കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർദ്ദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കായി പുതുക്കിയ സമഗ്ര മൊബിലിറ്റി പ്ലാൻ (സിഎംപി) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പ്രത്യേക മാറ്റങ്ങൾ വരുത്തുന്നതിനുള്ള സർക്കാരിന്റെ നിർദേശങ്ങൾക്കനുസൃതമായി മാറ്റം വരുത്തിയാണ് സിഎംപി സമർപ്പിച്ചത്. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ രേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി കെഎംആർഎൽ.
ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ രേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായും പുതുക്കിയ സിഎംപി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക വിലയിരുത്തലിലാണെന്ന് കെഎംആർഎൽ പ്രസ്താവനയിലൂടെ അറിയിച്ചു. പുതുക്കിയ സിഎംപി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ അധികൃതർ തള്ളുകയും ചെയ്തു.
നിർദിഷ്ട പദ്ധതിയുടെ സിഎംപി കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംപി പുതുക്കി സമർപ്പിക്കാൻ ഗതാഗതവകുപ്പ് കെഎംആർഎല്ലിന് നിർദേശം നൽകിയത്. പദ്ധതിക്ക് അനുമതി ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാകണമെങ്കിൽ കേന്ദ്ര നിയമപ്രകാരം സിഎംപി തയാറാക്കണം. 20 ലക്ഷം (2 ദശലക്ഷം) ജനസംഖ്യയുള്ള നഗരങ്ങൾക്കാണ് മെട്രോ റെയിൽ അനുവദിക്കുക. എന്നാൽ, തിരുവനന്തപുരത്തിനായി കെഎംആർഎൽ തയാറാക്കിയ സിഎംപിയിൽ ഇരുപത് ലക്ഷം എന്ന ജനസംഖ്യയില്ല. ഇതാണ് സിഎംപി പുതുക്കി സമർപ്പിക്കാൻ ഗതാഗതവകുപ്പ് നിർദേശം നൽകാൻ കാരണമായത്.
ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടിയ വീഴ്ച പരിഹരിക്കുന്നതിനായി കെഎംആർഎൽ ജനസംഖ്യ വിവരം പുതുക്കി നൽകുകയും അലൈൻമെന്റ് ഫ്രെയിംവർക്ക് പരിഷ്കരിക്കുകയും ചെയ്തു. നിർദിഷ്ട പദ്ധതിക്ക് ആവശ്യമായ ജനസംഖ്യാ ആവശ്യകത ഉറപ്പാക്കുന്നതിനായി സമീപത്തെ പഞ്ചായത്തുകളെയും സബർബൻ ഇടനാഴികളെയും ഉൾക്കൊള്ളുന്ന വിശാലമായ നഗര സംയോജന മാതൃക ഉൾപ്പെടുത്തി സിഎംപി പുതുക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിഎംപി സമർപ്പിക്കുന്നതിൽ കാലതാമസ്സം ഉണ്ടായെന്ന ആരോപണം കെഎംആർഎൽ നിഷേധിക്കുകയും പുതുക്കിയ രേഖ സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തലിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. പ്രാദേശികമായി അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ കേന്ദ്ര അനുമതിക്കും പദ്ധതിച്ചെലവ് വിഹിതത്തിനുമായി പദ്ധതി കേന്ദ്ര ഭവന – നഗരകാര്യ മന്ത്രാലയത്തിന് (MoHUA) അയയ്ക്കും.
മെട്രോ കടന്നുപോകേണ്ട അലൈൻമെൻ്റ്, മാസ് റാപ്പിഡ് ട്രാൻസിറ്റ് സാങ്കേതികവിദ്യകൾ, ജനസംഖ്യാ മാനദണ്ഡങ്ങൾ എന്നിവയിലുണ്ടായ ആശയക്കുഴപ്പം തിരുവനന്തപുരം മെട്രോ പദ്ധതിയുടെ വേഗം കുറച്ചു. നിർദിഷ്ട പദ്ധതിക്ക് അനുമതി ലഭിച്ചാൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹബ്ബുകൾ, സർക്കാർ ഓഫീസുകൾ, ടെക്നോപാർക്ക് പോലുള്ള വ്യാവസായിക കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ കനത്ത ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ പദ്ധതിക്ക് സാധിക്കും.








