കോഴിക്കോട്: കോഴിക്കോട്ടെ നിപയുടെ ഉറവിടം വവ്വാലിൽ നിന്നല്ലെന്ന് പരിശോധനാ റിപ്പോർട്ട്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലാണ് (NIHSAD) സാമ്പിളുകൾ പരിശോധിച്ചത്. ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ വീടിനും ഗോഡൗണിനും സമീപത്തുനിന്നും പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളിലും അവയുടെ വിസർജ്യങ്ങളിലും നിപ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രോഗബാധിതൻ്റെ വീടിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഗോഡൗൺ പരിസരത്തുനിന്നും പിടികൂടിയ വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയിലെല്ലാം ഫലം നെഗറ്റീവായിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതോടെ നിലവിലെ നിപ രോഗബാധയുടെ കൃത്യമായ ഉറവിടം എവിടെനിന്നാണെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിനും വനംവകുപ്പിനും ഇപ്പോഴും അവ്യക്തത തുടരുകയാണ്. നിലവിൽ നിപ ബാധിച്ച ഫറോക്ക് സ്വദേശിയായ 43കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള ആളുകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഇതുവരെ ആർക്കും രോഗബാധ കണ്ടെത്തിയിട്ടില്ല. വവ്വാലുകളുടെ സാമ്പിൾ നെഗറ്റീവ് ആയതുകൊണ്ട് വവ്വാലുകളെ ഉപദ്രവിക്കാനോ കൊന്നൊടുക്കാനോ ശ്രമിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം ശ്രമങ്ങൾ വവ്വാലുകളിൽ കൂടുതൽ സമ്മർദമുണ്ടാക്കാനും വൈറസ് കൂടുതൽ പുറന്തള്ളാനും കാരണമാകുമെന്ന് വിദഗ്ധരും വ്യക്തമാക്കി. വവ്വാലുകൾ കടിച്ചിട്ടതോ നിലത്തു വീണുകിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും തുടരണം.
2018 മുതൽ കേരളത്തിൽ നിപ സ്ഥിരീകരിച്ച സമയത്തൊക്കെ അതിന് ഉറവിടം വവ്വാലുകൾ ആയിരുന്നു. അതേസമയം പുതിയ സാഹചര്യത്തിൽ വവ്വാലുകളുടെ പരിശോധനാ റിപ്പോർട്ടും നെഗറ്റീവ് ആയതോടെ വിഷയത്തിൻ്റെ സങ്കീർണത വർധിക്കുകയാണ്. നേരത്തെയുള്ള കേസുകളിൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെ രോഗം പടർന്നു എന്നതിനെക്കുറിച്ചായിരുന്നു അവ്യക്തത. എന്നാൽ രോഗത്തിൻ്റെ ഉറവിടം തന്നെ ഇവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ പിടിപെടുന്നു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത കേസിലും വവ്വാലിൻ്റെ സാന്നിധ്യമുള്ള സ്ഥലത്ത് ഇദ്ദേഹം പോയിരുന്നു എന്ന് പറയപ്പെടുന്നു. അപ്പോൾ വവ്വാലിൻ്റെ ഉമിനീരിൽ നിന്നാണോ വിസർജ്യത്തിൽ നിന്നാണോ മറ്റെന്തെങ്കിലും വഴിയാണോ ഇദ്ദേഹത്തിലേക്ക് വൈറസ് എത്തിയത് എന്നതിനെക്കുറിച്ച് കണ്ടെത്തുക പ്രയാസമാണ്. ആ ഭാഗത്തുള്ള വവ്വാലുകളെ പരിശോധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
രോഗിയുടെ ശരീരത്തിലുള്ള വൈറസിൻ്റെ ജനിതക ഘടന തന്നെയാണ് ആ പ്രദേശത്തുള്ള വവ്വാലിലും കണ്ടെത്തിയതെങ്കിലാണ് രോഗം പിടിപെട്ടത് വവ്വാലിൽ നിന്നാണെന്ന് കണക്കാക്കുന്നത്. ഇതേ രീതി തന്നെയാണ് നേരത്തെ റിപ്പോർട്ട് ചെയ്ത സമയത്തെല്ലാം സ്വീകരിച്ചത്. വവ്വാലുകളെ പിടികൂടി സാമ്പിൾ പരിശോധിച്ച സമയത്ത് അത് വ്യക്തമായതാണ്.
ഏറ്റവും ഒടുവിൽ നിപ ബാധിച്ച 43കാരൻ സോപ്പ് ലായനി ഡീലറാണ്. ഇദ്ദേഹത്തിൻ്റെ അഴിഞ്ഞിലത്തിനടുത്ത് കാരാടുള്ള ഗോഡൗൺ വൃത്തിയാക്കാനായി മേയ് 24നാണ് ഇദ്ദേഹവും സുഹൃത്തും പോയത്. ഏറെ നാളായി അടഞ്ഞുകിടക്കുകയായിരുന്നു ഗോഡൗൺ. അപ്പോൾ ഒട്ടേറെ വവ്വാലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നെന്നും അവ പറന്നപ്പോൾ പൊടിപടലങ്ങൾ ഉയർന്നെന്നും രോഗബാധിതൻ പറഞ്ഞിരുന്നു.
അടഞ്ഞുകിടന്ന ഗോഡൗണിൽ വവ്വാലിൻ്റെ സാന്നിധ്യം ഏറെ നാളായി ഉണ്ടാകാം. വൈറസ് അടങ്ങിയ വിസർജ്യങ്ങൾ താഴെവീണ് പൊടിപടലങ്ങളിൽ ലയിച്ചിട്ടുമുണ്ടാകാം. ഈ പൊടിപടലങ്ങൾ ശ്വസിച്ചതിലൂടെ വൈറസ് ശരീരത്തിൽ എത്തിയതാകാനുള്ള സാധ്യതയും അന്ന് വിദഗ്ധർ അടക്കം തള്ളിക്കളഞ്ഞില്ല.
എന്നാൽ വൈറസ് മനുഷ്യശരീരത്തിൽ എത്തി ഒരാഴ്ചയോ അതിലേറെയോ ദിവസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കാണിക്കുക. അതിനുശേഷം ഉത്ഭവസ്ഥാനത്ത് പരിശോധന നടത്തിയാലും ശരിയായ ഫലം കിട്ടാൻ സാധ്യതയില്ല എന്ന് ഡോക്ടർ അനൂപ് അടക്കമുള്ള നിപ വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. അതേപോലെയാണ് വവ്വാലുകളിൽ നടത്തുന്ന പരിശോധനയും. എല്ലാ വവ്വാലുകളിലും ഒരേ സമയത്ത് നിപ വൈറസിൻ്റെ അതിപ്രസരണം ഉണ്ടാകില്ല എന്നതാണ് അതിൻ്റെ ഘടകം.







