പല്ല് തേക്കുന്നതും പാട്ട് കേൾക്കുന്നതും ഹൃദയത്തെ സംരക്ഷിക്കുമോ?

0
46

ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിനും വ്യായാമത്തിനും പുറമെ ദിനചര്യകളിലെ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് വിദഗ്ധർ. വായുടെ ശുചിത്വം മുതൽ ഉറക്കത്തിൻ്റെ ഗുണനിലവാരം വരെയുള്ള ശീലങ്ങൾ ഹൃദയസംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മുംബൈ പൊവായ് എൽ എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. ഋഷികേശ് പാട്ടീൽ വ്യക്തമാക്കുന്നു.

വായയുടെ ശുചിത്വം

പല്ല് തേയ്ക്കുന്നതും ദന്തപരിചരണവുമെല്ലാം പല്ലുകളെ മാത്രമല്ല ഹൃദയത്തെയും സംരക്ഷിക്കും. വായുടെ ശുചിത്വമില്ലായ്മ മോണരോഗങ്ങൾക്ക് കാരണമാകും. ഇതുവഴി ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിക്കുകയും ശരീരത്തിൽ നീർക്കെട്ടിന് കാരണമാവുകയും ചെയ്യും. ഈ നീർക്കെട്ട് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

മോണയിലെ വേദനയും വീക്കവും രക്തസ്രാവവും വിട്ടുമാറാത്ത നീർക്കെട്ടിന് കാരണമാകുമെന്ന് സഹ്യാദ്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കാർഡിയോളജി ഡയറക്ടർ ഡോ. അഭിജിത് പാൽഷിക്കർ വിശദീകരിച്ചു. ധമനികളിൽ കൊഴുപ്പടിയുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇത് ഹൃദ്രോഗത്തിൻ്റെ നേരിട്ടുള്ള കാരണമല്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ അപകടസാധ്യത വർധിപ്പിക്കും.

സമ്മർദം കുറയ്ക്കാം

മണിക്കൂറുകൾ നീളുന്ന ധ്യാനമൊന്നും ഇതിനായി ആവശ്യമില്ല. അഞ്ചോ പത്തോ മിനിറ്റ് ദീർഘമായി ശ്വാസമെടുക്കുകയോ മനസ്സ് ശാന്തമാക്കുകയോ ചെയ്യാം. ഇത് മാനസിക സമ്മർദം കുറച്ച് ശരീരത്തിന് ശാന്തത നൽകും. നാഡീവ്യൂഹത്തെ നിയന്ത്രിക്കാനും കോർട്ടിസോൾ ഹോർമോണിൻ്റെ അളവ് കുറയ്ക്കാനും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും ഇത് സഹായിക്കും. ഇത്തരം ചെറിയ ഇടവേളകൾ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.

ഉറക്കവും സാമൂഹിക ബന്ധങ്ങളും

ആവശ്യത്തിന് സമയം ഉറങ്ങുന്നതിനൊപ്പം ഉറക്കത്തിൻ്റെ ഗുണനിലവാരവും പ്രധാനമാണ്. തടസ്സപ്പെടുന്നതോ സുഖകരമല്ലാത്തതോ ആയ ഉറക്കം മാനസിക സമ്മർദം വർധിപ്പിക്കും. ഉയർന്ന രക്തസമ്മർദം, നീർക്കെട്ട്, ഉപാപചയ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ എന്നിവയ്ക്കും ഇത് കാരണമാകും. സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങൾ ഹൃദ്രോഗ സാധ്യത വീണ്ടും വർധിപ്പിക്കുന്നു.

നല്ല സാമൂഹിക ബന്ധങ്ങൾ വൈകാരിക ആരോഗ്യത്തിനും ഹൃദയത്തിനും ഗുണകരമാണ്. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും ഹൃദ്രോഗത്തിനുള്ള കാരണങ്ങളായി കണക്കാക്കപ്പെടുന്നുണ്ട്. വിട്ടുമാറാത്ത ഏകാന്തത സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂട്ടുകയും രക്തസമ്മർദത്തിനും ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾക്കും കാരണമാവുകയും ചെയ്യും. കുറഞ്ഞ ആളുകളുമായെങ്കിലും നല്ല ബന്ധം പുലർത്തുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ജലാംശവും സംഗീതവും

രക്തചംക്രമണം മികച്ചതാക്കാൻ ധാരാളം വെള്ളം കുടിക്കണം. ശരീരത്തിൽ രക്തയോട്ടം സുഗമമാക്കാൻ ശരിയായ രീതിയിൽ ഇരിക്കാൻ ശ്രദ്ധിക്കണം. തുടർച്ചയായി സ്ക്രീനിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കാൻ ഇടവേളകൾ എടുക്കേണ്ടതുണ്ട്. സംഗീതം കേൾക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തിന് ശാന്തത നൽകുകയും ചെയ്യും.

ശാന്തമായ സംഗീതം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ദിവസവും കുറച്ചു സമയം സംഗീതം കേൾക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗമാണ്.

സമഗ്രമായ ജീവിതശൈലി

ഫാസ്റ്റ് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി നാരുകളടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാനും ഉപ്പും പഞ്ചസാരയും കുറയ്ക്കാനും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ഭക്ഷണവും വ്യായാമവും അടിസ്ഥാനപരമാണെങ്കിലും അവയെ മാത്രം ആശ്രയിക്കുന്നത് പൂർണമായ ഫലം നൽകില്ല.

ശരിയായ വിശ്രമം, ആവശ്യത്തിന് വെള്ളം കുടിക്കൽ, സാമൂഹിക ഇടപെടലുകൾ എന്നിവ വ്യായാമത്തിനൊപ്പം ചേരുമ്പോഴാണ് ഹൃദയാരോഗ്യം മികച്ചതാകുന്നത്. വ്യായാമത്തിനൊപ്പം ചിട്ടയായ ജീവിതശൈലിയും ഉൾപ്പെടുന്ന സമഗ്രമായ സമീപനമാണ് ഹൃദയത്തിൻ്റെ ആരോഗ്യത്തിന് അനിവാര്യമെന്ന് ഡോ. പാട്ടീൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here