വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ അടുത്ത മാസം പൂർത്തിയാകും: മന്ത്രി ജി.സുധാകരൻ

0
92

കൊച്ചി> വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഈ വര്‍ഷം നവംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം അടുത്ത വര്‍ഷം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മ്മാണം പൂര്‍ത്തിയായാലും മതിയായ പരിശോധനകള്‍ നടത്തിയതിനു ശേഷമേ ഇവ ഗതാഗതത്തിനായി തുറന്നു കൊടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

 

പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് 9 മാസം ആണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 

ഇതിന് ആവശ്യമായ പണം കൈവശമുണ്ടെന്ന് ഡിഎംആര്‍സിയും ഇ.ശ്രീധരനും അറിയിച്ചിട്ടുണ്ട്. മുന്‍ കരാറനുസരിച്ച്‌ പാലം പൊളിച്ചു പണിയുന്നതിനുള്ള മുഴുവന്‍ തുകയും പഴയ കരാറുകാരന്‍ നല്‍കേണ്ടതുണ്ട്. നിര്‍മ്മാണ കരാര്‍ കൊണ്ട് സംഭവിച്ച നഷ്ടം കരാറുകാരന്‍ തന്നെ നികത്തണം എന്നാണ് വ്യവസ്ഥ. സര്‍ക്കാരിന്‍്റെ പൊതു നിര്‍മ്മിതികള്‍ തടസ്സപ്പെടുത്താന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

പഴയ കരാറുകാരനെ രക്ഷിക്കുന്നതിനു വേണ്ടി ഏതാനും സ്വകാര്യ എന്‍ജിനീയര്‍മാര്‍ വാദം ഉന്നയിക്കുകയാണ്. സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ സേവനം കരാറുകാര്‍ക്ക് വേണ്ടിയാണ്; നാടിനു വേണ്ടിയല്ല. അവര്‍ നിര്‍ബന്ധിച്ചതിനാലാണ് പഴയ കരാറുകാരന്‍ ഹൈക്കോടതിയില്‍ കേസിനു പോയത്. കേസില്ലായിരുന്നുവെങ്കില്‍ ഈ സമയത്തിനുള്ളില്‍ പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നു. വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, അവരുടെ വൈദഗ്ദ്ധ്യം പണത്തിനു വേണ്ടി വിറ്റു തുലച്ചവരാണ്.

 

പാലാരിവട്ടം പാലത്തിന്‍്റെ നിര്‍മാണം തുടങ്ങിയത് 2014 ജൂണ്‍ ഒന്നിനാണ്. മുന്‍ സര്‍ക്കാരിന്‍്റെ കാലത്ത് മുപ്പത് മാസവും 

ഈ സര്‍ക്കാരിന്‍്റെ കാലത്ത് രണ്ടു മാസവും ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഈ സര്‍ക്കാരിന്‍്റെ കാലത്ത് മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുവരെ ഉണ്ടായ നിര്‍മ്മാണ രീതികളില്‍ നിന്ന് വേറിട്ട പലരീതികളും പാലാരിവട്ടം പാലത്തിന്‍്റെ നിര്‍മ്മാണത്തില്‍ അവലംബിച്ചു. 

 

മേല്‍നോട്ടം വഹിക്കുന്നതില്‍ കിറ്റ്കോ ഗുരുതരമായ വീഴ്ച വരുത്തി. പാലത്തിന്‍്റെ അപാകതകളെക്കുറിച്ച്‌ മദ്രാസ് ഐ ഐ ടി യും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതാണ്. 

ഇവയുടെ അടിസ്ഥാനത്തിലാണ് പാലം പുനര്‍നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും 

മന്ത്രി പറഞ്ഞു. 

 

എംഎല്‍എമാരായ എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ആര്‍ ബി ഡി സി കെ എം.ഡി ജാഫര്‍ മാലിക്, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, ഡിഎംആര്‍സി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി എന്നിവയുടെ പ്രതിനിധികള്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here