രാജ്യവിരുദ്ധ പോസ്റ്റിട്ടതിന്റെ പേരിൽ തൊടുപുഴയിൽ അറസ്റ്റിലായ മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമെന്ന് കണ്ടെത്തൽ.
പഹൽഗാം ആക്രമണത്തിൽ മരിച്ച രാമചന്ദ്രന്റെ മകൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്യന്തം മോശമായ രീതിയിൽ രാജ്യവിരുദ്ധ കമന്റ് ഇട്ടതിനാണ് ഇയാൾ പിടിയിലായത്. വിദേശത്തായിരുന്ന ഇയാൾ അവിടെ വെച്ചാണ് ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ തൊടുപുഴ മുട്ടം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. സനൂഫിന്റെ ഫോൺ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന്, ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ‘സിഗ്നൽ’ ആപ്പിൽ ഒരു രഹസ്യ ഗ്രൂപ്പ് ഉണ്ടാക്കിയതായി കണ്ടെത്തി.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സനൂഫിനെതിരെ പോലീസ് രണ്ട് യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
സിഗ്നൽ ആപ്പിലെ രഹസ്യ ഗ്രൂപ്പിൽ ഉത്തരേന്ത്യക്കാരിൽ നിന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. മുമ്പ് പല കേസുകളിലും പ്രതികളായവരും ഈ ഗ്രൂപ്പിലുണ്ട്. ഇവർ ചേർന്ന് ഒരു സംഘടന രൂപീകരിക്കുകയും അതിനൊരു ഭരണഘടന വരെ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ രഹസ്യ ഗ്രൂപ്പ് വഴി രാജ്യവിരുദ്ധ നീക്കങ്ങൾക്കും മറ്റ് ഗൂഢാലോചനകൾക്കും ഇവർ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
രണ്ടാമത്തെ യുഎപിഎ കേസിൽ സനൂഫിനെ കൂടാതെ മറ്റ് ആറ് പേർ കൂടി പ്രതികളാണ്. ഇവർ ആറ് പേരും ഉത്തരേന്ത്യക്കാരാണ്. ഈ ഗ്രൂപ്പിലുള്ളവർ രാജ്യത്തിനെതിരെ വൻ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (NIA) ഏറ്റെടുക്കാൻ സാധ്യത വർദ്ധിച്ചു.
വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്ന സനൂഫിന് അവിടെ നിന്ന് മറ്റ് സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ അന്വേഷിക്കും. ഈ കേസിൽ എൻഐഎയുടെ ഭാഗത്ത് നിന്ന് ഉടൻ തന്നെ നിർണായക നീക്കങ്ങൾ ഉണ്ടായേക്കും.









