കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നാളെ കോഴിക്കോടെത്തും. സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ അൻവർ ഇബ്രാഹിം സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ ഇന്ത്യാ പര്യടനത്തിൻ്റെ ഭാഗമായി രാജ്യത്തെത്തുന്ന അന്‍വർ ഇബ്രാഹിം, ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് കോഴിക്കോട് എത്തുക.
മര്‍കസ് സെന്‍ട്രല്‍ കാമ്പസിലാവും കാന്തപുരവുമായി മലേഷ്യന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുക. ഞായറാഴ്ച വൈകീട്ട് 6:30 ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം 7:30 മുതൽ രാത്രി 9:30 വരെ മർകസിൽ ഉണ്ടാകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യൻ പ്രധാനമന്ത്രിക്ക് മർകസിൽ നടക്കുന്ന ചടങ്ങിൽ കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാർ സമ്മാനിക്കും.
മര്‍കസ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന പ്രത്യേക പ്രാർഥന സംഗമത്തിലും വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷം മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും നടക്കും. തുടര്‍ന്ന് കാന്തപുരത്തിനൊപ്പം പ്രധാനമന്ത്രി മടവൂര്‍ സിഎം വലിയുല്ലാഹി മഖാം സന്ദര്‍ശിക്കും. അവിടെ 20 മിനിറ്റ് ചെലവഴിക്കും. രാത്രി 10 ന് താമസസ്ഥലത്തേക്ക് പോകും.
രണ്ടാം തവണയാണ് മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവും അനുബന്ധ പരിപാടികളും കണക്കിലെടുത്ത് മർക്കസ് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇന്ത്യൻ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്കുള്ള സുരക്ഷയുടെ സമാനരീതിയിലാകും അൻവർ ഇബ്രാഹിമിനുമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയെന്നാണ് റിപ്പോർട്ട്. ഇൻ്റഫലിജൻസ് എഡിജിപി ദിനേന്ദ്ര കശ്യപ് വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.
കോഴിക്കോട് നഗരത്തിലെയും മലപ്പുറത്തെയും ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാത്രി വരെ പോലീസിൻ്റെ പ്രത്യേക സുരക്ഷാപരിശോധനയുണ്ടാകും. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനപരിശോധനയും നടക്കും.









