില്ലാരിസ്, സാപ്പീനിയ തുടങ്ങിയ അമീബകളാണ് രോഗം ഉണ്ടാക്കുന്നത്. തലച്ചോറിലെ കുരുക്കൾ, എൻസെഫലൈറ്റിസ് എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിൽ പ്രകടമാകുന്നത്. ലോകമെമ്പാടും 90 ശതമാനത്തിലധികം മരണനിരക്കുള്ള വളരെ അപകടകരമായ രോഗബാധകളാണിവ. മലിനമായ വെള്ളം മൂക്കിലൂടെ ഉള്ളിൽ കടക്കുമ്പോഴാണ് നെയ്ഗ്ലേരിയ ഫൗളറി ശരീരത്തിൽ പ്രവേശിക്കുന്നത്. ഇവ മൂക്കിലെ ശ്ലേഷ്മ സ്തരങ്ങൾ തുളച്ചുകയറി മണം തിരിച്ചറിയുന്ന ഞരമ്പുകൾ വഴി തലച്ചോറിലെത്തി നാശമുണ്ടാക്കുന്നു.
ചൂടുള്ള തടാകങ്ങൾ, നദികൾ, കുളങ്ങൾ എന്നിവയിൽ നീന്തുന്നതും മുങ്ങുന്നതുമാണ് പ്രധാന രോഗസാധ്യത. അപൂർവമായി ടാപ്പ് വെള്ളത്തിലൂടെയും ഇത് പകരാം. എന്നാൽ അകാന്തമീബ കണ്ണുകൾ, മൂക്ക്, അല്ലെങ്കിൽ ചർമ്മത്തിലെ മുറിവുകൾ എന്നിവയിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. കണ്ണുകളിലെ ബാധ കടുത്ത കെരാറ്റിറ്റിസിന് കാരണമാകുമ്പോൾ, ശ്വാസകോശത്തിലൂടെയോ ചർമ്മത്തിലെ മുറിവുകളിലൂടെയോ ഉള്ളിൽ കടക്കുന്നവ രക്തത്തിലൂടെ തലച്ചോറിലേക്ക് പടരുന്നു. മണ്ണ്, പൊടി, ശുദ്ധജല സ്രോതസ്സുകൾ എന്നിവയിൽ നിന്നാണ് രോഗബാധയുണ്ടാകുന്നത്.
കേരളത്തിലെ സ്ഥിതി
കേരളത്തിൽ 2016 മുതൽ 2024 വരെയുള്ള കാലയളവിൽ 45 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 15 പേർ മരിച്ചു. 33 ശതമാനമാണ് മരണനിരക്ക്. 2016 മുതൽ 2023 വരെ റിപ്പോർട്ട് ചെയ്ത ഏഴ് കേസുകളിൽ അഞ്ച് എണ്ണത്തിനും കാരണം നെയ്ഗ്ലേരിയ ഫൗളറി ആയിരുന്നു. എന്നാൽ 2024ൽ രോഗബാധയിൽ വലിയ വർധനവുണ്ടായി. റിപ്പോർട്ട് ചെയ്ത 38 കേസുകളിൽ എട്ട് മരണങ്ങൾ സംഭവിച്ചു. ഇതിൽ ഭൂരിഭാഗത്തിനും കാരണം അകാന്തമീബ ആയിരുന്നു.
കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ, രോഗനിർണയവും ചികിത്സയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പ് ഒരു ബഹുമുഖ കർമപദ്ധതിക്ക് രൂപം നൽകിയിരുന്നു. കേരളത്തിലെ അമീബിക് മസ്തിഷ്കജ്വര രോഗബാധയുടെ വ്യാപ്തിയും സവിശേഷതകളും സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പഠനം നടത്തിയത്.
റിപ്പോർട്ട് ചെയ്ത കേസുകളുടെ കാലയളവ്, സ്ഥലം, രോഗികളുടെ വിവരങ്ങൾ, ലാബ് പരിശോധനാ ഫലങ്ങൾ എന്നിവ വിശദമായി വിശകലനം ചെയ്യാൻ പുതിയ പഠനം ലക്ഷ്യമിടുന്നു. അകാന്തമീബ രോഗബാധ സ്ഥിരീകരിച്ച കേസുകളിൽ, രോഗികളുടെ വ്യക്തിഗത പെരുമാറ്റങ്ങളോ ശീലങ്ങളോ രോഗബാധയ്ക്ക് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഒരു കേസ് കൺട്രോൾ പഠനവും നടത്തുന്നുണ്ട്.






