മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇതാ ഓണം തൊട്ടരികിൽ എത്തിക്കഴിഞ്ഞു. ഓണസദ്യ ഗംഭീരമാക്കാൻ മലയാളി ആദ്യം ഓടുന്നത് പച്ചക്കറി മാർക്കറ്റുകളിലേക്കാണ്. എന്നാൽ, വിപണിയിലെ തിരക്ക് മുതലെടുത്ത് മാരകമായ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ചേർത്ത പച്ചക്കറികൾ വിപണിയിൽ സജീവമാകാൻ സാധ്യതയുണ്ട്.
പച്ചക്കറികളിലെ ഇത്തരം കൃത്രിമ മായങ്ങൾ വീട്ടിൽ വെച്ചുതന്നെ വളരെ എളുപ്പത്തിൽ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) ചില ലളിതമായ മാർഗനിർദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം….
പച്ചക്കറികളിലെ കൃത്രിമ പച്ചനിറം
വെണ്ടയ്ക്ക, പച്ചമുളക്, ചീര, പയർ, ഇലക്കറികള്‍ തുടങ്ങിയവയ്ക്ക് നല്ല ഫ്രഷ് പച്ചനിറം തോന്നിക്കാൻ തുണിമില്ലുകളിൽ ഉപയോഗിക്കുന്ന ‘മലാക്കൈറ്റ് ഗ്രീൻ’ എന്ന മാരക വിഷാംശമുള്ള ഡൈ ഉപയോഗിക്കാറുണ്ടെന്നും ഇത് ഇത് ക്യാൻസറിന് വരെ കാരണമാകാവുന്ന മാരക വിഷമാണെന്നും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
ഇത് എങ്ങനെ തിരിച്ചറിയാം?
ഒരു ചെറിയ കഷ്ണം പഞ്ഞി എടുത്ത് ലിക്വിഡ് പാരഫിനിൽ മുക്കുക. ഇത് ലഭ്യമല്ലെങ്കിൽ സാധാരണ വെളിച്ചെണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് പച്ചക്കറിയുടെ പുറംഭാഗത്ത് നന്നായി തിരുമ്മുക. പഞ്ഞിയുടെ നിറം മാറുന്നില്ലെങ്കിൽ പച്ചക്കറി സുരക്ഷിതമാണ്. എന്നാൽ പഞ്ഞിയിലേക്ക് പച്ചനിറം പടരുകയാണെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയിലെ കൃത്രിമ നിറം
കാരറ്റിനും മധുരക്കിഴങ്ങിനും നല്ല ചുവപ്പോ അല്ലെങ്കിൽ റോസ് നിറമോ നൽകാൻ ‘റോഡാമൈൻ ബി’ എന്ന രാസവസ്തു ഉപയോഗിക്കാറുണ്ട്.
ഇത് എങ്ങനെ തിരിച്ചറിയാം?
പഞ്ഞി കഷ്ണം വെള്ളത്തിലോ വെളിച്ചെണ്ണയിലോ മുക്കി കിഴങ്ങിൻ്റെയോ കാരറ്റിൻ്റെയോ പുറംഭാഗത്ത് നന്നായി തിരുമ്മുക. പഞ്ഞിയിൽ ചുവപ്പോ അല്ലെങ്കിൽ കടും റോസ് നിറമോ പറ്റിപ്പിടിക്കുകയാണെങ്കിൽ അതിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്.
ഉരുളക്കിഴങ്ങ്
പുതിയ ഉരുളക്കിഴങ്ങ് എന്ന വ്യാജേന വിൽക്കാൻ പഴയതും കേടായതുമായ കിഴങ്ങുകളിൽ മണ്ണും കളിമണ്ണും പുരട്ടി വിപണിയിലെത്തിക്കുന്നു.
തിരിച്ചറിയാനുള്ള വഴി
ഉരുളക്കിഴങ്ങ് വാങ്ങി കുറച്ചുസമയം വെള്ളത്തിൽ മുക്കിവെക്കുക. ശേഷം കൈകൊണ്ട് നന്നായി തിരുമ്മി കഴുകുക. പുറത്തെ കളിമണ്ണ് പാളി മാറി ഉള്ളിൽ കറുത്ത പാടുകളോ ചീഞ്ഞ ഭാഗങ്ങളോ കാണുകയാണെങ്കിൽ അത് കേടായ കിഴങ്ങാണെന്ന് മനസ്സിലാക്കാം.
