ബാങ്കിങ് സേവന അപേക്ഷകളും എസ്എംഎസ് അറിയിപ്പുകളും പ്രാദേശിക ഭാഷയിലും ലഭ്യമാക്കണം; ഉത്തരവുമായി കോടതി

0
2

കൊച്ചി: ബാങ്കിങ് സേവന അപേക്ഷകളും എസ്എംഎസ് അറിയിപ്പുകളും പ്രാദേശിക ഭാഷയിലും ലഭ്യമാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി . മരണപ്പെട്ട നിക്ഷേപകരുടെ അവകാശികൾക്ക് നിക്ഷേപത്തുക ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമുകളും നിർദേശങ്ങളും മലയാളത്തിൽ ലഭ്യമാക്കണമെന്നും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട എസ്എംഎസ്. അറിയിപ്പുകൾ മലയാളത്തിൽ ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

ബാങ്ക് ഓഫ് ഇന്ത്യയുടെ കുറുപ്പംപടി ശാഖയ്ക്കും കലൂരിലെ സോണൽ ഓഫീസിനുമെതിരെ രായമംഗലം സ്വദേശിയും മുതിർന്ന പൗരനുമായ ഗോവിന്ദൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ പ്രസിഡൻ്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്.

മരണപ്പെട്ട ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ₹62,541 ലഭിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും ബാങ്ക് അധികൃതർ അനാവശ്യമായ കാലതാമസം വരുത്തുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

സാങ്കേതികവും സങ്കീർണവുമായ ബാങ്കിങ് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പ്രായമായ ഉപഭോക്താക്കൾക്ക് പ്രയാസമുണ്ടാകാം. റിസർവ് ബാങ്കിൻ്റെ നിർദേശങ്ങൾക്കനുസൃതമായി അപേക്ഷാ ഫോമുകളും അനുബന്ധ വിവരങ്ങളും മലയാളത്തിലും വ്യക്തമായി ലഭ്യമാക്കണമെന്ന് കോടതി വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി, ക്രെഡിറ്റ്/ഡെബിറ്റ് ഇടപാടുകളെക്കുറിച്ചുള്ള ഇലക്ട്രോണിക് സന്ദേശങ്ങൾ പ്രാദേശിക ഭാഷയിൽ ലഭിക്കുന്നതിനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചു.

ബാങ്കിങ് നടപടിക്രമങ്ങൾ അവകാശികളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റരുതെന്നും മുതിർന്ന പൗരന്മാർ ഉന്നയിക്കുന്ന പരാതികളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഈ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഉത്തരവിൻ്റെ പകർപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസിലേക്ക് അയച്ചുനൽകാൻ രജിസ്ട്രിയോട് കോടതി നിർദേശിച്ചു.

പരാതിക്കാരന് ആവശ്യപ്പെട്ട സേവനം നൽകുന്നതിലുണ്ടായ കാലതാമസത്തിനും അതുമൂലമുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരമായി ₹10,000 നഷ്ടപരിഹാരവും ₹5,000 നടപടിച്ചെലവും 45 ദിവസത്തിനകം നൽകാൻ ബാങ്ക് ഓഫ് ഇന്ത്യക്ക്‌ കോടതി ഉത്തരവ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here