കോട്ടയം: ഇന്ത്യയിൽനിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് ചരക്ക് കയറ്റുമതി ചെയ്യാൻ സൗകര്യമൊരുങ്ങിയതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള കോട്ടയം പോർട്ടിൽനിന്നുള്ള ആദ്യ കണ്ടെയ്‌നർ പുറപ്പെട്ടു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ വി ആർ വിജയകുമാർ ആദ്യ ചരക്കുനീക്കം ഫ്ലാഗ് ഓഫ് ചെയ്തു.
കോട്ടയത്തിൻ്റെ തനത് ഉത്പന്നമായ റബർ മാറ്റുകളാണ് കയറ്റുമതിക്കായി വിഴിഞ്ഞം തുറമുഖത്തേക്ക് അയച്ചത്. കാനഡയിലെ ടൊറൻ്റോ പോർട്ടിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്. കെ പി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസാണ് റബറിൽ നിർമിച്ച മാറ്റുകൾ കാനഡയിലേക്ക് അയക്കുന്നത്. കൊച്ചി പോർട്ടിൽനിന്ന് അയക്കുന്നതിനേക്കാൾ മൂവായിരം ഡോളർ കുറവാണ് വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിനെന്ന് കയറ്റുമതിക്കാർ വ്യക്തമാക്കി. മുംബൈ ആസ്ഥാനമായ ടീം വേൾഡ് ലോജിസ്റ്റിക്സാണ് ഫോർവേഡർ. കൊച്ചിയിലെ പ്രമുഖ കസ്റ്റംസ് ഹൗസ് ഏജൻ്റായ അഞ്ചേരിൽ ഏജൻസിസാണ് ക്ലിയറൻസ് കൈകാര്യം ചെയ്തത്.
ചെലവുകുറഞ്ഞ ചരക്കുനീക്കം
ചെലവ് കുറഞ്ഞ രീതിയിൽ കോട്ടയത്തെ കയറ്റുമതി ഇറക്കുമതിക്കാർക്ക് വിഴിഞ്ഞം വഴി സാധനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്ന് കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് പറഞ്ഞു. കേരളത്തിൽനിന്ന് മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽനിന്ന് പോലും വരും ദിവസങ്ങളിൽ കയറ്റുമതി ഇറക്കുമതി സേവനങ്ങൾക്കായി കോട്ടയം പോർട്ടിനെ സമീപിച്ചുതുടങ്ങിയെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു അറിയിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പോർട്ട് സൂപ്രണ്ട് റെജി, ഇൻസ്പെക്ടർ ടിറ്റിൽ മാത്യു എന്നിവർ പങ്കെടുത്തു.
വിഴിഞ്ഞം തുറക്കുന്ന സാധ്യതകൾ
മുൻപ് കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള ചരക്കുകൾ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി കൊളംബോയിൽ എത്തിച്ച ശേഷം അവിടെനിന്ന് ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ് ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. എന്നാൽ വിഴിഞ്ഞത്ത് കയറ്റുമതി സൗകര്യം എത്തിയതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന മദർ ഷിപ്പുകളിൽ നേരിട്ട് ചരക്കുകൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ സാധിക്കും.
രാജ്യത്തെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ കോട്ടയം ഉൾപ്പെടെയുള്ള ഉൾനാടൻ തുറമുഖങ്ങൾക്ക് വലിയ സാമ്പത്തിക കുതിച്ചുചാട്ടമാണ് ഉണ്ടാകുക. ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ഇൻലാൻഡ് വാട്ടർ പോർട്ടായ കോട്ടയം പോർട്ടിന് വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധം വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. റബർ ഉത്പന്നങ്ങൾക്ക് പുറമെ സുഗന്ധവ്യഞ്ജനങ്ങൾ, കയർ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും പുതിയ പാത സഹായകമാകും. സമയലാഭത്തിന് പുറമെ ചരക്കുകൂലിയിലുണ്ടാകുന്ന വലിയ കുറവ് ചെറുകിട വ്യവസായികൾക്കും ആശ്വാസമാണ്.
2026 ഓഗസ്റ്റ് 18നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം ആഗോള വാണിജ്യ ഭൂപടത്തിൽ ഇടംപിടിച്ചു. ഇതോടൊപ്പം സർക്കാർ പ്രഥമ ബജറ്റിലൂടെ പ്രഖ്യാപിച്ച മിഷൻ സമുദ്രയുടെ പ്രഖ്യാപനവും ചടങ്ങിലുണ്ടായിരുന്നു. തുറമുഖാധിഷ്ഠിത വ്യവസായ ലോജിസ്റ്റിക്സ് പദ്ധതിയാണ് മിഷൻ സമുദ്ര. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, കേരളത്തിൻ്റെ അറുനൂറ് കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീർക്കുന്ന പോർട്ട് സിറ്റി എന്ന കാഴ്ചപ്പാടാണ് മിഷൻ സമുദ്രയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.









