പ്രിയദർശിനി സൗജന്യയാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് മുസ്ലിം ലീ​ഗ് ഭരിക്കുന്ന പഞ്ചായത്ത്

0
46
പ്രിയദർശിനി സൗജന്യയാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരായ സ്ത്രീകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയവുമായി മലപ്പുറത്തെ മുസ്ലിം ലീ​ഗ് ഭരിക്കുന്ന പഞ്ചായത്ത്. മലപ്പുറത്തുള്ള ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് മെമ്പർ എം കെ കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്.
സാമ്പത്തികഭദ്രതയുള്ള സ്ത്രീകൾക്കല്ല, ഏറെ പ്രയാസം അനുഭവിക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യ യാത്രാ ആനുകൂല്യം മുൻഗണനാക്രമത്തിൽ നൽകുന്ന തരത്തിൽ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
സ്ഥിരവരുമാനവും വിവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ എൽഡിഎഫ് അം​ഗങ്ങൾ പ്രമേയത്തെ എതിർത്തു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറുന്നതിന്റെ ആദ്യപടിയാണ് ഇതെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാൽ, പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് ജീവനക്കാർ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണെന്ന് എം കെ കമറുദ്ദീൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here