ശബരിമലയിൽ വീണ്ടും സിനിമാ ഷൂട്ടിങിന് അനുമതി

0
35
ശബരിമലയിൽ വീണ്ടും സിനിമാ ഷൂട്ടിങിന് അനുമതി നൽകി ദേവസ്വം ബോർഡ്. കർശന ഉപാധികളോടെ തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നൽകിയത്. വിശ്വാസങ്ങളെ ഹനിക്കുന്നതോ ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം വരുത്തുന്നതോ ആയ രംഗങ്ങൾ ഉണ്ടാകരുതെന്ന കർശന ഉപാധിയോടെയാണ് ദേവസ്വം ബോർഡ് ചിത്രീകരണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഷൂട്ടിംഗിന് മുൻപ് സിനിമയുടെ തിരക്കഥ ദേവസ്വം ബോർഡിന് കാണിച്ചു നൽകണമെന്നും വ്യവസ്ഥയുണ്ട്. തൊടുപുഴയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമല സന്നിധാനത്ത് ഔദ്യോഗിക അനുമതിയോടെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇതിനു മുൻപ് 1986-ൽ പുറത്തിറങ്ങിയ ‘നമ്പിനോർ കെടുത്തവതില്ലെ…’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 1986 മാർച്ച് 8 മുതൽ 13 വരെയായിരുന്നു അന്നത്തെ ഷൂട്ടിംഗ് നടന്നത്. യുവതികളായ നടിമാരെ മലകയറ്റി പതിനെട്ടാംപടിക്കൽ നൃത്തം ചെയ്യിച്ചെന്നാരോപിച്ച് കായംകുളം സ്വദേശി വി. രാജേന്ദ്രൻ റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
നടിമാരായ ജയശ്രീ, സുധാ ചന്ദ്രൻ, അനു, വടിവുക്കരശി, മനോരമ, സംവിധായകൻ ശങ്കരൻ എന്നിവർക്കൊപ്പം അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. ഭാസ്കരൻ നായർ, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്ണൻ, ഹരിഹരയ്യർ എന്നിവരും കേസിലെ പ്രതികളായിരുന്നു. കോടതി പിന്നീട് പ്രതികൾക്ക് പിഴ വിധിക്കുകയും ചെയ്തിരുന്നു. സംവിധായകനിൽ നിന്ന് 7500 രൂപ ഈടാക്കിയാണ് അന്ന് ദേവസ്വം ബോർഡ് ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നത്.കഴിഞ്ഞ മകരവിളക്ക് കാലത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിംഗിന് ശ്രമിച്ചതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ‘നരിവേട്ട’ സിനിമയുടെ സംവിധായകൻ അനുരഞ്ജ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മകരവിളക്ക് ദൃശ്യങ്ങൾ പകർത്താൻ സന്നിധാനത്ത് അനുമതിയില്ലാതെ എത്തിയത്. ഇതിനെതിരെ വിജിലൻസ് അന്വേഷണവും നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രത്തിന് കർശന നിയന്ത്രണങ്ങളോടെ ദേവസ്വം ബോർഡ് അനുമതി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here