ഓണക്കാലത്ത് പച്ചക്കറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ:
ഉപ്പുവെള്ളവും വിനാഗിരിയും
മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ പാകം ചെയ്യുന്നതിന് മുൻപ് അരമണിക്കൂർ ഉപ്പും മഞ്ഞൾപ്പൊടിയും അല്ലെങ്കിൽ വിനാഗിരിയും ചേർത്ത വെള്ളത്തിൽ മുക്കിവെക്കുക. ഇത് കീടനാശിനികളുടെ അവശിഷ്ടങ്ങൾ വലിയൊരു പരിധി വരെ നീക്കം ചെയ്യാൻ സഹായിക്കും.
അമിത തിളക്കം സൂക്ഷിക്കുക
അസ്വാഭാവികമായ തിളക്കമുള്ളതോ, അമിത വലിപ്പമുള്ളതോ, ഒരേ ആകൃതിയിലുള്ളതോ ആയ പച്ചക്കറികളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
നന്നായി കഴുകുക
ഇലക്കറികൾ ഒഴുക്കുള്ള വെള്ളത്തിൽ ഒന്നിലധികം തവണ കഴുകി മാത്രം ഉപയോഗിക്കുക.
കറിപ്പൊടികളിലെ മായം വീട്ടിൽ വെച്ച് എങ്ങനെ കണ്ടുപിടിക്കാം? FSSAI നിർദ്ദേശങ്ങൾ!
വിപണിയിൽ നിന്നും വാങ്ങുന്ന പാക്കറ്റ് പൊടികളിൽ അമിത നിറത്തിനും തൂക്കം കൂട്ടാനുമായി മാരകമായ രാസവസ്തുക്കളും ഇഷ്ടികപ്പൊടിയും മരപ്പൊടിയും വരെ ചേർക്കാറുണ്ടെന്നത് ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. ഇത്തരം കൃത്രിമത്വങ്ങൾ വളരെ ലളിതമായ പരീക്ഷണങ്ങളിലൂടെ വീട്ടിൽ വെച്ചുതന്നെ കണ്ടെത്താൻ FSSAI ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
മുളകുപൊടിയിലെ ഇഷ്ടികപ്പൊടിയും കൃത്രിമ നിറവും
മുളകുപൊടിക്ക് നല്ല കടും ചുവപ്പ് നിറം നൽകാൻ ‘സുഡാൻ റെഡ്’ എന്ന കൃത്രിമ ഡൈയും, തൂക്കം കൂട്ടാൻ ഇഷ്ടികപ്പൊടിയും ചേർക്കാറുണ്ട്.
ഇത് എങ്ങനെ തിരിച്ചറിയാം?
ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി തൂകിയിടുക. അത് ഇളക്കാതെ കുറച്ചുസമയം വെക്കുക. മുളകുപൊടിയിലെ മായം വെള്ളത്തിന് മുകളിൽ കടും ചുവപ്പ് നിറമായി പടരുകയാണെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ട്. ഇനി ഗ്ലാസിൻ്റെ അടിത്തട്ടിൽ തരിതരിപ്പായ അവശിഷ്ടങ്ങൾ അടിയുകയാണെങ്കിൽ അത് ഇഷ്ടികപ്പൊടിയോ മണലോ ആണെന്ന് ഉറപ്പിക്കാം.
മഞ്ഞൾപ്പൊടിയിലെ മാരക കെമിക്കലുകൾ
മഞ്ഞൾപ്പൊടിക്ക് നല്ല മഞ്ഞനിറം നൽകാൻ ‘മെറ്റാനിൽ യെല്ലോ’ എന്ന മാരകമായ കെമിക്കലും തൂക്കം കൂട്ടാൻ ചോക്ക് പൊടിയും ചേർക്കാറുണ്ട്.
ഇത് എങ്ങനെ തിരിച്ചറിയാം?
ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ശുദ്ധമായ മഞ്ഞൾപ്പൊടി ആണെങ്കിൽ അത് ഗ്ലാസ്സിന്റെ അടിയിൽ സാവധാനം അടിയുകയും വെള്ളത്തിന് നേർത്ത മഞ്ഞനിറം മാത്രമായിരിക്കുകയും ചെയ്യും. എന്നാൽ മായം ചേർത്തതാണെങ്കിൽ വെള്ളത്തിന് കടും മഞ്ഞനിറം വരികയും ചോക്ക് പൊടിയുടെ അവശിഷ്ടങ്ങൾ അടിയിൽ കാണുകയും ചെയ്യും.
