മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ 37,000 കോടിയിലധികം രൂപയുടെ നിർദ്ദിഷ്ട ഐപിഒയ്ക്ക് അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിലെ എക്കാലത്തെയും വലിയ പൊതു ഓഹരി വിൽപ്പനയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 28നാണ് സെബി ജിയോ പ്ലാറ്റ്‌ഫോംസിന് അന്തിമ അനുമതി നൽകിയത്. ജൂണിൽ കമ്പനി കരട് രേഖകൾ സമർപ്പിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഈ അംഗീകാരം ലഭിക്കുന്നത്.
ഏകദേശം 37,000 കോടി രൂപ ഇഷ്യൂ വലിപ്പമുള്ള ഇത്, നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,870 കോടി രൂപയുടെ റെക്കോർഡിനെ മറികടക്കും. എന്നാൽ ഇഷ്യൂവിന്റെ അന്തിമ തുകയും ഘടനയും ലോഞ്ച് ചെയ്യുന്ന സമയത്തെ വില നിർണയത്തെ ആശ്രയിച്ചിരിക്കും.
ജിയോ പ്ലാറ്റ്‌ഫോംസ് 27 കോടി വരെയുള്ള പുതിയ ഓഹരികളുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓഫർ ഫോർ സെയിൽ ഇതിൽ ഉൾപ്പെടുന്നില്ല. അതായത് നിലവിലുള്ള ഓഹരി ഉടമകൾ തങ്ങളുടെ ഓഹരികൾ ഈ ഐപിഒ വഴി വിറ്റഴിക്കില്ല.
ലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടം കുറയ്ക്കുക എന്നതാണ് ഈ ഇഷ്യൂവിന്റെ പ്രധാന ലക്ഷ്യം. ലഭിക്കുന്ന തുകയിൽ 27,500 കോടി രൂപ വരെ റിലയൻസ് ജിയോയുടെ തിരിച്ചടയ്ക്കാനുള്ള വായ്പകൾ തീർക്കാൻ ഉപയോഗിക്കും. ബാക്കി തുക മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം-ഡിജിറ്റൽ ബിസിനസുകളുടെ മാതൃകമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും ഇതിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ, ടെലികോം മേഖലയിലെ ബിസിനസ്സ് മൂല്യം ഉയർത്താനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കത്തിലെ നിർണായകമായ ഘട്ടമാണിത്. ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ലാറ്റ്‌ഫോംസിൽ റിലയൻസ് ഇൻഡസ്ട്രീസിന് 66.43 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മെറ്റാ പ്ലാറ്റ്‌ഫോംസിന് 9.98 ശതമാനവും ഗൂഗിളിന് 7.73 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (2.31%), കെകെആർ (2.31%), വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്‌സ് (2.31%), സിൽവർ ലേക്ക് (1.88%), മുബാദല (1.85%), ജനറൽ അറ്റ്‌ലാന്റിക് സിംഗപ്പൂർ (1.34%), അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (1.16%), ടിപിജി ക്യാപിറ്റൽ (0.93%) എന്നിവരാണ് മറ്റ് പ്രധാന നിക്ഷേപകർ.
മെറ്റാ, ഗൂഗിൾ തുടങ്ങി നിരവധി ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ജിയോ പ്ലാറ്റ്‌ഫോംസ് ശതകോടി ഡോളർ നിക്ഷേപം നേടിയിരുന്നു.
സെബിയുടെ അനുമതി ലഭിച്ചതോടെ, അന്തിമ ഇഷ്യൂ രേഖകൾ സമർപ്പിക്കുക, പ്രൈസ് ബാൻഡ് നിശ്ചയിക്കുക, ഐപിഒ തീയതികൾ പ്രഖ്യാപിക്കുക തുടങ്ങിയ അടുത്ത ഘട്ടങ്ങളിലേക്ക് കമ്പനിക്ക് കടക്കാം.









