ജാര്‍ഖണ്ഡില്‍ സമരം വിജയം; JSSC-CGL പരീക്ഷകള്‍ റദ്ദാക്കും,

0
5

റാഞ്ചി: റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാജ്യത്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെ ജെഎസ്‌എസ്‌സി, സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി ജാര്‍ഖണ്ഡ്. 2014 മുതൽ ടിഡിപിഎല്‍ കമ്പനി നടത്തിയ പരീക്ഷകള്‍ റദ്ദാക്കുന്നുവെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പ്രഖ്യാപനം.

“പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ-കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (JSSC-CGL) പരീക്ഷ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. ഔട്ട്‌സോഴ്‌സ് ചെയ്‌ത ഏജൻസിയായ ടിഎസ്‌ആര്‍ ഡാറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് (TDPL) നടത്തിയ എല്ലാ പരീക്ഷകളും അത് പ്രസിദ്ധീകരിച്ച ഫലങ്ങളും റദ്ദാക്കാനും ഞങ്ങൾ തീരുമാനിച്ചു” യോഗത്തിന് ശേഷം സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം റിക്രൂട്ട്‌മെന്‍റ് പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്‍റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്‌കാര സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ പ്രതിേഷധം ആളിക്കത്തുകയാണ്. അതുകൊണ്ട് തന്നെ ജെപിഎസ്‌സി-ജെഎസ്‌എസ്‌സി റിഫോംസ് മഞ്ചുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സുപ്രധാന തീരുമാനമെന്നും സോറന്‍ പറഞ്ഞു. അതേസമയം നിര്‍ണായകമായ പ്രഖ്യാപനത്തില്‍ വിദ്യാര്‍ഥികള്‍ സംതൃപ്‌തരാണെന്നും അവര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരീക്ഷ റദ്ദാക്കരുതെന്ന് ഒരു പക്ഷം: കടുത്ത പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്‍റെ നിര്‍ണായ തീരുമാനം. എന്നാല്‍ പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മറ്റൊരു കൂട്ടം സെക്രട്ടേറിയറ്റിന് മുന്നിലെത്തി. പരീക്ഷകളില്‍ വിജയിച്ചവരാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരീക്ഷ റദ്ദാക്കരുതെന്നും സര്‍ക്കാര്‍ തീരുമാനം ഏകദേശം 2,000 പേരെ തൊഴിൽ രഹിതരാക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

അതേസമയം പരീക്ഷകളില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് വിഷയത്തില്‍ നിയപരമായ സഹായം തേടാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാര്‍ പറഞ്ഞു.പാര്‍ട്ടി അവരോട് അനുകമ്പയുള്ളവരാണെന്ന് ജെഎംഎം വക്താവ് മനോജ് പാണ്ഡെയും അറിയിച്ചു. അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചെത്തിയവര്‍ ആവശ്യപ്പെട്ടു.

അഭിനന്ദിച്ച് സോനം വാങ്‌ചുക്ക്: സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക്ക് വിദ്യാര്‍ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ വീഡിയോ കോളിലൂടെ ബന്ധപ്പെടുകയും അഭിനന്ദിക്കുകയും ചെയ്‌തു. ‘സര്‍ക്കാരിന്‍റെ തീരുമാനം വന്‍ വിജയമെന്നും’ പറഞ്ഞു. ‘നിങ്ങള്‍ വിജയിച്ചു. സര്‍ക്കാരും വിജയിച്ചു. കാരണം സര്‍ക്കാരും നല്ലത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇത് എല്ലാവരുടെയും വിജയമാണ്. ഇന്ത്യയ്ക്കും ജനങ്ങൾക്കും ജാർഖണ്ഡിനും വേണ്ടിയുള്ള വിജയമാണ്’ സോനം വാങ്‌ചുക്ക് പറഞ്ഞു.

സിബിഐ അന്വേഷണം വേണം: പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രധാന ആവശ്യങ്ങളിലൊന്നായ സിബിഐ അന്വേഷണം സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

സർക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ഏഴാം റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായാണ് ഇത്തരം സംഭവവികാസങ്ങളെല്ലാം ഉണ്ടായത്. പ്രതിഷേധത്തിന് നേതത്വം നല്‍കിയ നേതാക്കളായ രവീന്ദ്ര പാസ്വാൻ, പിയൂഷ് കുമാർ സിങ്, രവീന്ദ്ര കുമാർ രവി എന്നിവരടങ്ങുന്ന വിദ്യാർഥി പ്രതിനിധി സംഘം സർക്കാർ പാനലുമായി കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതിഷേധക്കാരോട് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സോറൻ മറ്റ് മന്ത്രിമാരുമായി ചർച്ച നടത്തിയതിനാൽ യോഗം വൈകി.

ക്രമക്കേട് സംബന്ധിച്ച് മൂന്ന് ആഴ്‌ചയിലേറെയായി സമരം തുടരുകയാണ്, ആറ് ഉദ്യോഗാർഥികൾ നിരാഹാര സമരം തുടരുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ സമരം തുടരുമെന്ന് സദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിഷേധക്കാരിൽ ഒരാളായ രാഹുൽ ക്രാന്തി പറഞ്ഞു. പുതിയ ചർച്ചകൾ നടത്താനുള്ള സർക്കാരിന്‍റെ തീരുമാനം വിദ്യാർഥികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് സമരത്തില്‍ പങ്കെടുത്ത ഉമ്മെ ഹബീബ പറഞ്ഞു.

സിബിഐ അന്വേഷണത്തെ പിന്തുണച്ച് ബിജെപി: വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി സോറനോട് ആവശ്യപ്പെട്ടു. നിയമന പ്രക്രിയയിൽ ആത്മവിശ്വാസമുണ്ടെങ്കിൽ സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തുടർച്ചയായി നിഷ്ക്രിയത്വം നടത്തിയാൽ കൂടുതൽ യുവാക്കളെയും വിദ്യാർഥികളെയും തെരുവിലിറക്കാൻ സാധ്യതയുണ്ടെന്ന് മറാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here