വ്യാജ പ്രചരണങ്ങൾ ഒഴിവാക്കുന്നതിനും നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം വ്യക്തമാക്കുന്നതിനുമായി, തർക്കത്തിലിരിക്കുന്ന എഫ്സിആർഎ ഭേദഗതി ബിൽ 31 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ 5 പ്രധാന കാരണങ്ങൾ ന്യൂസ്18-നോട് വെളിപ്പെടുത്തി വൃത്തങ്ങൾ.
മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിനങ്ങളിൽ ഒന്നായ ബുധനാഴ്ചയാണ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) അമൻഡ്മെന്റ് ബിൽ, 2026 ലോകസഭ ജെപിസിക്ക് വിട്ടത്. 2010-ലെ ആക്ടിൽ മാറ്റങ്ങൾ വരുത്തുന്നതിനായി 2026 മാർച്ച് 25നാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്താണ് എഫ്സിആർഎ ബിൽ വിവാദം?
ഇന്ത്യയിലെ സർക്കാർ ഇതര സംഘടനകളും അസോസിയേഷനുകളും കൈപ്പറ്റുന്ന വിദേശ സംഭാവനകളെ നിയന്ത്രിക്കുന്ന നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്താൻ നിർദേശിക്കുന്നതാണ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) അമൻഡ്മെന്റ് ബിൽ.എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ, തിരിച്ചുകൊടുക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു സംഘടനയുടെയും ആസ്തികളും വിദേശ ഫണ്ടുകളും ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും കൈമാറ്റം ചെയ്യാനും സർക്കാർ നിയമിക്കുന്ന “ഡെസിഗ്നേറ്റഡ് അതോറിറ്റി”ക്ക് ഈ ബിൽ അധികാരം നൽകുന്നു. ചില പ്രത്യേക ലംഘനങ്ങൾക്കുള്ള പരമാവധി തടവുശിക്ഷ 5 വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കുകയും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഇത് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടത്.
നിയമപരമായ നടപടിക്രമങ്ങളുടെയും നീതിന്യായ മേൽനോട്ടത്തിന്റെയും കുറവ് ബില്ലിലുണ്ടെന്നും, ഇത് ജീവകാരുണ്യ, വിദ്യാഭ്യാസ, ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ആസ്തികൾ അനാവശ്യമായി കണ്ടുകെട്ടുന്നതിലേക്ക് നയിച്ചേക്കാമെന്നും വിമർശകർ വാദിക്കുന്നു.
ബിൽ ജെപിസിക്ക് വിടാൻ കാരണം
1. രാഷ്ട്രീയമായ യോജിപ്പ്: ഇത്തരം ഒരു പ്രധാനപ്പെട്ട നിയമനിർമാണം വിപുലമായ രാഷ്ട്രീയ ഐക്യത്തോടെ വേണം പാസാക്കാൻ എന്ന് സർക്കാർ ആഗ്രഹിക്കുന്നു.
2. പോസിറ്റീവ് പ്രതികരണം: അനൗദ്യോഗിക ചർച്ചകളിൽ ഉടനീളം നിർദേശങ്ങളുമായി മുന്നോട്ട് വരാൻ വിവിധ സംഘടനകളും വ്യക്തികളും കാണിച്ച താല്പര്യം സർക്കാരിന് പ്രോത്സാഹനമായി. ബിൽ ജെപിസിക്ക് വിടുന്നത് ഈ നിർദേശങ്ങൾക്ക് ഔദ്യോഗിക പാർലമെന്ററി പ്ലാറ്റ്‌ഫോം നൽകും.
3. തെറ്റിദ്ധാരണകൾ തിരുത്താൻ: ബില്ലിനെക്കുറിച്ച് ചില കോണുകളിൽ നിന്ന് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട്. വിശദമായ പാർലമെന്ററി ചർച്ചകൾ ഇത്തരം ആശങ്കകൾ പരിഹരിക്കാനും വസ്തുതകൾ രേഖപ്പെടുത്താനും സഹായിക്കും.
4. കോൺഗ്രസിന്റെ പങ്കാളിത്തം: ജെപിസിയിൽ പങ്കെടുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സമ്മതിച്ചത് സർക്കാരിന് ആശ്വാസമായി. ഇത് കൂടുതൽ സമഗ്രമായ ചർച്ചകൾക്ക് വഴിതുറക്കും.5. ലക്ഷ്യം വ്യക്തമാക്കൽ: ഈ നിയമനിർമാണത്തിന് പിന്നിലെ യുക്തി ഔദ്യോഗികമായി വിശദീകരിക്കാൻ വിശാലമായ കൂടിയാലോചനകൾ സർക്കാരിനെ സഹായിക്കും. ഈ ബിൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടട്ടുള്ളതല്ലെന്നും, മറിച്ച് മൊത്തത്തിലുള്ള നിയന്ത്രണ ചട്ടക്കൂട് ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുകയാണ് ലക്ഷ്യം.









