തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സംരക്ഷിത മേഖലകളിൽ പ്രവേശന ഫീസ് ഇല്ലാതെ പ്രവേശിക്കാൻ അനുമതി. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ടുവരെയാണ് സംസ്ഥാനത്തെ സംരക്ഷിത മേഖലകളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഇല്ലാതെ പ്രവേശിക്കാൻ അനുമതിയുള്ളത്.
സംസ്ഥാനത്തെ ദേശീയോദ്യാനങ്ങൾ , കടുവാ സങ്കേതങ്ങൾ , വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് ഈ ഇളവ് ലഭിക്കുക. വന്യജീവി വാരാഘോഷം 2026ലെ മത്സരങ്ങളിൽ വിജയികളായവർക്കും അവരുടെ കുടുംബാംഗങ്ങളിൽ പരമാവധി അഞ്ച് പേർക്കും ഒക്ടോബർ എട്ട് മുതൽ ഒരു വർഷത്തേക്ക് സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
വന്യജീവി വാരാഘോഷ പ്രതിജ്ഞ അഞ്ചിന്
സംസ്ഥാനത്ത് ഒക്ടോബർ 2 മുതൽ ഒരാഴ്ച വന്യജീവി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 5 ഉച്ചയ്ക്ക് മുൻപ് സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർഥികളും വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ എടുക്കണമെന്ന് നിർദേശിച്ച് സർക്കാർ ഉത്തരവായി.
പ്രതിജ്ഞ:
“വന്യജീവി സംരക്ഷണം ഭരണഘടനാപരമായ എന്റെ മൗലിക കർത്തവ്യങ്ങളുടെ ഭാഗമാണെന്നും അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കും മാനവരാശിയ്ക്കും എതിരാണെന്നും ഞാൻ മനസിലാക്കുന്നു. വനം – വന്യജീവി സംരക്ഷണം എന്റെ കടമയായി തിരിച്ചറിഞ്ഞു പ്രവർത്തിക്കുമെന്നും വനം വന്യജീവി സംരക്ഷണം, സഹവർത്തിത്വം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.”






