ന്യൂഡൽഹി: പ്രൈവറ്റ് ആശുപത്രികള്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം. ആശുപത്രിയുടെ മുറി നിരക്കുകൾ സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളെക്കാള്‍ കൂടാൻ പാടില്ലെന്ന് പാർലമെൻ്ററി കമ്മിറ്റി ശുപാർശ ചെയ്‌തു. കാൻസർ ഉൾപ്പെടെ ചികിത്സകളുടെ ചെലവ് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ നീക്കം. മെട്രോപൊളിറ്റൻ നഗരങ്ങളിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഈ മാനദണ്ഡം നിർബന്ധമാക്കണമെന്ന് പാനൽ നിർദ്ദേശിച്ചു.
രാജ്യത്തെ സ്വകാര്യ ആശുപത്രികൾ പല രീതിയിലാണ് മുറിവാടക ഈടാക്കുന്നതെന്ന് പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരേ മേഖലയിലുള്ള ആശുപത്രികളിൽ പോലും വ്യത്യസ്‌ത നിരക്കുകളാണ്. ഇക്കാര്യത്തിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളേക്കാൾ കൂടുതൽ മുറിവാടക ആശുപത്രികൾ ഈടാക്കാൻ പാടില്ലെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. മെട്രോപൊളിറ്റൻ നഗരങ്ങളിലെ ആശുപത്രികളിൽ ഇത് അടിന്തരമായി നടപ്പിലാക്കണം.
എന്നാൽ ഡോക്‌ടർ, നഴ്‌സിങ് ചാർജ്, ഭക്ഷണം, ലോൺഡ്രി തുടങ്ങിയ ചെലവുകൾ ആശുപത്രികൾക്ക് വേറെ ഈടാക്കാവുന്നതാണ്. രാജ്യത്തെ പല നഗരങ്ങളിലും ഹോട്ടൽ മുറികളേക്കാൾ വാടക ആശുപത്രികളിൽ ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും സമിതി പറയുന്നു.
കാൻസർ പോലുള്ള സങ്കീർണ്ണമായ രോഗങ്ങള്‍ക്ക് ചികിത്സാ പദ്ധതികൾ ആവശ്യമാണെന്നും ഇത് ശരാശരി പൗരന് താങ്ങാൻ കഴിയുന്നതാകണമെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സമഗ്രവും നിയമപരവുമായി മുൻകൂർ ചെലവിൻ്റെ എസ്റ്റിമേറ്റ് നൽകണമെന്നും നിയമപരമായ ഉത്തരവ് വേണമെന്നും പാനൽ നിർദ്ദേശിച്ചു. അതിനുപുറമെ, ആശുപത്രികൾ ‘സാമ്പത്തിക നാവിഗേറ്റർമാരെ’ നിയോഗിക്കണം, രോഗികളെയും അവരുടെ കുടുംബങ്ങളെയും ഈ എസ്റ്റിമേറ്റുകൾ ബോധിപ്പിക്കണം, ലഭ്യമായ ജീവകാരുണ്യ പിന്തുണ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
“ആശുപത്രി മുറി നിരക്കുകൾ ഏകീകൃതമല്ല. അടിസ്ഥാന സൗകര്യങ്ങൾ, സേവന നിലവാരങ്ങൾ, പ്രവർത്തന ചെലവുകൾ എന്നിവയിലെ വ്യത്യാസങ്ങൾ കാരണം പല ആശുപത്രികളിലും നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു ആശുപത്രിയുടെ മുറി നിരക്കുകൾ ആശുപത്രിയുടെ പരിസരത്തുള്ള ത്രീ-സ്റ്റാർ ഹോട്ടലുകളിൽ നിലവിലുള്ള ശരാശരി മുറി നിരക്കുകളെ കവിയരുത്. വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഈ മാനദണ്ഡം നിർബന്ധമായിരിക്കണം,” സമിതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളെ കൂടുതൽ ആശ്രയിക്കുന്നത് കുറയ്ക്കാൻ പൊതു മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്‌തു. സങ്കീർണവും നീണ്ടുനിൽക്കുന്നതുമായ ചികിത്സയ്ക്കു മുൻപ് ആശുപത്രികൾ രോഗിക്ക് ചികിത്സാ ചെലവിനെകുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ രോഗികൾക്ക് വലിയ ആശ്വാസമാകും.