മറ്റൊരു വഴി
മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയ ശേഷം അതിലേക്ക് കുറച്ച് തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുക. അത് ഉടനടി പിങ്ക് നിറമായി മാറുകയാണെങ്കിൽ അതിൽ മെറ്റാനിൽ യെല്ലോ ഉണ്ടെന്ന് മനസ്സിലാക്കാം.
മല്ലിപ്പൊടിയിലെ മരപ്പൊടി
മല്ലിപ്പൊടിയുടെ അളവ് കൂട്ടാൻ അതിൽ മരപ്പൊടിയും കുതിരച്ചാണകം ഉണക്കിപ്പൊടിച്ചതും വരെ ചേർക്കാറുണ്ടെന്നാണ് കണ്ടെത്തലുകൾ.
ഇത് എങ്ങനെ തിരിച്ചറിയാം?
ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് അതിന് മുകളിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി വിതറുക. ശുദ്ധമായ മല്ലിപ്പൊടി വെള്ളത്തിന്റെ അടിയിലേക്ക് താഴുകയും വെള്ളം തവിട്ടുനിറമാകുകയും ചെയ്യും. എന്നാൽ അതിൽ മരപ്പൊടിയോ മറ്റ് അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ അവ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കും.
കായപ്പൊടിയിലെ ചോക്ക് പൊടി
കായപ്പൊടിയിൽ വിദേശ പദാർത്ഥങ്ങളും ചോക്ക് പൊടിയും കല്ലിൻ്റെ പൊടിയും ചേർക്കാറുണ്ട്.
ഇത് എങ്ങനെ തിരിച്ചറിയാം?
അല്പം കായപ്പൊടി എടുത്ത് വെള്ളത്തിൽ കലക്കുക. കായപ്പൊടി പൂർണ്ണമായും വെള്ളത്തിൽ ലസിച്ച് പാൽനിറമാകുകയാണെങ്കിൽ അത് ശുദ്ധമാണ്. അടിയിൽ വെളുത്ത ചോക്ക് പൊടിയോ കല്ലിന്റെ തരികളോ അവശേഷിക്കുകയാണെങ്കിൽ അത് മായം ചേർത്തതാണ്.
മറ്റൊരു വഴി
ശുദ്ധമായ കായപ്പൊടിക്ക് കർപ്പൂരം പോലെ തീപിടിക്കും. അല്പം കായപ്പൊടി തീയിലേക്ക് ഇട്ടുനോക്കുമ്പോൾ അത് പ്രകാശത്തോടെ കത്തുകയാണെങ്കിൽ അത് ശുദ്ധമാണ്.
കുരുമുളകുപൊടിയിലെ പപ്പായക്കുരു
കുരുമുളകുപൊടിയിൽ ഉണങ്ങിയ പപ്പായക്കുരു പൊടിച്ചത് ചേർക്കുന്നത് വ്യാപകമാണ്.
ഇത് എങ്ങനെ തിരിച്ചറിയാം?
ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് അല്പം കുരുമുളകുപൊടി ഇടുക. ശുദ്ധമായ കുരുമുളകുപൊടി ഭാരമുള്ളതുകൊണ്ട് വെള്ളത്തിന്റെ അടിയിലേക്ക് താഴുന്നു. എന്നാൽ പപ്പായക്കുരുവിന്റെ പൊടിയോ കാമ്പുകളോ ആണെങ്കിൽ അവ വെള്ളത്തിന് മുകളിൽ ഒഴുകിനടക്കും.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:
ലോഗോകൾ ശ്രദ്ധിക്കുക
എപ്പോഴും FSSAI അംഗീകാരമുള്ള ലോഗോയും കൃത്യമായ ബാച്ച് നമ്പറും മാനുഫാക്ചറിങ് തീയതിയുമുള്ള വിശ്വസനീയമായ ബ്രാൻഡുകളുടെ പാക്കറ്റുകൾ മാത്രം വാങ്ങുക.
അമിത നിറം ഒഴിവാക്കുക
അസ്വാഭാവികമായ കടും നിറമുള്ള കറിപ്പൊടികൾ വാങ്ങാതിരിക്കുക.






