ഇന്ന് ദേശീയ ബാലിക ദിനം,,

0
29

പെണ്‍കുഞ്ഞുങ്ങള്‍ക്കായി ധാരാളം പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും അവരുടെ സാമൂഹ്യനിലവാരം ഉയര്‍ത്തുന്നതില്‍ നമുക്ക് ഏറെയൊന്നും മുന്നോട്ട് പോകാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാക്കൊല്ലവും ജനുവരി 24 ദേശീയ ബാലികാദിനമായി നാം ആചരിച്ച് പോരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, സമത്വത്തിനുള്ള അവസരങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധമുണ്ടാക്കാനായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം സമൂഹത്തിലെ ലിംഗ വ്യത്യാസം ഇല്ലാതാക്കുകയെന്നതും ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. ദേശീയ നിര്‍മ്മിതിക്ക് പെണ്‍കുഞ്ഞുങ്ങള്‍ നല്‍കുന്ന സംഭാവനകളെ ആദരിക്കലും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.

2008ല്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയമാണ് ദേശീയ ബാലികാദിനാചരണത്തിന് തുടക്കം കുറിച്ചത്. ബേഠി ബച്ചാവോ ബേട്ടി പഠാവോ അഥവാ പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാം അവരെ പഠിപ്പിക്കാം എന്ന പദ്ധതിയ്ക്ക് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത് 2015ല്‍ ഈ ദിനത്തിലാണ് എന്നതും എടുത്ത് പറയേണ്ടതുണ്ട്. പെണ്‍കുഞ്ഞുങ്ങളുടെ ലിംഗാനുപാതത്തിലുണ്ടാകുന്ന വന്‍ ഇടിവ് പരിഹരിക്കുകയും അവരെ വിദ്യാഭ്യാസത്തിന്‍റെ പാതയിലേക്ക് എത്തിക്കുകയുമായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശ്യം. പെണ്‍കുഞ്ഞ് കേവലം ഒരു ഗുണഭോക്താവല്ല മറിച്ച് സാമൂഹ്യനിര്‍മ്മിതിയുടെ കരുത്താണ് എന്ന സന്ദേശമാണ് ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ഈ ദിനം എല്ലാക്കൊല്ലവും കൊണ്ടാടുമ്പോഴും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്ന രാജ്യമാണ് നമ്മുടേതെന്നത് ഏറെ ആശങ്കാകരമായ വസ്‌തുതയായി നിലനില്‍ക്കുന്നു. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്ന ഒരേയൊരു രാജ്യവും നമ്മുടേതാണ്. കുഞ്ഞുങ്ങളുടെ അതിജീവനത്തിലെ ലിംഗവ്യത്യാസം നിലവില്‍ ഇന്ത്യയില്‍ പതിനൊന്ന് ശതമാനമാണ്. 2013നും 2017നുമിടയില്‍ നമ്മുടെ രാജ്യത്ത് 460,000 പെണ്‍കുഞ്ഞുങ്ങള്‍ ജനന സമയത്ത് തന്നെ ഇല്ലാതായി.

പെണ്‍കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നിരവധി പദ്ധതികള്‍ നാം ആവിഷ്ക്കരിച്ച് നടപ്പാക്കുമ്പോഴും മുന്‍തലമുറയെക്കാള്‍ ധൈര്യം കുറഞ്ഞ ഒരു പെണ്‍ തലമുറയാണ് ഇപ്പോള്‍ വളര്‍ന്ന് വരുന്നത് എന്നത് ഏറെ ആശങ്കാജനകമായ കാര്യമാണെന്ന് കൗണ്‍സിലിങ് സൈക്കോളജിസ്റ്റായ കലാമോഹന്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡാനന്തര കാലത്തുണ്ടായ മൊബൈല്‍ ഫോണിന്‍റെ അമിതാശ്രിതത്വം മൂലം പല കാര്യങ്ങളും നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ പഠിക്കുന്നു. പക്ഷേ ഇത് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ച് അവര്‍ പലപ്പോഴും അജ്ഞരാണ്. മൊബൈലില്‍ ലഭ്യമാകുന്ന പലതിനെക്കുറിച്ചും ഇവരുടെ രക്ഷിതാക്കള്‍ക്കുള്ള അജ്ഞത കുട്ടികള്‍ മുതലെടുക്കാറുണ്ട്. ഇത് പലപ്പോഴും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇതില്‍ നിന്ന് ഒരു മോചനമുണ്ടാകണമെങ്കില്‍ ഈ വിഷയങ്ങളിലൂന്നി കാര്യക്ഷമമായ അവബോധം സൃഷ്‌ടിക്കാന്‍ സമൂഹത്തിന് സാധിക്കണം. ഇതിന് സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ തന്നെയാണ് ആവശ്യമെന്നും കല ചൂണ്ടിക്കാട്ടുന്നു.

കൗമാരക്കാരായ പെണ്‍കുഞ്ഞുങ്ങളുടെ ഇടയിലുണ്ടാകുന്ന ഗര്‍ഭഛിദ്ര കണക്കുകളും ആശങ്കകരമാണെന്ന് കലാമോഹന്‍ പറയുന്നു. ഇത് കുട്ടികളെ വൈകാരികമായും ആരോഗ്യകരമായുമുള്ള തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. ലഹരികളുടെ ഉപയോഗവും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അമിതമായി വര്‍ദ്ധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സാമൂഹ്യനിര്‍മ്മിതിക്ക് പെണ്‍കുഞ്ഞുങ്ങളുടെ ഫലപ്രദമായ പങ്കാളിത്തമുണ്ടാകണമെങ്കില്‍ ഇതില്‍ നിന്നെല്ലാമുള്ള ഒരു മോചനം ആവശ്യമാണ്.

ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍ പ്രകാരം നമ്മുടെ രാജ്യത്ത് പ്രതിദിനം നിയമവിരുദ്ധമായി 2000 പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നു. ഇത് നമ്മെ ജനസംഖ്യാപരമായ പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്നുറപ്പാണ്. യൂണിസെഫിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 27ശതമാനം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹിതരാകുന്നു. പതിനെട്ട് വയസിന് മുമ്പുള്ള വിവാഹം നിയമവിരുദ്ധമാണെങ്കിലും ഇതും ഇവിടെ കാറ്റില്‍പ്പറത്തുന്നു.

ദേശീയ കുറ്റകൃത്യ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം നമ്മുടെ സമൂഹത്തിലെ 57ശതമാനം പെണ്‍കുഞ്ഞുങ്ങളും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്.

രാജ്യത്ത് നാല്‍പ്പത് ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമില്ല. അത് കൊണ്ട് തന്നെ ഇവര്‍ക്ക് ജീവിതത്തില്‍ എങ്ങുമെത്താതെ പോകേണ്ടി വരുന്നു. വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാനാകാത്തതാണ് ഇവരെ അക്ഷരങ്ങളില്‍ നിന്ന് അകറ്റുന്നത്. സ്‌കോളര്‍ഷിപ്പുകളിലൂടെയും മറ്റും ഇവര്‍ക്ക് കൈത്താങ്ങാകാന്‍ സര്‍ക്കാരിനാകുമെങ്കിലും അതിനുമപ്പുറം അവരുടെ ആഗ്രഹങ്ങള്‍ക്കും കഴിവിനുമനുസരിച്ചുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് സഹായമായി ഏര്‍പ്പെടുത്തിയിട്ടുള്ള ചില സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് നമുക്ക് ഇത്തരുണത്തില്‍ അറിയാം.

എഐസിടിഇ പ്രഗതി സ്‌കോളര്‍ഷിപ്പ്

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ സമിതിയാണ് പ്രഗതി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി നല്‍കുന്ന സഹായമാണിത്. സാങ്കേതിക ഡിഗ്രിയോ ഡിപ്ലോമയോ നേടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഇത് ലഭ്യമാകുക. എല്ലാക്കൊല്ലവും അന്‍പതിനായിരം രൂപയാണ് ഇതിലൂടെ വിദ്യാര്‍ത്ഥിക്ക് കിട്ടുന്നത്. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി താത്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്.

ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള ബിരുദാനന്തരബിരുദ ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്

റെഗുലര്‍ കോഴ്‌സുകളില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായ ഒരു പെണ്‍കുട്ടി മാത്രമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. പരമാവധി മുപ്പത് വയസുവരെയാണ് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രവേശനം നേടുമ്പോഴുള്ള പ്രായപരിധിയാണിത്. രണ്ട് വര്‍ഷമായി മൊത്ത 36,200 രൂപ ഈ പദ്ധതിയിലൂടെ ലഭിക്കും.

ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് പദ്ധതി

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സിബിഎസ്‌ഇ)യാണ് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയാണിത്. സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രക്ഷിതാക്കളുടെ ഒരേയൊരു കുട്ടിയായിരിക്കുകയും ബോര്‍ഡ് പരീക്ഷയില്‍ എഴുപത് ശതമാനത്തിലധികം മാര്‍ക്ക് നേടുകയും ചെയ്‌തിരിക്കണം. പത്താം ക്ലാസിലെ ട്യൂഷന്‍ ഫീസ് പ്രതിമാസം 2500ല്‍ കൂടരുത്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ ഇത് മൂവായിരത്തിന് മുകളിലും ആകരുതെന്ന് നിബന്ധനയുണ്ട്.

ദേശീയ ബാലികാദിനം 2026;പ്രാധാന്യം

  • പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ആരോഗ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു
  • ലിംഗസമത്വവും സാമൂഹ്യ ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നു
  • പെണ്‍കുഞ്ഞുങ്ങളുടെ ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെക്കുറിച്ച് ബോധവത്ക്കരണം
  • വിവേചനപരമായ പെരുമാറ്റങ്ങളില്ലാക്കല്‍
  • പെണ്‍കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കൂട്ടായ പിന്തുണ നല്‍കല്‍

ദേശീയബാലികദിനത്തില്‍ പ്രചോദനമേകുന്ന ചില വാക്കുകള്‍ കൂടി

“ദേശീയനിര്‍മ്മിതിയില്‍ തുല്യവും ആദരണീയരുമായ പങ്കാളികളാക്കി സ്‌ത്രീകളെ നമുക്ക് ശാക്തീകരിക്കാം “

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

“സ്‌ത്രീകളെ ദുര്‍ബലര്‍ എന്ന് വിളിക്കുന്നത് അവരോട് കാട്ടുന്ന അനീതിയാണ്” –മഹാത്മാഗാന്ധി

“നിങ്ങള്‍ സ്‌ത്രീയാണെന്ന ഒറ്റക്കാരണത്താല്‍ നിങ്ങളെ ദുര്‍ബലരെന്ന് വിളിക്കാന്‍ ആരെയും അനുവദിക്കരുത്” മേരികോം

“സ്‌ത്രീകളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ഇന്ത്യയ്ക്ക് പുരോഗതിയിലേക്ക് കുതിക്കാനാകൂ”-അഭിജിത് നസ്‌കര്‍

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാകണം ഓരോ ജനുവരി 24ഉം.

LEAVE A REPLY

Please enter your comment!
Please enter your name here